നിപാ വൈറസിനെതിരെ കനത്ത ജാഗ്രത തുടരുന്നു. വൈറസ് പടരുന്നത് സംബന്ധിച്ച ആശങ്കയ്ക്ക് വിരാമമാവുകയാണ്. ഇതുവരെ 23 പേരുടെ പരിശോധന ഫലം പുറത്തുവന്നപ്പോള്‍ മരണമടഞ്ഞ 10 പേരുള്‍പ്പെടെ 13 പേര്‍ക്കാണ് നിപാ വൈറസ് സ്ഥിരീകരിച്ചത്. ബുധനാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് രക്ഷാപ്രവര്‍ത്തനത്തില്‍ ആശ്വാസമായി. മലപ്പുറം ജില്ലയില്‍ നിപാ ബാധിച്ച് മരിച്ച തിരൂരങ്ങാടി തെന്നല മണ്ണനാത്തുപടിക്കല് ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിന് രോഗം സ്ഥിരീകരിച്ചു.
മരിച്ച മൂന്നിയൂര്‍ മേച്ചേരി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യനെയും സമാന രോഗലക്ഷണവുമായി ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗികള്‍ക്കായി 8000 ‘റിബ വൈറിന്’ ഗുളികകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. മലേഷ്യയില്‍ നിപാ ഉണ്ടായ സമയത്ത് നല്കിയ മരുന്നാണിത്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന രണ്ടുപേരുടെ നിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍, മെഡിക്കല്‍ കോളേജ് ഐസിയുവിലുള്ള യുവാവിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. നിപാ വൈറസ് ചികിത്സ സംബന്ധിച്ച് കോഴിക്കോട് ഡിഎംഒ തയ്യാറാക്കിയ ചികിത്സാ മാര്‍ഗരേഖക്ക് കേന്ദ്രസംഘവുമായും എയിംസില്‍ നിന്നുള്‍പ്പെടെയുള്ള വിദഗ്ധരുമായും ആലോചിച്ച് അന്തിമരൂപം നല്‍കും. ഏറ്റവും മികച്ച ചികിത്സ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും ഡോ. ആര് എല്‍ സരിത പറഞ്ഞു. അതേമസയം, പേരാമ്ബ്രയില്‍ നിപാ വൈറസ് ബാധയ്ക്കു കാരണമായെന്ന് കരുതുന്ന വവ്വാലിന്റെ സ്രവങ്ങളുടെ പരിശോധനാ ഫലം വെള്ളിയാഴ്ച ലഭിക്കും.
Post Your Comments