കോഴിക്കോട് : സംസ്ഥാനത്ത് നിപ വൈറസും അത് സൃഷ്ടിക്കുന്ന ഭീതിയും ചെറുതല്ല. കേന്ദ്രസംഘം എത്തി രോഗം സ്ഥിരീകരിച്ചതുമാണ്. എന്നാല്‍ നിപ വൈറസ് പുതിയ തട്ടിപ്പെന്ന വാദവുമായി എത്തിയിരിക്കുകയാണ് ജേക്കബ് വടക്കുംചേരി എന്ന പ്രകൃതി ചികിത്സകന്‍. കേരളം മുഴുവന്‍ നിപ വൈറസ് രോഗത്തിന്റെ ആശങ്കയില്‍ ഉഴലുമ്പോള്‍ ഇതെല്ലാം വ്യാജ പ്രചരണമാണെന്നും ഇത്തരത്തിലൊരു വൈറസ് ഇല്ലെന്നുമാണ് ജേക്കബ് വടക്കുംചേരിയുടെ വാദം. എലിപ്പനി പോലെ ഒരു തട്ടിപ്പാണ് ഇതെന്നും മരണ സംഖ്യ വെറും ഭീതികൂട്ടാനായി പറയുന്നതാണെന്നും ജേക്കബ് വടക്കുംചേരി പറയുന്നു. പ്രകൃതി ചികിത്സകനായ ജേക്കബ് വടക്കഞ്ചേരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോക്കെതിരെ ജനകീയ ആരോഗ്യപ്രവര്‍ത്തകരടക്കം രംഗത്തെത്തി.
പനി ഉണ്ടായാല്‍ ബ്രിട്ടണിലൊക്കെ മൂന്ന് ദിവസം കാത്തിരിക്കാനാണ് പറയുന്നത്. അല്ലാതെ അപ്പോള്‍ തന്നെ മരുന്ന് കഴിക്കാറില്ല. അതാണ് പിന്തുടരേണ്ടത്. പനി ഉണ്ടായാല്‍ ധാരാളം വെള്ളം കുടിക്കുക ഫ്രഷ് ആയിട്ടുള്ള ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് പ്രതിവിധിയെന്നും അദ്ദേഹം പറയുന്നു. ഇവിടുത്തെ ആശുപത്രികളില്‍ നടക്കുന്നത് കാടന്‍ ചികിത്സയാണ്. മെഡിക്കല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കുകളില്‍ പറയുന്നതിന് നേരെ വിരുദ്ധമായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ്. ഭക്ഷണത്തിലെ കീടനാശിനികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് അന്വേഷിച്ചിറങ്ങിയ അനുപമ ഐഎഎസിനെ ഉടന്‍ തന്നെ സ്ഥലംമാറ്റി. അത്രയ്ക്ക് ശക്തമാണ് കീടനാശിനി കമ്പനികളുടെ സ്വാധീനമെന്നും അദ്ദേഹം പറഞ്ഞു.
ഡങ്കിപ്പനിയും തട്ടിപ്പായിരുന്നുവെന്ന് ഇദ്ദേഹം വാദിക്കുന്നു. ഡങ്കിപ്പനി കൊതുകുകടി മൂലമാണെന്നുള്ളതും വ്യാജ പ്രചരണമായിരുന്നു. അങ്ങനെയെങ്കില്‍ ആദ്യം മരിക്കേണ്ടത് കേരളത്തിലെ യാചകരാണ്. പിണറായിയിലെ കൊലപാതകവും ആദ്യം വൈറസ് മൂലമാണെന്നാണല്ലോ ഡോകടര്‍മാര്‍ കണ്ടെത്തിയതെന്നും ജേക്കബ് വടക്കഞ്ചേരി പരിഹസിക്കുന്നുണ്ട്.
തികച്ചും ശാസ്ത്രീയ അടിത്തറയില്ലാത്ത നിഗമനങ്ങളാണ് ജേക്കബ് വടക്കുംചേരി പ്രചരിപ്പിക്കുന്നതെന്ന എതിര്‍വാദവും വിഡിയോക്ക് താഴെ ഉയരുന്നുണ്ട്.
Post Your Comments