Article

ഏഴുമാസത്തോളം നീണ്ടു നിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ അവസാനിച്ചു; കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നായി

ഒത്തു പിടിച്ചാല്‍ മലയും പോരും എന്നൊരു ചൊല്ലുണ്ട്. അത്തരം ഒരു ചരട് നീക്കത്തിലൂടെ അധികാര കേന്ദ്രമായി മാറാന്‍ ഒരു ചുവപ്പന്‍ തന്ത്രം ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറത്ത് തയ്യാറായി. രാഷ്ട്രീയ ചരിത്രത്തില്‍ ചുവപ്പ് മാഞ്ഞു തുടങ്ങുന്ന ഇക്കാലത്ത് വലിയൊരു മാറ്റത്തിനു തുടക്കം കുറിച്ച് നേപ്പാള്‍ രാഷ്ട്രീയം. നേപ്പാളിലെ ഏറ്റവും വലിയ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും ഇനി മുതല്‍ ഒരേ തൂവല്‍ പക്ഷികള്‍. ഏഴുമാസത്തോളം നീണ്ടു നിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇരു പാര്‍ട്ടികളും ലയിച്ച്‌ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പുതിയ പാര്‍ട്ടിയുടെ പേര് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(എന്‍സിപി). കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച്‌ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നായത്.

nepali communist party എന്നതിനുള്ള ചിത്രം

തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ പാര്‍ട്ടികള്‍, ഒരുമിച്ചു നീങ്ങിയാല്‍ ഭാവിയില്‍ വലിയ നേട്ടമുണ്ടാക്കാം എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ലയിച്ചത്. നേപ്പാളിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരാണ് ലയിച്ച പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച കാഠ്മണ്ഡുവിലെ സിറ്റി ഹാളില്‍ നടന്ന ലയന പത്ര സമ്മേളനത്തില്‍ പ്രധാനമന്ത്രിയും സിപിഎന്‍ യുഎംഎല്‍ മേധാവിയുമായ കെ.പി ശര്‍മ ഒലിയും സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ നേതാവ് പുഷ്പകമാല്‍ ദഹലും മറ്റ് പ്രമുഖ നേതാക്കളും പങ്കെടുത്തു.

nepali communist party എന്നതിനുള്ള ചിത്രം

പാര്‍ട്ടി ഒന്നിച്ചെങ്കിലും ലയിക്കാന്‍ താമസം ഉണ്ടായതിനു പിന്നില്‍ അധികാരമോഹം തന്നെയായിരുന്നു. നേതാക്കളുടെ സ്ഥാനമാനങ്ങളെക്കുറിച്ചും പാര്‍ട്ടി നയരേഖ യെക്കുറിച്ചും വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. തുല്യ പ്രാധാന്യം ഇരു പക്ഷവും ആവശ്യപ്പെട്ടതോടെ ചര്‍ച്ചകള്‍ ഒത്തുതീര്പ്പിലെത്താന്‍ വൈകുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു കൂട്ടര്‍ക്കും ഒരുപോലെ അംഗീകരി ക്കാവുന്ന ഒരു തീരുമാനം ഉണ്ടാക്കുകയും ചെയ്തു. 441 അംഗ കേന്ദ്ര കമ്മിറ്റിയാകും പുതിയ പാര്‍ട്ടിക്കുണ്ടാകുക. അതില്‍ 241 പേര്‍ യുഎംഎലില്‍ നിന്നും 200പേര്‍ മാവോയിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും തിരഞ്ഞെടുക്കും. 25പേര്‍ യുഎംഎല്‍ അംഗങ്ങളും 18പേര്‍ മവേയിസ്റ്റ് പാര്‍ട്ടി അംഗങ്ങളും ചേര്‍ന്ന് പോളിറ്റ് ബ്യൂറോയില്‍ 43 അംഗങ്ങളാകും ഉണ്ടാകുക. കൂടാതെ ഇരു പാര്‍ട്ടികളുടെയും പേരിലുള്ള സ്വത്തുക്കള്‍ പുതിയ പാര്‍ട്ടിയുടെ പേരിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.

shortlink

Post Your Comments


Back to top button