
പുണ്യമാസം ആരംഭിച്ചതോടെ മരുന്ന് കഴിക്കുന്നവർക്ക് നോമ്പ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നാണ് പലരും നേരിടുന്ന ചോദ്യം. എന്നാൽ എന്തെങ്കിലും രോഗത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ അതു നിർത്തരുതെന്നാണ് വിദഗ്ദർ നൽകുന്ന ഉപദേശം. പ്രമേഹരോഗികളും ഹൃദ്രോഗികളും നോമ്പ് അനുഷ്ഠിക്കുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് വിശദപരിശോധന നടത്തണം. ഡോക്ടറുടെ വിദഗ്ധാഭിപ്രായം തേടിയശേഷം നോമ്പ് അനുഷ്ഠിക്കുന്നതാണ് ഉത്തമം.
മരുന്ന് കഴിക്കുന്നവർ നോമ്പ് തുടങ്ങും മുമ്പും തുറന്ന ശേഷവും അത് കഴിക്കാവുന്നതാണ്. ഉച്ചയ്ക്ക് മരുന്ന് ഉണ്ടെങ്കിൽ അത് ഡോക്ടറോട് ചോദിച്ച ശേഷം മറ്റൊരു സമയത്തേക്ക് മാറ്റാൻ ശ്രമിക്കുന്നത് നല്ലതാണ്. നോമ്പുകാലം കഴിഞ്ഞ ശേഷം ഒരു വിശദ ശാരീരിക പരിശോധനകൂടി നടത്തുന്നത് ഉത്തമമാണ്.
വ്രതസമയത്ത് ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്. രാത്രി അമിതഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. രാത്രി അമിതഭക്ഷണം ഒഴിവാക്കിയാൽ പിറ്റേദിവസം പകൽസമയത്തെ ക്ഷീണം കുറയും. നോമ്പ് തുറയ്ക്ക് ശേഷം ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണത്തിൽ ധാരാളം പഴവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം. മാംസാഹാരം കുറയ്ക്കുന്നതാണ് ഉത്തമം.
Post Your Comments