International

ഉത്തരകൊറിയ അവസാനം നടത്തിയ അണുബോംബിന്റെ തീവ്രതകണ്ട് നടുങ്ങി ലോകം

പ്യോംഗ്യോംഗ്: ഉത്തരകൊറിയ അവസാനം നടത്തിയ ആണുബോംബ് പരീക്ഷണത്തിന്റെ ശക്തികണ്ട് നടുങ്ങി ലോകം. ഉത്തരകൊറിയ 2017 സെപ്റ്റംബര്‍ മൂന്നിന് പരീക്ഷിച്ച അണുബോംബ് ഒരു പര്‍വതത്തെ മുഴുവനായി ചലിപ്പിക്കാന്‍ ശേഷിയുള്ളതായിരുന്നുവെന്നാണ് കണ്ടെത്തല്‍. അണുബോംബ് പരീക്ഷണത്തെത്തുടര്‍ന്ന് ഉത്തരകൊറിയന്‍ രഹസ്യ ആണവപരീക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന മാന്‍ടാപ് പര്‍വ്വതത്തിന് സ്ഥാനചലനമുണ്ടായെന്നാണ് ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്ത ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

മാന്‍ടാപ് പര്‍വ്വതം 11.5 അടി തെക്കോട്ട് നീങ്ങിയെന്നാണ് കണക്കാക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ പര്‍വതത്തിന്റെ വലിപ്പം 1.6 അടിയോളം കുറഞ്ഞതായും കണക്കാക്കുന്നു. ഉത്തരകൊറിയയുടെ ആറാമത്തെ ആണവപരീക്ഷണമായിരുന്നു അത്. ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലുതും. അണുപരീക്ഷണ കേന്ദ്രമായ പങ്യേ റിയില്‍ മാന്‍ടാപ് പര്‍വതത്തിന് സമീപം വലിയ ടണലിലായിരുന്ന പരീക്ഷണം നടത്തിയത്. ഹൈഡ്രജന്‍ ബോംബാണ് പരീക്ഷിച്ചതെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംഗ് ജോംഗ് ഉന്‍ അന്ന് അവകാശപ്പെട്ടിരുന്നു. അമേരിക്ക നാഗസാക്കിയില്‍ ഇട്ട അണുബോംബിന്റെ പത്തിരട്ടിയിലേറെ പ്രഹരശേഷിയുള്ളതാകും ഈ സ്ഫോടനമെന്നും കണക്കാക്കപ്പെടുന്നു.

അണുബോംബ് പരീക്ഷണത്തെത്തുടര്‍ന്ന് സമീപരാജ്യങ്ങളിലെ ഭൂകമ്പമാപിനികളില്‍ രണ്ട് ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതോടെയാണ് ഉത്തരകൊറിയ ആണവസ്ഫോടനം നടത്തിയെന്ന സൂചന ലോകരാജ്യങ്ങള്‍ക്ക് ലഭിച്ചത്. ആദ്യത്തെ ചലനം 6.3 തീവ്രതയും രണ്ടാമത്തേത് 4.1 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ തീവ്രത അനുസരിച്ച് 120 കിലോടണ്‍ മുതല്‍ 304 കിലോടണ്‍ വരെ ശക്തിയുള്ള സ്ഫോടനമാണ് ഉത്തരകൊറിയ നടത്തിയതെന്നാണ് കണക്കാക്കുന്നത്. 1996ല്‍ ഐക്യരാഷ്ട്ര സഭ ആണവപരീക്ഷണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം ലോകത്താകെ ഒന്‍പത് ആണവപരീക്ഷണങ്ങളാണ് നടന്നിട്ടുള്ളത്. അതില്‍ ആറും നടത്തിയത് ഉത്തരകൊറിയയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button