Devotional

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം; മണികെട്ടല്‍ പ്രമുഖ വഴിപാട്

ഓരോ ക്ഷേത്രത്തിനും ഓരോ പ്രത്യേകതകള്‍. ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ കാര്യത്തില്‍ മാത്രമല്ല, ക്ഷേത്രത്തിന്റെ ചുറ്റുപാടിലും പ്രത്യേകത പല ക്ഷേത്രങ്ങളിലും കാണാം. അത്തരം ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം. കടലും കായലും സംഗമിക്കുന്ന പുണ്യഭൂമി. പ്രകൃതി രമണീയ കാഴ്ചകള്‍ കൊണ്ട് മനം കീഴടക്കുന്ന കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം െപാന്മനയിൽ സ്ഥിതിചെയ്യുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം. വിശാലമായ മണൽപ്പരപ്പിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം മനോഹരമായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. പൊന്മന കൊട്ടാരകടവിലെ ജങ്കാർ കടന്ന് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ കാതുകൾക്ക് സംഗീതവും മനസ്സിനു ചൈതന്യവും നിറക്കുന്ന ക്ഷേത്രം. മനമുരുകി പ്രാര്‍ത്ഥിക്കുന്നവർക്ക് മധുരപായസമായി വരം അരുളുന്ന അമ്മയെ തേടി ആയിരകണക്കിനു ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്.

ദാരികനെ വധിച്ച ഉഗ്രമൂർത്തി ഭാവത്തിലാണ് ഇവിടുത്തെ ദേവത. ഭക്തർക്ക് മാതൃ സ്ഥാനത്താണ് അമ്മ. ചൈതന്യം തുളുമ്പുന്ന ദേവീ വിഗ്രഹം. സർവ്വാഭീഷ്ട വരദയിനിയും സർവ്വവദുരിത നിവാരിണിയും സർവ്വൈശ്വര്യപ്രദായിനിയുമായി കുടികൊള്ളുന്ന ദേവീ വിഗ്രഹം കൂടാതെ ഗണപതി, ദുർഗ്ഗാദേവി, മൂർത്തി, യോഗീശ്വരൻ, മാടൻ തമ്പുരാൻ, യക്ഷിയമ്മ, നാഗദൈവങ്ങള്‍ തുടങ്ങി ഉപദൈവ പ്രതിഷ്ഠകളുമുണ്ട്.

ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനമായ ഒരാചാരമാണ് മണികെട്ടല്‍. ക്ഷേത്രത്തിനു തെക്കുവശത്തള്ള പേരാലിൽ ഉദ്ദീഷ്ടകാര്യ സാധ്യത്തിനായി മരത്തിനു ചുറ്റും ഏഴുതവണ പ്രദക്ഷിണം വച്ച് മണികെട്ടുന്നു. ആയിരകണക്കിന് ഭക്തർ വ്രത ശുദ്ധിയോടെ ഇവിടെയെത്തി ആഗ്രഹ പൂർത്തീകരണത്തിനായി ആണ് ഈ ചടങ്ങ്. വെള്ളിയാഴ്ചതോറും ശത്രുദോഷത്തിനായി ശത്രുസംഹാരപുഷ്പാഞ്‌ലിയും നടത്തുന്നു. കൂടാതെ അമ്മയുടെ ഇഷ്ടവഴിവാടായി ഇരട്ടിമധുര പായസവും അറുനാഴി മഹാനിവേദ്യവും സമർപ്പിക്കുന്നു.

ആദിചേര രാജാവ് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണിത്. ഒാച്ചിറ പരബ്രഹ്മക്ഷേത്രം കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തമഠങ്ങൾ ഉയരുന്ന അത്യപൂർവ്വമായ ദേവസ്ഥാനമാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. വര്‍ഷം കൂടുന്തോറും ക്ഷേത്രത്തിലെ വൃശ്ചിക മഹോല്‍സവമാണ് ജനപ്രിയം. വൃശ്ചിക ഒന്നു മുതൽ പന്ത്രണ്ട് വരെ നീളുന്ന മഹോല്‍സവത്തിൽ കുടിൽകെട്ടി ഭജനയിരിപ്പിനു നാനാഭാഗത്തു നിന്നും നൂറുകണക്കിന് ആളുകൾ എത്തുന്നത്. ഉത്സവത്തോടനുബന്ധിച്ച് തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് എന്നിവയും നടത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button