അടൂർ : കെവിൻ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും കേരളം മാറിയില്ല. അതിനു മുമ്പ് തന്നെ അടുത്ത അക്രമം നടന്നു കഴിഞ്ഞു. അടൂരിൽ ഭാര്യയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന് വരുത്താന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. സംഭവത്തിൽ പോലീസ് കൃത്യമായി ഇടപ്പെട്ടതോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചു. കൊട്ടാരക്കര കുളക്കട ലക്ഷ്മി നിവാസില്‍ സൂരജി(23)നെയാണ് അക്രമിസംഘം ചൊവ്വാഴ്ച രാത്രി കോട്ടമുകള്‍ ഗവ. ഗസ്റ്റ് ഹൗസിനു മുന്നില്‍നിന്നു തട്ടിക്കൊണ്ടുപോയത്.
കേസിലെ പ്രതികളായ ആദിക്കാട്ട് കുളങ്ങര കുറ്റിപറമ്പില്‍ ഹാഷിം (28), സഹോദരന് ആഷിഖ് (24), വലിയ വീട്ടയ്യത്ത് തെക്കേതില്‍ നിഷാദ് (40), വടക്കടത്തുകാവ് ഷമീര്‍ മന്‍സില്‍ ഷമീര്‍ (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതിയായ ഹാഷിം തന്റെ ഭാര്യയുമായി വിവാഹമോചനത്തിനു കേസ് നൽകിയിരുന്നു. കേസ് ബലപ്പെടുത്താന്‍ ഭാര്യയുമായി ബന്ധമുണ്ടെന്ന് സൂരജിനെക്കൊണ്ടു പറയിപ്പിച്ച് റെക്കോഡ് ചെയ്ത് കുടുംബകോടതിയില്‍ നല്‍കാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനെ സൂരജ് എതിർത്തപ്പോൾ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് മർദ്ദനത്തിലൂടെ സൂരജിനെകൊണ്ടു പറയിപ്പിച്ച ഓഡിയോ ശകലങ്ങളും വീഡിയോ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. ഹാഷിമിന്റെ ഭാര്യയും സൂരജും ഒരു വര്‍ഷം മുമ്പു വരെ അടൂരില്‍ ഒരേ സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നത്.
Post Your Comments