Kerala

കേന്ദ്രസര്‍ക്കാര്‍ മൂന്നുകോടി അനുവദിച്ചിട്ടും ലബോറട്ടറി തുടങ്ങാന്‍ തയാറാകാതെ കേരളസര്‍ക്കാര്‍; വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈറോളജി വിഭാഗത്തിനുവേണ്ടി ഒരു അത്യന്താധുനിക ലബോറട്ടറി തുടങ്ങാന്‍ മൂന്നുകോടി മുപ്പതു ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടും അത് തുടങ്ങാന്‍ കേരളസര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കെ.സുരേന്ദ്രന്‍ ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കേരളസര്‍ക്കാരിനെ വിമര്‍ശിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ വിവിധതരം പകര്‍ച്ചപ്പനി കാരണം നിരവധി മനുഷ്യ ജീവനുകളാണ് നഷ്ടപ്പെടുന്നത്. യഥാസമയം രോഗകാരണം കണ്ടെത്തി ചികിത്സിക്കാന്‍ കഴിയാത്തതുമൂലമാണ് മരണനിരക്കു കൂടുന്നത്. ഇതിനു ശാശ്വതപരിഹാരം കാണുന്നതിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈറോളജി വിഭാഗത്തിനുവേണ്ടി ഒരു അത്യന്താധുനിക ലബോറട്ടറി തുടങ്ങാന്‍ (VRDL) തീരുമാനിച്ചത്. ഗവേഷണം, മികച്ച സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരിശോധനകള്‍ എന്നിവയിലൂടെ രോഗികളെ രക്ഷപ്പെടുത്താനാണ് ഈ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.

2014 ലും 2015 ലുമായി ഈ ആവശ്യത്തിലേക്കായി മൂന്നുകോടി മുപ്പതു ലക്ഷം രൂപയും കേന്ദ്രം അനുവദിച്ചു. ആവര്‍ത്തനചിലവുകള്‍ക്കായി പ്രതിവര്‍ഷം മുപ്പത്തിയഞ്ചു ലക്ഷം രൂപയും അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. എന്നാല്‍ നാലു വര്‍ഷത്തോളം ഒരു ചെറുവിരല്‍പോലും ആരോഗ്യവകുപ്പ് അനക്കിയില്ല. ലാബിനുപറ്റിയ ഒരു സ്ഥലം പോലും അധികൃതര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്തതുകൊണ്ട് ആവര്‍ത്തനചിലവായ മുപ്പത്തഞ്ചുലക്ഷം അനുവദിക്കുന്നത് കേന്ദ്രം നിര്‍ത്തി.

തുടര്‍ന്ന് സ്ഥലം എം. പി കേന്ദ്രത്തിന് കത്തയച്ചു. ഇപ്പോള്‍ പ്രസവം കഴിഞ്ഞ് കുഞ്ഞുങ്ങളെ കിടത്തുന്ന മുപ്പത്തിയൊന്നാം വാര്‍ഡിന് തൊട്ടടുത്ത് ഇത്രയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു ലാബിന് നാല്‍പ്പത്തൊന്നാം വാര്‍ഡിലാണ് സ്ഥലം അനുവദിച്ചത്. കുറച്ചു സാധനസാമഗ്രികളും വാങ്ങിച്ചിട്ടുണ്ടത്രേ. രക്ത സാംപിള്‍ എടുത്ത് എട്ടുമണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയാലേ ഇത്തരം പകര്‍ച്ചവ്യാധികളെ കണ്ടുപിടിക്കാന്‍ കഴിയൂ എന്നാണ് പറയപ്പെടുന്നത്. കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് കാണിച്ചതെന്ന് ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

വടക്കോട്ട് നോക്കി വാചകമടിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകേടാണ് മരണം പടരുന്നതിന് കാരണം. പാര്‍ട്ടിക്കു താല്‍പ്പര്യമുള്ള കരാര്‍നിയമനവും മരുന്നു കച്ചവടവുമൊക്കെ തകൃതിയായി നടക്കുമ്പോഴും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല എന്നുള്ള ദുഖസത്യം നമ്മുടെ മാധ്യമപ്രവര്‍ത്തകരെങ്കിലും കാണാതെ പോകരുത്….

shortlink

Related Articles

Post Your Comments

Related Articles


Back to top button