തോമസ് ചെറിയാന്. കെ
സംസ്ഥാനം രണ്ടു വര്‍ഷം മുന്‍പ് കണ്ടത് ഇതു വരെ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും ഏറെ വ്യത്യസ്ഥമായ ഒന്നായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വേദിയായി മാറി. വാഗ്ദാനങ്ങളുടെ ഒരു ഉത്സവം തന്നെയായിരുന്നു അത്. വമ്പന്‍ കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളോട് കിടപിടിയ്ക്കുന്ന രീതിയിലുള്ള പ്രചരണമായിരുന്നു അന്ന് നാം കണ്ടത്. വാഗ്ദാന പട്ടികയുടെ നിരയെ ഒറ്റവാചകത്തിലൊതുക്കി എല്ലാ പാര്‍ട്ടികളും തങ്ങളുടെ ടാഗ് ലൈനായി മാറ്റിയെടുത്തു. എല്‍ഡിഎഫ് ഇറക്കിയതായിരുന്നു പിന്നീട് ഏറെ ചര്‍ച്ചാ വിഷയമായതും ശ്രദ്ധിക്കപ്പെട്ടതും. കാരണം തിരഞ്ഞെടുപ്പില്‍ കേരളക്കര എല്‍ഡിഎഫിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയായിരുന്നു.
“എല്‍ഡിഎഫ് വരും എല്ലാം ശരിയാകും” എന്ന പ്രചരണ വാക്യത്തെ എത്രത്തോളം പ്രായോഗികമാക്കുവാന്‍ സാധിച്ചുവെന്ന് നാം മനസിലാക്കണം. പിണറായി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്. ഭരണത്തിലേറി രണ്ടു വര്‍ഷത്തിനകം സര്‍ക്കാര്‍ നടപ്പിലാക്കിയതും നടപ്പിലാക്കാഞ്ഞതും കൂടാതെ അപ്രതീക്ഷിതമായി സര്‍ക്കാരിന് നേരിടേണ്ടി വന്നതുമായ കാര്യങ്ങള്‍ ഏറെയുണ്ട്. ഭരണത്തില്‍ മൂന്നാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ എന്താണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിന് ലഭിച്ചതെന്ന് നിഷ്പക്ഷമായി തന്നെ ഒന്ന് തിരിഞ്ഞ് നോക്കാം.
മുഖ്യമന്ത്രി എന്ന നിലയില്‍ ഓരോ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പ്രവര്‍ത്തനത്തെയും പുരോഗതിയേയും മൂന്നു മാസം കൂടുമ്പോള്‍ വിലയിരുത്തി പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ആദ്യമേ തന്നെ മുന്‍കൈ എടുത്തിരുന്നു. ഭരണത്തിലേറി ആദ്യ വര്‍ഷം തന്നെ മുന്‍ സര്‍ക്കാര്‍ തുടങ്ങിവയ്ച്ച മെട്രോ ട്രെയിന്‍ പദ്ധതി മുടക്കമൊന്നും സംഭവിക്കാതെ കൃത്യമായി പൂര്‍ത്തീകരിച്ചത് ഈ സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ പൊന്‍തൂവലായി മാറി. തുടര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് എന്ന പരിഷ്കാരം വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന എതിര്‍പ്പുകളെ അവഗണിച്ച് വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ വിജയം തന്നെയാണ്.
