തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അഗ്നിശമന സേനാ വിഭാഗങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാനിർദേശം നൽകി. 21 സെ.മീ. വരെ മഴ കേരളത്തിൽ ലഭിക്കുമെന്നും ഈ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്നും ജില്ലാ കലക്ടർമാർക്കും നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ 30 വരെ കടലിൽ പോകരുത്.
Read Also: നിപ വൈറസ് : കേരളത്തിന് ആസ്‌ട്രേലിയയുടെ സഹായം
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താൻ നിർദേശമുണ്ട്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. ശനിയാഴ്ച അതിശക്തമായ മഴ ലഭിക്കും. 12 മുതൽ 20 സെ.മീ. വരെയായിരിക്കും ശനിയാഴ്ച മഴ ലഭിക്കുക.
മേയ് 29 വരെ താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കും. ക്യാംമ്പുകൾ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍/ തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതണം.
തെക്കുപടിഞ്ഞാറൻ കാലവർഷം ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കു ഭാഗങ്ങളിലും ആൻഡമാൻ കടലിന്റെ തെക്കുഭാഗത്തും നിക്കോബാർ ദ്വീപുകളിലും എത്തിക്കഴിഞ്ഞു. അടുത്ത 48 മണിക്കൂറിൽ അറബിക്കടലിന്റെ തെക്കുഭാഗത്തും ദക്ഷിണ ബംഗാൾ ഉൾക്കടലിന്റെ ചിലഭാഗങ്ങളിലും ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരാനുള്ള സാഹചര്യങ്ങൾ അനുകൂലമാണ്.
ഇതിനെ തുടർന്നുള്ള 48 മണിക്കൂറിൽ കാലവർഷം ദക്ഷിണ അറബിക്കടലിന്റെ കുറച്ചധികം ഭാഗങ്ങളിലും ലക്ഷദ്വീപ്-കോമേറിയൻ ഭാഗങ്ങളിലും കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കുഭാഗങ്ങളിലും ദക്ഷിണ ബംഗാൾ ഉൾക്കടലിന്റെ കുറച്ചധികം ഭാഗങ്ങളിലും ആൻഡമാൻ കടലിന്റെ ബാക്കി പ്രദേശങ്ങളിലും ബംഗാൾ ഉൾക്കടലിന്റെ കിഴക്കു മധ്യഭാഗത്തെ കുറച്ചു സ്ഥലങ്ങളിലും വ്യാപിക്കാനുള്ള സാഹചര്യങ്ങൾ അനുകൂലമാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ സമയത്ത് പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്കു താഴെ വാഹനങ്ങൾ പാര്‍ക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്.
Post Your Comments