തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ജാതിമത ശക്തികളുടെ ഏകീകരണം കൊണ്ടും അധികാര ദുര്‍വിനിയോഗം കൊണ്ടുമാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ സൂചനയാണ് എല്‍ഡിഎഫിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ സ്വന്തം തട്ടകത്തില്‍ പോലും യുഡിഎഫിന് കഴിയാഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞെങ്കിലും മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും വ്യാജപ്രചരണവും അഴിച്ചു വിട്ട് ഇടതു മുന്നണി ഭീതി പരത്താന്‍ നടത്തിയ ശ്രമങ്ങള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ബിജെപിയുടെ നിലവിലെ അവസ്ഥയെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ടു കുറഞ്ഞെങ്കിലും ജനകീയ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും മുന്നണിയില്‍ നിന്ന് ബിഡിജെഎസ് വിട്ടു നിന്നത് പ്രകടനത്തെ ബാധിച്ചു എന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭീഷണികളേയും പ്രലോഭനങ്ങളേയും അതിജീവിച്ച് ബിജെപി നേടിയ വോട്ടുകള്‍ ശക്തമായ അടിത്തറയുടെ പ്രതിഫലനമാണെന്നും ഇതിന് ബിജെപിയെ സഹായിച്ച എല്ലാ ജനാധിപത്യ വിശ്വാസികളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments