ArticleEditorial

കോണ്‍ഗ്രസിന്‌റെ ചാണക്യതന്ത്രം കര്‍ണാടകയില്‍ നിലനില്‍ക്കുമോ ?

തോമസ്‌ ചെറിയാന്‍ കെ

കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പിന്നാലെ നൂറു ചോദ്യങ്ങള്‍ കൂടിയാണ് ഉയരുന്നത്. അടുത്തിടെ നടന്ന ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുകയും വരുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിക്കുയും ചെയ്തിരുന്ന അവസരത്തിലാണ് കോണ്‍ഗ്രസിന്‌റെ ഈ അപ്രതീക്ഷിത നീക്കം. എന്നാല്‍ ഇത് നില നില്‍ക്കുമോ അതോ താല്‍കാലികമായി മാത്രം നടപ്പിലാകുന്ന സംഭവവികാസങ്ങളാണോ എന്നാണ് ഇപ്പോള്‍ ജനമനസുകളില്‍ ഉയരുന്നത്. ബാലറ്റിനു മേല്‍ കോണ്‍ഗ്രസ് നേടിയ ജയം ജനകീയമാണെന്ന് തെളിയിക്കണമെങ്കില്‍ ഇനിയുള്ള ഭരണം സുതാര്യവും ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ളതുമാകണം. അഴിമതിയെന്നത് തുടച്ചു നീക്കുമെന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രഖ്യാപനങ്ങള്‍ എത്രത്തോളം നടപ്പിലാകുമെന്നും കണ്ടു തന്നെ അറിയണം.

കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തന്നെ എത്രനാള്‍ നിലനില്‍ക്കുമെന്ന ചോദ്യത്തിനും ഇപ്പോള്‍ പ്രസക്തിയുണ്ട്. സ്ഥാനങ്ങള്‍ കൃത്യമായി ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന രാഷ്ട്രീയ ഇടച്ചിലുകള്‍ ഇവിടെ ഉണ്ടാകുമോ എന്നതും വരും നാളുകളില്‍ അറിയാം. അധികാരത്തിലെത്തി രണ്ടര ദിവസം പിന്നിട്ടപ്പോള്‍ തന്നെ യെദിയൂരപ്പ അധികാരത്തില്‍ നിന്ന് നീക്കപ്പെട്ടത് കോണ്‍ഗ്രസിന്‌റെ ചാണക്യതന്ത്രത്തിന്‌റെ ബാക്കി പത്രമായിരുന്നോ എന്ന് തെളിയിക്കുന്ന ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. കാരണം സുതാര്യത ചോദ്യചെയ്യപ്പെടുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ടെന്ന ആരോപണം ശക്തമാണ്. എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ നടത്തിയ രാഷ്ട്രീയ റാഞ്ചല്‍ നാടകം പിന്നില്‍ തകൃതിയായി നടന്നിട്ടുണ്ടോ എന്നുമുള്ള വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.

ഭൂരിപക്ഷം നിലനിര്‍ത്താന്‍ ബിജെപി അത്തരം ശ്രമങ്ങള്‍ നടത്തിയെന്നും എംഎല്‍എമാരെ രഹസ്യ സ്ഥലങ്ങളിലേക്ക് മാറ്റിയെന്നതടക്കമുള്ള വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. തിരഞ്ഞെടുപ്പ് ചൂടിനിടെ പുറത്തു വരുന്ന വാര്‍ത്തകളില്‍ തന്നെ ശരിയേത് തെറ്റേത് എന്ന് കണ്ടെത്താന്‍ പൊതു ജനത്തിന് ഏറെ പണിപ്പെടേണ്ടി വരും. കര്‍ണാടകയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള നിയമസഭാ കക്ഷിയാണ് ബിജെപി എന്നത് വ്യക്തമായ കാര്യമാണ്. അക്കാരണത്താല്‍ തന്നെ സര്‍ക്കാരിന്റെ രൂപീകരണത്തിന് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതില്‍ തെറ്റുണ്ടെന്ന് പറയുന്നതിലെ യുക്തി ഇപ്പോഴും സാധാരണക്കാര്‍ക്ക് പിടികിട്ടിയിട്ടില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസ സാവകാശം നല്‍കിയ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് പുകമറ സൃഷ്ടിക്കുകയായിരുന്ന കോണ്‍ഗ്രസ് ചെയ്‌തെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മറ്റു പാര്‍ട്ടിയില്‍ നിന്ന് പിന്തുണ തേടാന്‍ അവസരം നല്‍കുകയാണെന്നും അതിനായി അടികളികള്‍ നടക്കുകയാണെന്നുമുള്ള കുപ്രചരണം തകൃതിയായി നടക്കുകയും നടക്കുന്നതെന്തെന്ന് പൊതുജനമുള്‍പ്പടെയുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും മുന്‍പാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ദിവസങ്ങള്‍ അനുവദിച്ച സ്ഥാനത്ത് കോടതി മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയോട് ആവശ്യപ്പെട്ടു. ഇത് നിയമം കൂട്ടുപിടിച്ചുളള അടവ് നയമായിരുന്നോ എന്നും ചിന്തിക്കാം.

ഇനി രാജ്യം ഉറ്റു നോക്കുന്നത് 2019ലെ മുഖ്യ തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി കടന്ന് വന്നത് മുതല്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ കഠിന പരിശ്രമിത്തിലാണ് അദ്ദേഹമെന്ന് അണികള്‍ തന്നെ പറയുന്നു. എന്നാല്‍ പ്രചരണത്തിന് പുറമേ ജനസമ്മതിയാണ് ജനാതിപത്യത്തിലെ മുഖ്യ ഘടകമെന്ന് ഇതേ അണികള്‍ മറന്നു പോയോ എന്ന ചോദ്യ ശരങ്ങളെ തടയാനും കോണ്‍ഗ്രസിന് കഴിയുന്നില്ല. ത്രിപുരയിലടക്കും ജനസമ്മതിയുടെ പൊന്‍തിളക്കത്തില്‍ വിജയക്കൊടി പാറിച്ച ബിജെപിയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് വെല്ലുവിളിയാകുമോ എന്ന് ചോദ്യവും ഉയരുന്നുണ്ട്. കര്‍ണാടകയില്‍ നടന്നതിനെ 2019 തിരഞ്ഞെടുപ്പുമായി കൂട്ടിവായിക്കാന്‍ പെടാപ്പാട് പെടുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. എന്നാല്‍ രാഷ്ട്രീയ ലാഭവും അടവ് തന്ത്രവുമല്ല ബാലറ്റില്‍ വീഴുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ പൗരന്‌റെയും സമ്മതിയാണ്. എന്‌റെ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തരായവര്‍ക്കാണ് എന്‌റെ വോട്ടെന്ന് ഓരോ പൗരനും പോളിങ് ബൂത്തില്‍ വച്ച് മനസില്‍ മന്ത്രിക്കും. ഇന്ത്യയെന്ന മഹാശക്തിയെ ആര്‍ക്കും തോല്‍പ്പിക്കാനാവത്ത വിധം മുന്നോട്ട് കുതിയ്ക്കാന്‍ പ്രാപ്തരായവര്‍ വേണം ഭരണത്തിലെത്താന്‍. വരുന്ന മുഖ്യതിരഞ്ഞെടുപ്പില്‍ ആ വിജയം ഉണ്ടാകട്ടെ. ഇന്ത്യ മഹാ ശക്തിയായി മുന്നോട്ട് കുതിയ്ക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button