വിശുദ്ധ റമദാന്‍ വ്രതത്തിലാണ് ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസികള്‍. സൂര്യോദയം മുതല്‍ അസ്തമയം വരെ നീണ്ടു നില്‍ക്കുന്ന ഉപവാസമായതിനാല്‍ നോമ്പ് തുറക്കുമ്പോള്‍ ലഘു ഭക്ഷണങ്ങളും ധാരാളം വെള്ളം അടങ്ങിയ പഴങ്ങളുമാണ് കഴിക്കേണ്ടത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും പറയാറുണ്ട്. ആരോഗ്യത്തെ സംബന്ധിക്കുന്ന ചില ഘടകങ്ങളാണ് അതിനു പിന്നില്‍.
അതായത്, വിശ്വാസികൾ വ്രത ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിൽ കടുത്ത നിയന്ത്രണം വരുത്തുമ്പോൾ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടയാക്കും. പ്രധാനമായും ഉദര രോഗികളിൽ. ഉദര രോഗങ്ങൾക്കായി സ്ഥിരം മരുന്ന് കഴിക്കുന്നവർ വ്രതം എടുക്കുന്നത് അവരുടെ ശരീരത്തെ സാരമായി ബാധിക്കും.
നോമ്പ് കാലത്ത് ശരീരത്തിൽ ജലാംശം കുറയാനും ക്ഷീണം കൂടാനും സാധ്യതയുണ്ട്, അത് കൊണ്ട് തന്നെ നോമ്പ് തുടങ്ങുന്നതിന് മുമ്പും നോമ്പ് തുറന്ന ശേഷവും ധാരാളം വെള്ളം കുടിയ്ക്കണം. നിർജ്ജലീകരണം തടയാൻ ഇത് സഹായിക്കും. വൃക്കരോഗികൾ നിർബന്ധമായും ഇത് പിന്തുടരാൻ ശ്രദ്ധിക്കണം. കൂടാതെ ആമാശയത്തിൽ പുണ്ണ്, അള്‍സർ ഉള്ളവർ നോമ്പെടുക്കുമ്പോൾ വയറെരിച്ചിൽ കൂടാൻ സാധ്യതയുണ്ട് അതുകൊണ്ട് നോമ്പ് തുറക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴും വറുത്തതും പൊരിച്ചതും ഒഴിവാക്കണം. പൊതുവേ നോമ്പ് തുറ സമയത്ത് എല്ലാവരും വറുത്തതും പൊരിച്ചതും ഒഴിവാക്കുന്നത് ഉദരരോഗങ്ങള്‍ കുറയ്ക്കാൻ നല്ലത്.
Post Your Comments