Kerala

വയലാര്‍ ശരത്ചന്ദ്ര വര്‍മയെ പൊന്തന്‍പുഴയില്‍ തടഞ്ഞുവെച്ചു

ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മയെ പൊന്തന്‍ പുഴയില്‍ തടഞ്ഞുവെച്ചു. കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഭൂമിയുണ്ടെന്ന വിവരമറിഞ്ഞ് പൊന്തന്‍പുഴ വനഭൂമിക്കടുത്തെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെയും ബന്ധുക്കളെയും പൊന്തന്‍പുഴ വലിയകാവ് വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്. കോടതി വിധിയിലൂടെ വനം കയ്യേറാന്‍ ശ്രമിക്കുന്നവരാണെന്ന് ആരോപിച്ചായിരുന്നു ഇത്.

ശരത്ചന്ദ്രവര്‍മ, ബന്ധുക്കളായ പ്രസാദ് വര്‍മ, കൃഷ്ണ കുമാര്‍, അയല്‍വാസികളായ ശ്രീകുമാര്‍, ജോസ് മാത്യു എന്നിവരെയാണ് തടഞ്ഞു വെച്ചത്. പെരുമ്പെട്ടി വില്ലേജ് ഓഫിസില്‍ എത്തിയ ശരത്ചന്ദ്ര വര്‍മയെയും സംഘത്തെയും തടഞ്ഞുവച്ച സമരക്കാര്‍ ജോസ് മാത്യു, ശ്രീകുമാര്‍, കൃഷ്ണകുമാര്‍ എന്നിവരെ സമരപ്പന്തലില്‍ ബന്ദികളാക്കി.

പിന്നീട് പോലീസ് എത്തി രണ്ട് പേരെ മോചിപ്പിച്ചു. എന്നാല്‍ ഒരാളെ വിടാന്‍ ഇവര്‍ തയ്യാറായില്ല. കലക്ടര്‍, ആര്‍ഡിഒ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാലേ ഇയാളെ വിടൂ എന്ന നിലപാടിലായിരുന്നു സമരസമിതി. ശരത്ചന്ദ്രവര്‍മയുടെ മുത്തച്ഛന് അവകാശപ്പെട്ട അഞ്ഞൂറേക്കറോളം ഭൂമി ഇവിടെയുണ്ടെന്നാണ് അവകാശവാദം.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഒരു മാസം മുന്‍പ് ശരത്ചന്ദ്രവര്‍മയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവായ കൃഷ്ണകുമാറിനു ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ വില്ലേജ് ഓഫിസില്‍ എത്തിയതെന്ന് പറയുന്നു. റിട്ട. സര്‍വേ ഉദ്യോഗസ്ഥനായ രാമചന്ദ്രന്‍ നായരാണ് ഇവരുടെ മുത്തച്ഛന് അവകാശപ്പെട്ട 500 ഏക്കറോളം ഭൂമി പൊന്തന്‍പുഴയിലുണ്ടെന്ന വിവരം നല്‍കിയത്.

shortlink

Post Your Comments


Back to top button