ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കം നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കൂടാതെ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിനുളള സുരക്ഷ പിന്‍വലിക്കുകയും ചെയ്തു. ബിഡദിയിലെ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചത്. 118 എംഎല്‍എമാരാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നിന്നത്. അര്‍ധരാത്രിയില്‍ സുപ്രീംകോടതി തുറന്ന് നടത്തിയ മാരത്തണ്‍ വാദത്തിനൊടുവിലാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.
കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി കോണ്‍ഗ്രസിന് വേണ്ടി വാദിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബിജെപിയ്ക്ക് വേണ്ടിയും അര്‍ധരാത്രിയില്‍ കോടതിയിലെത്തി.
മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാനോ ഗവര്‍ണറുടെ നടപടി റദ്ദാക്കാനോ തയ്യാറാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി നടപടികള്‍ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവച്ചത്.
Post Your Comments