തൃശൂര്‍: പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച വരന്തരപ്പിള്ളി സ്വദേശി യോഗേഷിന്റെ വീടിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. കഴിഞ്ഞ മാസം 21ന് രാത്രിയിലാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത വരന്തരപ്പിളളി കലവറക്കുന്ന് സ്വദേശി യോഗേഷ് കോയമ്പത്തൂര്‍ ജയിലില്‍വെച്ച് റിമാന്റിലിരിക്കെ മരിച്ചത്. വീടിന്റെ ജനല്‍ചില്ലുകളും സൈക്കിളും അക്രമികള്‍ തകര്‍ത്തു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് കത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അക്രമിസംഘം രക്ഷപ്പെട്ടു. കാറിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
കോടാലി ശ്രീധരനുമായി ചേര്‍ന്ന് കോയമ്പത്തൂരില്‍നിന്ന് മൂന്നുകോടി വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് യോഗേഷിനെ കസ്റ്റഡിയിലെടുത്തതെന്ന് പറയുന്നു. ഏപ്രില്‍ പത്തിന് വരന്തരപ്പിള്ളി പൗണ്ടില്‍നിന്നാണ് യോഗേഷിനെ തമിഴ്‌നാട് മധുക്കരൈ പോലീസ് പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്നുള്ള ദിവസങ്ങളിലായി വരാക്കര പുളിചുവട് മടവാക്കര വീട്ടില്‍ മണികണ്ഠന്‍, നന്തിപുലം മാപ്രാണത്തുകാരന്‍ ടിന്‍സണ്‍, പാലപ്പിള്ളി സ്വദേശി ഷെറീഫ്, പീച്ചി സ്വദേശി ധനേഷ് എന്നിവരെയും ഇതേ കേസില്‍ മധുക്കരൈ പോലീസ് പിടികൂടിയിരുന്നു.
തുടര്‍ന്ന് ഇവരെ തമിഴ്‌നാട് പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. എന്നാല്‍ ജയിലില്‍ വച്ച് ശ്വാസതടസം നേരിട്ട യോഗേഷിനെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പറഞ്ഞ് വീട്ടിലേക്ക് ഫോണ്‍ വരികയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തുംമുന്‍പേ മരണം സംഭവിച്ചിരുന്നു. യോഗേഷിന്റെ ജാമ്യത്തിനായി കോയമ്പത്തൂര്‍ മധുക്കര സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ആളും സംഘത്തിനൊപ്പമുണ്ടായതായി യോഗേഷിന്റെ സഹോദരന്‍ പറഞ്ഞു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് കസ്റ്റഡിയില്‍ നടന്ന ക്രൂര മര്‍ദ്ദനമാണ് മരണകാരണമെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പരാതി നല്‍കിയിരുന്നു. യോഗേഷിന്റെ മരണശേഷം ഭാര്യക്ക് തമിഴ് കലര്‍ന്ന മലയാളത്തിലും ഹിന്ദിയിലും ഭീഷണിപ്പെടുത്തി രണ്ട് പ്രാവശ്യം ഫോണ്‍ വന്നിരുന്നു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് യോഗേഷിന്റെ ഭാര്യ വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന ആക്ഷേപമുണ്ട്.
Post Your Comments