നീലേശ്വരം : ഫ്രിഡ്ജില്‍ നിന്നു തീ പടര്‍ന്ന് അടുക്കളയ്ക്കു തീപിടിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം. നീലേശ്വരം കിഴക്കന്‍കൊഴുവല്‍ അരമന പടിഞ്ഞാറേ വീട്ടില്‍ എ.പി.വിജയലക്ഷ്മിയുടെ വീടിനാണു ബുധനാഴ്ച ഉച്ചയ്ക്കു മൂന്നോടെ തീപിടിച്ചത്. ഇവരുടെ ഭര്‍ത്താവ് പത്രപ്രവര്‍ത്തകന്‍ കെ.ടി.എന്‍.രമേശന്‍, മകന്‍ എ.പി.അനില്‍ കുമാര്‍ എന്നിവര്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. വിജയലക്ഷ്മി ഉച്ചഭക്ഷണം കഴിഞ്ഞു കിടന്ന സമയത്താണ് ഫ്രിഡ്ജില്‍ നിന്നു തീയും പുകയും ഉയരുന്നതു ശ്രദ്ധയില്‍പെട്ടത്. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തുമ്പോഴേയ്ക്കും തീ അടുക്കള ഉപകരണങ്ങളിലേക്കു പടര്‍ന്നു.
ഗ്യാസ് സ്റ്റൗ കത്തിനശിച്ചു. ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്തുവച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫ്രിഡ്ജ് വച്ചിരുന്ന മൂലയില്‍ സിമന്റ് അടര്‍ന്നു വീണിട്ടുണ്ട്. അടുക്കളയിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വയറിങ്, അടുക്കള സാധനങ്ങള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. വീടിനകവും പുറവും പുക നിറഞ്ഞു കരി പിടിച്ചിട്ടുണ്ട്.
സമീപവാസികളും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. അസി.സ്റ്റേഷന്‍ ഓഫിസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ്, നീലേശ്വരം പൊലീസ്, വില്ലേജ് ഓഫിസര്‍ ടി.രാജേഷ്, നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി.ജയരാജന്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സ്ഥലത്തെത്തി. രണ്ടു ലക്ഷത്തില്‍ അധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Post Your Comments