KeralaLatest News

‘ഞങ്ങളുടെ നായനാര്‍ ഇങ്ങനല്ല!’ നായനാര്‍ പ്രതിമ കണ്ട സി.പി.എം. പ്രവര്‍ത്തകര്‍ രോഷത്തിൽ

കണ്ണൂര്‍: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാടിനു സമര്‍പ്പിച്ച നായനാര്‍ അക്കാഡമിക്കു മുന്നില്‍ സ്‌ഥാപിച്ച പ്രതിമ കണ്ടു നാട്ടുകാരും സിപിഎം പ്രവർത്തകരും അന്തം വിട്ടു. തങ്ങളുടെ മനസ്സിൽ ഒരിക്കലും മരിക്കാത്ത പ്രിയ സഖാവ് ഇ കെ നായനാരുടെ മുഖത്തിന്റെ ഏഴയലത്തു വരാത്ത ഒരു രൂപമായിരുന്നു പ്രതിമയിലുള്ളത്. ഇ.കെ. നായനാരുടേതാണെന്നു രാജസ്‌ഥാനിലെ ശില്‍പ്പികള്‍ പറയും, ഇതു ഞങ്ങളുടെ നായനാരല്ലെന്നു കണ്ണൂരുകാരും! പ്രതിമയ്‌ക്കു നായനാരുടെ മുഖഛായയില്ലെന്നു കണ്ടതോടെ അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന സി.പി.എം. പ്രവര്‍ത്തകര്‍ രോഷത്തിലാണ്‌. ഒപ്പം സമൂഹമാധ്യമങ്ങളിൽ ട്രോളന്മാർക്ക് പരിഹാസ വിഷയവും.

രാജസ്‌ഥാന്‍ സര്‍വകലാശാലയിലെ ശില്‍പകലാ വിഭാഗം ജയ്‌പുരില്‍ വച്ചു നിര്‍മ്മിച്ചതാണു വെങ്കല പ്രതിമ. ഒന്‍പതര അടി ഉയരവും 800 കിലോ തൂക്കവുമുള്ള പ്രതിമ നിര്‍മ്മിക്കുന്നതിനു നേതൃത്വം നല്‍കിയത്‌ തിരുവല്ല സ്വദേശിയും ശില്‍പകലാ വിഭാഗം അധ്യാപകനുമായ ജോണ്‍ കോവൂരാണ്‌.കേരളത്തിലെ ഒട്ടുമിക്ക നേതാക്കളുടെയും വെങ്കല പ്രതിമ നിര്‍മ്മിച്ചത്‌ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലത്തുള്ളവരാണ്‌. കൂടുതല്‍ മിഴിവ്‌ ലക്ഷ്യമിട്ടാണു നായനാരുടെ ചിത്രം ജയ്‌പുര്‍ സര്‍വകലാശാലക്കാരെ ഏല്‍പ്പിച്ചത്‌.

നായനാരെ അറിയാത്തവര്‍ നിര്‍മ്മിച്ചതാണു പിഴവിനു കാരണമെന്നാണു വിമര്‍ശനം ഉയരുന്നത്‌. പ്രതിമ അടിയന്തരമായി മാറ്റി നായനാരോട്‌ ആദരവ്‌ കാട്ടണമെന്നാണ്‌ പാര്‍ട്ടി അണികള്‍ ഇപ്പോൾ നേതൃത്വത്തോട്‌ ആവശ്യപ്പെടുന്നത്‌. സഖാവിന്റെ ഓരോ ചലനവും ഭാവവും അടുത്തറിയുന്ന പ്രഗത്ഭ ശില്‍പികള്‍ നാട്ടിലുണ്ടായിട്ടും അങ്ങ്‌ ജയ്‌പുരില്‍ പോകണമായിരുന്നോ എന്നാണു അണികളുടെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button