വിവിധ പദ്ധതികള്‍ ചേര്‍ന്ന നവകേരള മിഷന് പദ്ധതി എന്നത് പൊതു ജനത്തിന് ഏറെ പ്രയോജനം ലഭിച്ച ഒന്നാണ്. ആര്‍ദ്രം , ലൈഫ്, ഹരിതകേരളം, വിദ്യാഭ്യാസ സംരക്ഷണം തുടങ്ങി സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നിലവില്‍ കൊണ്ടുവരികയും വിജയകരമായി നടപ്പിലാക്കിയും വരുന്നു. നാളുകളായി പ്രവര്‍ത്തന രഹിതമായിരുന്ന ഗെയ്ല് പൈപ്പ്ലൈന് പദ്ധതിക്ക് ജീവന് നല്‍കിയത് വികസന പാതയുടെ മറ്റൊരു വാതിലാണ് തുറന്നത്. കിഫ്ബിയുടെ നേതൃത്വത്തില്‍ മലയോര ഹൈവേ ഉടന്‍ യാഥാര്‍ത്ഥ്യമാകും. കണ്ണൂര്‍ വിമാനത്താവള പദ്ധതി ഉടന്‍ തയാറാകുമെന്ന പ്രഖ്യാപനം വരികയും ഓണത്തിന് മുന്‍പ് ഇത് യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറയുന്നു. വിദ്യാഭ്യാസ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്.
ഇവയൊക്കെ സര്‍ക്കാരിന്റെ പൊന്‍തുവലായി നില്‍ക്കുമ്പോഴും സര്‍ക്കാരിനെ ആശങ്കയിലാക്കുന്ന വീഴ്ച്ചകളും ഉണ്ടായിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ കരകയറ്റുമെന്ന പ്രഖ്യാപനം തകൃതിയായി നടന്നെങ്കിലും കട്ടപ്പുറത്ത് നിന്നും ഇറങ്ങാന്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയ്ക്ക് കഴിഞ്ഞിട്ടില്ല. പെന്ഷന് യാതൊരു തടസവും വരില്ലെന്ന് പറഞ്ഞിട്ടും അഞ്ചു മാസം ഇത് മുടങ്ങുകയും ഇതേ തുടര്‍ന്നുള്ള സമരങ്ങളും നാം കണ്ടതാണ്. പുതിയ ബസ് നിരത്തിലിറക്കുമെന്ന 2016ലെ പ്രഖ്യാപനവും നടന്നില്ല. കൊച്ചി സ്മാര്‍ട്ട് സിറ്റിയായിരുന്നു മറ്റൊരു പദ്ധതി. ഇത് ഇപ്പോള്‍ മരവിച്ച അവസ്ഥയിലാണ്. മുന്നോട്ട് നീങ്ങാത്തതിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. അറുപത് വയസിന് മേല്‍ പ്രായമുള്ളവരുടെ പെന്ഷന് കൃത്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ആരോപണമുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തും നടപ്പാക്കാന്‍ വന്ന ലൈറ്റ് മെട്രോ പദ്ധതി മരവിച്ചത് സര്‍ക്കാരിനെതിരെ ഒരുപാട് ചോദ്യശരങ്ങള്‍ ഉയര്‍ത്തിയിരുന്നു.
പ്രഖ്യാപിതമായ പദ്ധതികള്‍ നടപ്പിലാക്കാതിരുന്നതിന് പുറമേ സര്‍ക്കാരിന് നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ പലതാണ്. വരാപ്പുഴ സംഭവം, വിദേശവനിതയുടെ മരണം, പാര്‍ട്ടിക്കുള്ളിലും പുറത്തും സര്‍ക്കാരിനെതിരെ വന്ന വെല്ലു വിളികള്‍ തുടങ്ങി നൂറു കൂട്ടം പ്രതിസന്ധികളെയാണ് സര്‍ക്കാര്‍ നേരിട്ടത്. ഇതിനു ശേഷം മൂന്നാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ പദ്ധതികള്‍ തുടരാനും ഭരണ പൂര്‍ത്തീകരണ സമയത്ത് വിജയത്തോടെ തന്നെ നിന്ന് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനും തയാറാകുകയാണ് സര്‍ക്കാര്‍ എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന വാക്യം യാത്ഥാര്ത്യമായി എന്ന് പൊതു ജനങ്ങള്‍ക്ക് പറയാന്‍ സാധിയ്ക്കും വിധം മുന്നോട്ട് പോകുവാന്‍ ഈ സര്‍ക്കാരിന് കഴിയട്ടെ.
Post Your Comments