തിരുവനന്തപുരം: രാജ്യാന്തര ഗൂഢാലോചന മുതല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി വരെ ആരോപിക്കപ്പെട്ട ഐ.എസ്.ആര്‍.ഒ. ചാരക്കേസ് പുനരന്വേഷിക്കാന്‍ കേരളാ പോലീസ് തയാര്‍. ചാരക്കേസിലെ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ലെന്നും എല്ലാം വ്യാജമാണെന്നുമാണ് അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കിയത്. തന്നെ കുടുക്കിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി വേണമെന്ന അപമാനിതനായ ശാസ്‌ത്രജ്‌ഞന്‍ നമ്പി നാരായണന്റെ ആവശ്യമാണ് കേസിനെ സജീവമാക്കി നിര്‍ത്തുന്നത്.
വിപുലമായ രാഷ്‌ട്രീയ സാധ്യതകള്‍ തിരിച്ചറിയുന്ന സി.പി.എമ്മും പുനരന്വേഷണത്തിന് അനുകൂലം. സുപ്രീം കോടതിയുടെ ഉത്തരവിനായാണ് കാത്തുനില്‍പ്പ്. അന്വേഷണമാകെ വിദ്വേഷഭരിതമായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വാദം. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ തെറിപ്പിക്കാന്‍ കിട്ടിയ വടിയായി കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ചാരക്കേസ് ഉപയോഗിച്ചെന്ന ചില നേതാക്കളുടെ വെളിപ്പെടുത്തലുകളിലാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും രാഷ്‌ട്രീയ നോട്ടം. ലക്ഷ്യം, സോളാര്‍ കേസിലെ ഹൈക്കോടതി വിധിയുടെ കരുത്തില്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടിയും അന്നു കരുണാകരനെതിരെ നിന്ന മുസ്ലിം ലീഗും.
ചാരത്തില്‍ നിന്നു നീറിപ്പിടിക്കുന്ന തീയില്‍ പലരും വെണ്ണീറാകുമെന്നാണു രാഷ്‌ട്രീയ കണക്കുകൂട്ടല്‍. മുന്‍ ഡി.ജി.പി. സിബി മാത്യൂസ് അടക്കമുള്ള ഉദ്യോഗസ്‌ഥര്‍ക്കെതിരേയാണ് നമ്പി നാരായണന്‍ നടപടി ആവശ്യപ്പെടുന്നത്. ആരെയും കുടുക്കാന്‍ ശ്രമിച്ചില്ലെന്നും അജ്‌ഞാത ശത്രുക്കളാണു തന്നെ പ്രതിസ്‌ഥാനത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുന്നതെന്നും “നിര്‍ഭയം” എന്ന പുസ്‌തകത്തില്‍ സിബി മാത്യൂസ് എഴുതിയിരുന്നു. കേരളത്തെ ഇളക്കിമറിച്ച നിരവധി കേസുകള്‍ക്കു തുമ്ബുണ്ടാക്കിയ ഉദ്യോഗസ്‌ഥനാണു സിബി മാത്യൂസ്.
ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ തയാറാണെന്ന് രണ്ടാഴ്‌ച മുന്‍പ് സി.ബി.ഐ. സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതു വേണ്ടെന്നു നിരീക്ഷിച്ചെങ്കില്‍ക്കൂടി, സംസ്‌ഥാന സര്‍ക്കാരിന്റെ ചുമതലയില്‍ പുനരന്വേഷണ സാധ്യത കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനു നിര്‍ദേശം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണു പോലീസ്. മിടുക്കനായ ഒരു ഐ.ജിയെ അന്വേഷണം ഏല്‍പ്പിക്കും. അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയാണു നമ്പി നാരായണന്റെ ആവശ്യമെങ്കിലും ചാരക്കേസാകെ അന്വേഷിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
Post Your Comments