കുഞ്ഞുങ്ങളെ എടുത്തുയര്‍ത്തുന്നത് നാം സാധാരണയായി കണ്ടു വരുന്ന കാര്യമാണ്. വാത്സല്യം പ്രകടിപ്പിക്കുവാന്‍ അവരുടെ കൈകളില്‍ പിടിച്ച് ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പതിവാണ്. എന്നാല്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ പറ്റി ആര്‍ക്കും കൃത്യമായ അറിവില്ല. ഇത്തരത്തില്‍ കുട്ടികളെ ഉയര്‍ത്തിയാല്‍ കൈയ്യുടെ സ്ഥാന ചലനം മുതല്‍ സ്ഥിരമായി നില്‍കുന്ന വൈകല്യങ്ങള്‍ വരെ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കൈമുട്ടില്‍ ഉണ്ടാകാവുന്ന സ്ഥാന ചലനമാണ് ഇതില്‍ പ്രധാനം. നഴ്‌സ്‌മെയ്ഡ് എല്‍ബോ എന്നാണ് ഇതിനെ വിളിയ്ക്കുന്നത്. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ ഇത് ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ ഏഴു വയസ് വരെയുള്ളവരിലും ഇത് കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങളില്‍ സന്ധികള്‍ കൃത്യമായി വികാസം പ്രാപിച്ചിട്ടുണ്ടാകില്ല. അതിനാല്‍ തന്നെ കൈകളില്‍ പിടിച്ച് ഉയര്‍ത്തുകയോ ബലം കൊടുത്ത് കുഞ്ഞുങ്ങളുടെ കൈകളില്‍ പിടിക്കുകയോ ചെയ്താല്‍ സന്ധികള്‍ക്ക് വളരെ വേഗം തന്നെ സ്ഥാന ചലനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അസഹ്യമായ വേദനയാണ് കുഞ്ഞുങ്ങള്‍ അപ്പോള്‍ അനുഭവിക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ സ്ഥാന ചലനം സംഭവിച്ചാല്‍ എല്ലുകള്‍ പഴയ രീതിയില്‍ കൊണ്ടു വരാന്‍ പ്രത്യേക ചികിത്സയും ഉണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍ അപ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വേദനയും ചെറുതല്ല. അതിനാല്‍ തന്നെ ഇത് സംഭവിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധ വേണമെന്നും വിദഗ്ധര്‍ പറയുന്നു. കരുതലോടെ ഇരുന്നാല്‍ ഇത് ഒരു പരിധി വരെ ഒഴിവാക്കാം. കഴിവതും കുഞ്ഞുങ്ങളെ കൈളില്‍ പിടിച്ച് കുലുക്കുകയോ ബലം കൊടുത്ത് വലിയ്ക്കുകയോ ചെയ്യരുത്. കുഞ്ഞുങ്ങളെ കയ്യില്‍ പിടിച്ച് തൂക്കിയെടുക്കുന്നതും പതിവാണ്. ഇതും ഒഴിവാക്കിയേ തീരു. കൈകളില്‍ സുരക്ഷിതരായി ഇരുത്തി തന്നെ വാത്സല്യം പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments