അജ്മാന്‍: ‘എനിക്കെന്റെ മകനെ എങ്ങനെയെങ്കിലും തിരിച്ചു കിട്ടണം. അതുമാത്രമാണ് എന്റെ ലക്ഷ്യം’- ഒരു മാസം മുന്‍പ് അജ്മാനില്‍ നിന്ന് കാണാതായ മകനെ അന്വേഷിച്ച് യുഎഇയിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയപറമ്പില്‍ നീലാംബരന്‍ പറയുന്നു.
അജ്മാന്‍ അല്‍ ഹാന ട്രാവല്‍സില്‍ ടിക്കറ്റ് ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന മകന്‍ ശ്രീകുമാറി(35)നെ ഏപ്രില്‍ 12 മുതലാണ് കാണാതായത്. താമസ സ്ഥലത്ത് രാവിലെ കുളിക്കാനായി കുളിമുറിയില്‍ കയറുന്നത് കണ്ടതായി ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നു. എല്ലാവരും ജോലി സ്ഥലത്തേയ്ക്ക് തിരിച്ചപ്പോള്‍ ശ്രീകുമാര്‍ മുറിയിലുണ്ടായിരുന്നു. പിന്നീട്, ഓഫീസിലെത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്
തൊഴിലുടമയും ശ്രീകുമാറിന്റെ നാട്ടുകാരനുമായ സലീം ആശുപത്രി, ജയില്‍, മോര്‍ച്ചറി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. തുടര്‍ന്ന് പിതാവ് ഈ മാസം ഒന്‍പതിന് നാട്ടില്‍ നിന്നെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ പരിചയക്കാരോടൊപ്പം അന്വേഷണം നടത്തിയ ശേഷം അജ്മാന്‍ മദീന പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിവരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീകുമാര്‍ അജ്മാനിലെ ട്രാവല്‍സില്‍ ജോലി ചെയ്യുന്നു. കാണാവുന്ന ദിവസം വരെ എന്നും നാട്ടില്‍ അമ്മയോട് ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു. ഇവിടെയോ നാട്ടിലോ ശ്രീകുമാറിന് യാതൊരു സാമ്പത്തിക പ്രശ്‌നവുമില്ലെന്ന് നീലാംബരന്‍ പറഞ്ഞു. എന്നാല്‍ നന്നായി മദ്യപിക്കുമായിരുന്നു. ഇതിന്റെ അനന്തരഫലമായി കുടുംബ പ്രശ്‌നമുണ്ടായി. ഭാര്യ ഏക മകനോടൊപ്പം അവരുടെ വീട്ടിലാണ് താമസം. വിവാഹമോചനത്തിനായുള്ള കേസ് കോടതിയില്‍ നടന്നുവരുന്നു.
ഒരു പക്ഷേ, ഈ വിഷമം കൊണ്ട് എങ്ങോട്ടെങ്കിലും പോയതാണോ എന്ന് നീലാംബരന്‍ സംശയിക്കുന്നു. എങ്കിലും താന്‍ വന്നതറിഞ്ഞാല്‍ മകന്‍ തിരിച്ചുവരാതിരിക്കില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ കുവൈത്ത് എംബസിയില്‍ ജോലി ചെയ്തിരുന്ന നീലാംബരന്‍ 2014ല്‍ തിരിച്ചു നാട്ടിലേയ്ക്ക് വന്നു. ശ്രീകുമാറും ഒന്നര വര്‍ഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ചെയ്തിരുന്നു. ശ്രീകുമാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0543742975 (നീലാംബരന്‍) / 055 195 0649(ധര്‍മന്‍) എന്ന നമ്പരില്‍ ബന്ധപ്പെടുക.
Post Your Comments