തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന്‍ കെവിന്റെ ദുരഭിമാനക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി താല്‍പ്പര്യം അനുസരിച്ച് മാത്രമാണ് നിലവില്‍ അന്വേഷണം മുന്നോട്ടുപോകുന്നത്. കേസില്‍ പ്രതിയായ പാര്‍ട്ടിക്കാരെ രക്ഷിക്കാനാണ് നീക്കം. അതിനാല്‍ പോലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരില്ലെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസിന്റെ വീഴ്ചയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെയാണ് കുറ്റം പറയുന്നത്. വിമര്‍ശനം ഉണ്ടാകുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് സമനില തെറ്റുന്നത്. വിമര്‍ശനങ്ങളില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കുകയല്ലേ വേണ്ടതെന്നും കേസിലെ പ്രതികളെയെല്ലാം രക്ഷിക്കാനുള്ള ഗുഢനീക്കം സിപിഎമ്മിന്റെ നേതൃതലത്തില്‍ നടക്കുന്നുണ്ടെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി.
എസ്‌ഐയാണ് കുറ്റക്കാരനെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ തലവനായ ഐജി വിജയ് സാഖറെ പറയുന്നത് എസ്‌ഐക്കെതിരേ കുറ്റമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. എസ്‌ഐ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് മാത്രമാണ് ഐജി പറയുന്നത്. ഇത്തരത്തില്‍ മുഖ്യമന്ത്രിയും ഐജിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments