International

ലോകത്തിന് ഭീഷണിയായി വോള്‍ക്കാനിക് വിന്റര്‍ വരും : ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ഇങ്ങനെ

ടോക്കിയോ : പസഫിക്കിലെ ‘റിങ് ഓഫ് ഫയര്‍’ മേഖലയിലാണ് ജപ്പാന്റെ സ്ഥാനം. അതിനാല്‍ത്തന്നെ ഭൂകമ്പത്താലും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളാലും വലയുന്ന രാജ്യം. സജീവമായ നൂറ്റിപ്പത്തോളം അഗ്‌നിപര്‍വതങ്ങളാണു രാജ്യത്തുള്ളത്. അതില്‍ത്തന്നെ 47 എണ്ണം തുടര്‍ച്ചയായി നിരീക്ഷണത്തിലാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നതു തന്നെ കാരണം. എന്നാല്‍ ഗവേഷകരുടെ ശ്രദ്ധയില്‍ പെടാതിരുന്ന ഒരു വലിയ അഗ്‌നിപര്‍വത ഭീഷണിക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ജപ്പാന്‍ ഇപ്പോള്‍. കടലിന്നടിയിലാണ് കികായ് എന്ന ഈ അഗ്‌നിപര്‍വതത്തിന്റെ സ്ഥാനം. പൊട്ടിത്തെറിച്ചാല്‍ കുറഞ്ഞത് 10 കോടി പേരെങ്കിലും മരിച്ചു വീഴും. കൂടാതെ പര്‍വതം പുറന്തള്ളുന്ന ചാരം സൂര്യനെ മറച്ച് ‘വോള്‍ക്കാനിക് വിന്റര്‍’ എന്ന സ്ഥിതിവിശേഷം വരെ വന്നു ചേരാം

7300 വര്‍ഷം മുന്‍പാണ് ഈ അഗ്‌നിപര്‍വതം അവസാനമായി പൊട്ടിത്തെറിച്ചത്. തെക്കന്‍ ജപ്പാനിലെ ജോമന്‍ നാഗരികതയെത്തന്നെ എന്നന്നേക്കുമായി ഇല്ലാതാക്കിയത് ആ പൊട്ടിത്തെറിയാണെന്നാണു കരുതുന്നത്. സമാനമായ സാഹചര്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നാണ് ജപ്പാനിലെ ഗോബെ ഓഷ്യന്‍-ബോട്ടം എക്‌സ്‌പ്ലൊറേഷന്‍ സെന്റര്‍ പറയുന്നത്. കോബെ സര്‍വകലാശാലയ്ക്കു കീഴിലെ ഈ സ്ഥാപനം നടത്തിയ പഠനത്തിലാണ് അഗ്‌നിപര്‍വതത്തിന്റെ നശീകരണ പ്രവണതയുടെ സൂചനകള്‍ കണ്ടെത്തിയത്. കികായ് അഗ്‌നിപര്‍വതത്തിന്റെ മുകളിലായി ലാവയുടെ ഒരു കൂറ്റന്‍ ‘താഴികക്കുടം’ രൂപപ്പെട്ടതായാണു വിവരം. ഇതില്‍ 32 ക്യുബിക് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലാവ നിറഞ്ഞിട്ടുണ്ടെന്നാണു കരുതുന്നത്. മാത്രവുമല്ല അഗ്‌നിപര്‍വതത്തിന്റെ മുകള്‍ ഭാഗത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വ്യക്തമാക്കുന്നത് ലാവ നിറഞ്ഞ അറ വലുതാകുന്നുണ്ടെന്നാണ്.

നിലവില്‍ ലാവയുടെ അറയ്ക്ക് 10 കിലോമീറ്ററോളം വീതിയും 600 മീറ്ററോളം ഉയരവുമുണ്ട്. ഇതു പൊട്ടിത്തെറിച്ചാല്‍ ലാവയ്‌ക്കൊപ്പം സൂനാമി ഭീഷണിയുമുണ്ട്. തെക്കന്‍ ജാപ്പനീസ് തീരത്തെ മാത്രമല്ല, ആ സൂനാമി തായ്വാനിലും ചൈനയിലും വരെ ആഞ്ഞടിക്കും. തെക്കേ അമേരിക്കയുടെയും വടക്കേ അമേരിക്കയുടെയും തീരങ്ങളിലുമെത്തും സൂനാമിയുടെ അലയൊലികള്‍. ‘സൂപ്പര്‍ ഇറപ്ഷന്‍’ എന്നാണ് ഈ പ്രതിഭാസത്തിനു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കുന്ന അഗ്‌നിപര്‍വത സ്‌ഫോടനമെന്നാണ് ഇതിന്റെ അര്‍ഥം. എന്നാല്‍ ഇവ വളരെ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. അതായത് ദശലക്ഷക്കണക്കിനു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം. ജപ്പാന്റെ കാര്യത്തിലാണെങ്കില്‍ അതിന് 100 വര്‍ഷത്തിനിടെ പൊട്ടിത്തെറിക്കാന്‍ ഒരു ശതമാനമേയുള്ളൂ സാധ്യത.

എന്നാല്‍ കികായിയുടെ ലാവ നിറഞ്ഞ അറയിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങളാണ് ഗവേഷകരെ കുഴക്കുന്നത്. പര്‍വതത്തിന്റെ മുകളില്‍ ഒരു പാത്രം പോലെ ഉള്ളിലേക്കു കുഴിഞ്ഞിരിക്കുകയാണ്. ഇതു സംഭവിക്കുക അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് മാഗ്മ റിസര്‍വോയര്‍ ഒഴിയുമ്പോഴാണ്. 2015ലാണ് സര്‍വകലാശാല കികായിയെ ലക്ഷ്യമിട്ടുള്ള ഗവേഷണം തുടങ്ങുന്നത്. അന്ന് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് 1968.5 അടി ഉയരെയായിരുന്നു ലാവ നിറഞ്ഞ ഭാഗം. എന്നാല്‍ ഇപ്പോഴിത് സമുദ്രോപരിതലത്തില്‍ നിന്ന് വെറും 100 അടി മാത്രം താഴെയെന്ന നിലയിലേക്കെത്തിയിരിക്കുന്നു! മാത്രവുമല്ല മാഗ്മയോ ലാവയോ തണുത്തുറഞ്ഞുണ്ടാകുന്ന റയൊലൈറ്റ് എന്ന വസ്തുവും ഈ പര്‍വതത്തില്‍ നിന്നു ലഭിക്കുന്നുണ്ട്. വാതക കുമിളകളും ഇവിടെ നിന്നുയരുന്നു.

പര്‍വതത്തിനു സമീപം വെള്ളം ചൂടുപിടിക്കുന്നതായും കണ്ടെത്തി. ഇതെല്ലാം സൂചിപ്പിക്കുന്നത് ‘അറ’യില്‍ ലാവ കുമിഞ്ഞുകൂടുകയാണെന്നാണ്. തെക്കന്‍ ഒസൂമി ദ്വീപസമൂഹങ്ങള്‍ക്കാണ് അഗ്‌നിപര്‍വതം വഴിയുള്ള ഏറ്റവും വലിയ ഭീഷണി. എന്തായാലും കൂടുതല്‍ ഗവേഷണത്തിനൊരുങ്ങുകയാണ് സര്‍വകലാശാല അധികൃതര്‍. അഗ്‌നിപര്‍വതത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു പര്യവേക്ഷണ കപ്പല്‍ തന്നെ തയാറാക്കിക്കഴിഞ്ഞു. അഗ്‌നിപര്‍വത സ്‌ഫോടനത്തെ പ്രതിരോധിക്കാന്‍ തക്കതായ ഡേറ്റ ശേഖരിക്കുകയാണു ലക്ഷ്യം. പര്യവേക്ഷണത്തിനു മാര്‍ച്ചില്‍ തുടക്കമിട്ടുകഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button