തോമസ് ചെറിയാന്‍ കെ
വ്രതശുദ്ധിയുടെ നിറവില്‍ ഓരോ വിശ്വാസിയും റമദാന്‍ നോമ്പ് ദിനങ്ങളിലേക്ക് കടക്കുകയാണ്. വിശ്വാസത്തിലൂന്നി വിശുദ്ധിയുടെ നിറവിലേക്ക് നടന്നടുക്കുകയാണ് നാമേവരും. നോമ്പ് നോല്‍ക്കുന്നവന് മാത്രമല്ല നോമ്പിലായിരിക്കുന്ന സഹോദരനെ സ്‌നേഹത്തോടും ബഹുമാനത്തോടും കരുതുന്ന ഒരോരുത്തരിലേക്കും ഈ പുണ്യം പകര്‍ന്ന് കിട്ടും. ഭൗതികമായ സാഹചര്യങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്ഠാനമായി മാത്രം നോമ്പിനെ കാണരുത്. അത് ആത്മീയമാണ്. ആത്മാവില്‍ നിന്ന് ഉണരുന്ന പ്രാര്‍ത്ഥനയാണ് നോമ്പിന്‌റെ ഓരോ നിമിഷങ്ങളും. നോമ്പിന്‌റെ വിശുദ്ധി ആരംഭിക്കുന്നത് തന്നെ ആത്മാവിനെ ശുദ്ധീകരിച്ചാണ്. അത്തരത്തിലുള്ള ശുദ്ധീകരണത്തിലേക്ക് കടക്കുമ്പോള്‍ നാം പ്രാധാന്യം നല്‍കേണ്ടത് ആത്മാവിനാണ് എന്നുള്ളതില്‍ സംശയമില്ല.
പ്രാര്‍ത്ഥനകള്‍ മുഴങ്ങുന്നത് നിസ്‌കാരിക്കുമ്പോള്‍ മാത്രമല്ല അല്ലാഹു നമുക്ക് സമ്മാനിച്ച ജീവ ശ്വാസമെന്ന അമൃത് ഓരോ നിമിഷവും ഉള്ളിലേക്ക് എടുക്കുമ്പോളും പ്രാര്‍ത്ഥനാ നിര്‍ഭരമായിരിക്കണം നമ്മുടെ മനസ്. ചിന്തകള്‍ ആത്മീയതയുടെ അലകടലാകണം. വിശുദ്ധിയും നിര്‍വൃതിയും നല്‍കാന്‍ പ്രാര്‍ത്ഥനയോളം കഴിവുള്ള മറ്റൊന്നില്ല. ഏത് പ്രാര്‍ത്ഥനയ്ക്കു പിന്നിലും നീറുന്ന ഒരു മനസുണ്ടാകും. നീറുന്നതും നുറുങ്ങിയതുമായുള്ള മനസുകള്‍ക്ക് കുളിര്‍മഞ്ഞായി പെയ്യുന്ന ഒന്നാണ് സര്‍വ്വശക്തനായ അല്ലാഹുവിന്‌റ കാരുണ്യം. ആ കാരുണ്യ വര്‍ഷത്തില്‍ പുതിയതായി മാറുകയാണ് ഓരോ വിശ്വാസിയും. ആത്മാവിന്‌റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന തെറ്റുകളും കുറ്റങ്ങളും ഒരു പക്ഷേ ജീവിതത്തില്‍ ഉണ്ടായെന്നിരിക്കാം. എന്നാല്‍ പശ്ചാത്തപിക്കുന്നവനെ കൈവിടാതെ പുതുക്കിയെടുക്കാന്‍ കഴിവുള്ളവനാണ് അല്ലാഹുവെന്ന് നാം പ്രാര്‍ത്ഥനയോടെ ഓര്‍ക്കണം. ചെയ്തു പോയ പാപങ്ങളില്‍ നിന്നും അല്ലാഹുവേ ഞങ്ങളോട് പൊറുക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയമാണിത്. നോമ്പിന്‌റെ വിശുദ്ധിയില്‍ കളങ്കമില്ലാത്ത പ്രാര്‍ത്ഥനകള്‍ അല്ലാഹു കേള്‍ക്കുമെന്ന് നാം ഉറച്ച് വിശ്വസിക്കണം. ആ തിരു സന്നിധിയില്‍ കണ്ണീരോടെ നാം സ്വയം അര്‍പ്പിക്കണം.
ഈ നോമ്പിലും നമുക്ക് ഏകാഗ്രമായി നമ്മുടെ ആത്മാവിനെ തിരു സന്നിധിയില്‍ അര്‍പ്പിക്കാം. ആ സന്നിധിയില്‍ നമ്മെ തന്ന പുതുക്കാം. വാക്കിലും പ്രവൃത്തിയിലും വിശുദ്ധിയുടെ കിരണങ്ങള്‍ തിളങ്ങുന്ന നാളുകളാകട്ടെ ഇനി മുന്നോട്ട് നമ്മിലേക്ക് വരുന്നത്. അതിന് ഈ നോമ്പ് നാളുകള്‍ നമ്മെ സഹായിക്കട്ടെ.
Post Your Comments