കോട്ടയം: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച് ഒട്ടേറെ സംശയങ്ങള്‍ ബാക്കി. കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ അന്വേഷണം എങ്ങുമെത്താത്തത് പൊലീസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തിന് ഇപ്പോള്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും പത്തനംതിട്ട എരുമേലി മുക്കൂട്ട്തറയില്‍ ജെയിംസിന്റെ മകളുമായ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നതിന് ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജെസ്‌നയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതായും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. എന്നാല്‍ ഇതില്‍ കാര്യമായ പുരോഗതിയില്ലെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ഇതിന് എട്ട് മാസം മുമ്പാണ് ജെസ്‌നയുടെ മാതാവ് മരിക്കുന്നത്. അതിന് ശേഷം പെണ്‍കുട്ടി വളരെ അധികം മാനസിക സംഘര്‍ഷത്തിലായിരുന്നു. എന്നാല്‍ വീട്ടിലെ എല്ലാ കാര്യവും അമ്മയുടെ അഭാവത്തില്‍ ചെയ്യാന്‍ ജെസ്‌ന മിടുക്കിയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. ജെസ്‌നയെ അന്വേഷിച്ച് ബംഗളൂരുവിലും മൈസൂരിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ധര്‍മാരാമിലെ ആശ്രമത്തിലും നിഹാംന്‍സ് ആശുപത്രിയിലും കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയില്‍ തൃശൂരുക്കാരനായ യുവാവിന്റെ കൂടെ ജെസ്‌നയെ കണ്ടതായി അഭ്യൂഹങ്ങള്‍ പരന്നു. തൃശൂര്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. ജെസ്‌നയെ കണ്ടെത്താന്‍ അലംഭാവം കാട്ടുന്നതായി ആരോപിച്ച് സഹപാഠികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ പരിപാടികളും നടത്തിവരികയാണ്. ഇതിനിടയില്‍ ജെസ്‌നയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ജെസ്‌നയെ കണ്ടെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ വിളിച്ചിരുന്നെങ്കിലും ഭൂരിഭാഗവും വ്യാജമായിരുന്നു.
ജെസ്നയെ സംബന്ധിച്ച വിവരങ്ങള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, തിരുവല്ല, പത്തനംതിട്ട. കേരളം എന്ന വിലാസത്തിലോ 9497990035 എന്ന ഫോണ്‍ നമ്പരിലോ dysptvllapta.pol@kerala.gov.in എന്ന ഇമെയിലിലോ നല്‍കണമെന്ന് പത്തനംതിട്ട എസ്. പി. അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പൊലീസ് ഉറപ്പ് നല്‍കി.
Post Your Comments