നാലം വാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനോട് എട്ടു ചോദ്യങ്ങളുമായി മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ഫേസ്ബൂക്കിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യങ്ങള്‍. .1460 ദിവസം ഭരണം നടത്തിയിട്ടും രാജ്യത്തിന് ഗുണകരമായി ഒന്നും ചെയ്യാൻ കഴിയാത്ത ഒരു ഭരണകൂടം ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ ആരോപിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വാഗ്ദാന പെരുമഴയുമായി അധികാരത്തിലെത്തിയ മോദി സർക്കാരിന്റെ, ജനവഞ്ചനയുടെ നാലാണ്ട് ഇന്ന് തികയുന്നു.1460 ദിവസം ഭരണം നടത്തിയിട്ടും രാജ്യത്തിന് ഗുണകരമായി ഒന്നും ചെയ്യാൻ കഴിയാത്ത ഒരു ഭരണകൂടം ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ്. ഈ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരം പറയേണ്ട എട്ടു ചോദ്യങ്ങൾ.
ചോദ്യം:
1. വിദേശ ബാങ്കുകളിൽ കിടക്കുന്ന കള്ളപ്പണം തിരിച്ചു കൊണ്ടു വരുന്ന പദ്ധതി എന്തായി? എന്നാണ് സാധാരണക്കാരന് തങ്ങളുടെ അകൗണ്ടിൽ 15 ലക്ഷം രൂപ കിട്ടുക?
2. ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ/ ഡീസൽ / പാചക വാദകങ്ങളുടെ വില വർധന പിൻവലിച്ചു, അങ്ങയുടെ വാഗ്ദാന പ്രകാരമുള്ള 40 രൂപക്കുള്ള പെട്രോൾ എന്ന് മുതലാണ് ലഭിക്കുക?
3. നോട്ടു നിരോധനം കൊണ്ട് എന്ത് നേട്ടമാണ് രാജ്യത്തിനുണ്ടായത്? എത്ര കള്ളപ്പണക്കാരെയാണ് ഇതുവഴി തുറങ്കിലടച്ചത്? അൻപത് ദിവസത്തിനകം എല്ലാം നേരെയാകുമെന്ന് പറഞ്ഞിട്ട് മാസങ്ങളായിട്ടും ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്.
4. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം എത്ര കമ്പനികൾ ഇന്ത്യയിൽ തുടങ്ങി? എത്ര രൂപയുടെ നിക്ഷേപമാണ് ഇത് വഴി രാജ്യത്തെത്തിയത് ? എത്ര ഉദ്യോഗാർത്ഥികൾക്കാണ് ഇതുവഴി തൊഴിൽ ലഭിച്ചത്?
5. താങ്കൾ അധികാരത്തിലേറുമ്പോളും, നാലു വർഷത്തിനിപ്പുറവും ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് എങ്ങിനെയാണ്?
6. 530 കോടി രൂപ പൊതു ഖജനാവിൽനിന്ന് ചിലവഴിച്ചു പരസ്യം നൽകി പ്രഖ്യാപിച്ച സ്വച്ഛ ഭാരത് അഭിയാൻ പദ്ധതി പ്രകാരം എത്ര നഗരങ്ങൾ വൃത്തിയായി? (ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ രണ്ടാമത്തെ നഗരം അങ്ങയുടെ മണ്ഡലമായ വാരാണസി ആയത് ഈ കാലയളവിൽ ആയിരുന്നു)
7. കേന്ദ്ര സർക്കാർ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ആധാർ വിവരങ്ങൾ എങ്ങനെയാണ് കോർപറേറ്റുകൾക്ക് ലഭിച്ചത് ?
8.അഴിമതിക്കെതിരെ അങ്ങ് പ്രഖ്യാപിച്ച ലോക്പാലിന്റെ കാര്യം എന്തായി ?
അങ്ങയുടെ വിലയേറിയ ഉത്തരങ്ങൾ ഉടനെ പ്രതീക്ഷിക്കുന്നു.
ജയ് ഹിന്ദ്.
Post Your Comments