Kerala

ചെങ്ങന്നൂരിലെ കനത്ത തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസിനും യുഡിഎഫിനും പല പാഠങ്ങളും ഉള്‍ക്കൊള്ളാനുണ്ട്; പ്രതികരണവുമായി വി.ടി ബൽറാം

കൊച്ചി: ചെങ്ങന്നൂരിലെ സിറ്റിംഗ് സീറ്റ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തിയ എൽഡിഎഫിനെയും സജി ചെറിയാനെയും അഭിനന്ദിച്ച് വിടി ബല്‍റാം. രാഷ്ട്രീയ സാഹചര്യങ്ങള്‍ പലതും അനുകൂലമായിട്ടും ചെങ്ങന്നൂര്‍ പോലൊരു മണ്ഡലത്തിലുണ്ടായ കനത്ത തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസിനും യുഡിഎഫിനും പല പാഠങ്ങളും സ്വാഭാവികമായിത്തന്നെ ഉള്‍ക്കൊള്ളാനുണ്ടെന്നും ബൽറാം പറയുകയുണ്ടായി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. വോട്ടുകളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ വോട്ട് യുഡിഎഫിന് നേടാന്‍ സാധിച്ചു എന്നതില്‍ ഡി വിജയകുമാറിനും ആശ്വസിക്കാമെന്നും ബൽറാം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ചെങ്ങന്നൂരിലെ സിറ്റിംഗ് സീറ്റ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തിയ എൽഡിഎഫിനും വിജയിയായ സജി ചെറിയാനും അഭിനന്ദനങ്ങൾ. ഈ ജനവിധിയെ എല്ലാ ബഹുമാനത്തോടും കൂടി ഉൾക്കൊള്ളുന്നു. വോട്ടുകളുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വർദ്ധനവ് നേടാൻ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ വോട്ട് യുഡിഎഫിന് നേടാൻ സാധിച്ചു എന്നതിൽ ഡി.വിജയകുമാറിനും ആശ്വസിക്കാം. ബിജെപിയുടെ വോട്ടിൽ ഗണ്യമായ കുറവുണ്ടായതിൽ സന്തോഷം.

രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലുമുണ്ടായ ഉപതെരഞ്ഞെടുപ്പുകളിൽ സംഘ് പരിവാറിന് കനത്ത തിരിച്ചടി നൽകി കോൺഗ്രസും മതേതര കക്ഷികളും മുന്നേറുന്നു എന്നത് പ്രത്യാശാജനകമായ കാഴ്ചയാണ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇത് ശുഭസൂചകമാണ്.

രാഷ്ട്രീയ സാഹചര്യങ്ങൾ പലതും അനുകൂലമായിട്ടും മെച്ചപ്പെട്ട സ്ഥാനാർത്ഥിയുടെ സാന്നിധ്യമുണ്ടായിട്ടും ചെങ്ങന്നൂർ പോലുള്ള ഒരു മണ്ഡലത്തിലുണ്ടായ ഈ കനത്ത തോൽവിയിൽ നിന്ന് കോൺഗ്രസിനും യുഡിഎഫിനും പല പാഠങ്ങളും സ്വാഭാവികമായിത്തന്നെ ഉൾക്കൊള്ളാനുണ്ട്. സംഘടനാപരമായും രാഷ്ട്രീയമായും പല തിരുത്തലുകളും വരുത്തേണ്ടതുണ്ടെന്നും ഈ ജനവിധി ഓർമ്മപ്പെടുത്തുന്നു. എത്രമാത്രം ഗൗരവത്തോടെ ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു എന്നത് കോൺഗ്രസിനേ സംബന്ധിച്ച് സുപ്രധാനമാണ്.

ഈ വിജയത്തിലൂടെ സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടികളേയും അടിക്കടി ഉണ്ടാകുന്ന വീഴ്ചകളേയുമെല്ലാം ജനങ്ങൾ കണ്ണുമടച്ച് അംഗീകരിക്കുന്നു എന്ന വിലയിരുത്തലിലേക്ക് ഭരണക്കാരും മാറില്ലെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയുണ്ടാവുകയാണെങ്കിൽ അവരേയും തിരുത്താൻ വേണ്ടി ജനങ്ങൾ ഇവിടെത്തന്നെയുണ്ടാകുമെന്നതാണ് ജനാധിപത്യം മുന്നോട്ടുവക്കുന്ന പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button