India

മകന്‍ പത്താംക്ളാസ് തോറ്റത് ആഘോഷിച്ച്‌ ഒരു കുടുംബം: കാരണം തിരക്കിയ നാട്ടുകാര്‍ക്ക് പിതാവിന്റെ കിടിലന്‍ മറുപടി

ഭോപ്പാല്‍: മകന്‍ പത്താംക്ളാസ് തോറ്റത് ആഘോഷിച്ച്‌ ഒരു കുടുംബം. മധ്യപ്രദേശിലെ സാഗര്‍ പട്ടണത്തിലെ ജനങ്ങളാണ് കഴിഞ്ഞ ദിവസം ഒരു അപൂര്‍വ ഘോഷയാത്രയ്ക്കും ബാന്‍റുമേളത്തിനും സാക്ഷിയായത്. പത്താംക്ളാസില്‍ നാല് വിഷയങ്ങളിലാണ് മകന്‍ തോറ്റത്. റിസല്‍റ്റ് വന്നതിനുശേഷം പിതാവ് സുഹൃത്തുക്കളേയും ബന്ധുക്കളേയും ഫോണില്‍ വിളിക്കുന്നതുകണ്ട് മകന്‍ അന്തിച്ചു നിന്നു. പിന്നീടായിരുന്നു മധുരവിതരണവും ബാന്‍റുമേളത്തോടൊപ്പമുള്ള ഘോഷയാത്രയും.

ഇതില്‍ കൗതുകം കണ്ടെത്തിയ പ്രദേശത്തെ ജനങ്ങളും പിന്നീട് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. പത്താംക്ളാസില്‍ തോറ്റ തന്‍റെ മകനുവേണ്ടിയായിരുന്നു പിതാവ് ഇതെല്ലാം ഒരുക്കിയത്. അസാധാരണമായ ആഘോഷം കണ്ട് മൂക്കത്ത് വിരല്‍വച്ച നാട്ടുകാര്‍ക്ക് മധുരം നല്‍കിക്കൊണ്ട് ആ പിതാവ് പ്രഖ്യാപിച്ചു. “എന്‍റെ മകന്‍റെ ജീവിതത്തിലെ അവസാനത്തെ പരീക്ഷയൊന്നുമല്ല ഇത്.

ഈ പരീക്ഷയില്‍ തോറ്റുപോയതുകൊണ്ട് ജീവിതം നഷ്ടപ്പെട്ടു എന്ന തോന്നല്‍ അവനുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്തത്.” തിങ്കളാഴ്ച പത്താംക്ളാസ് ഫലം വന്നതിനുശേഷം മധ്യപ്രദേശിലൊട്ടാകെ 11 കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതില്‍ 6 പേര്‍ മരിച്ചു. പത്താംക്ളാസില്‍ 34 ശതമാനവും പ്ളസ് ടുവില്‍ 32 ശതമാനവും കുട്ടികളാണ് ഇത്തവണ പരാജയപ്പെട്ടത്. കൂടുതല്‍ പഠിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും പിതാവിന്‍റെ ട്രാന്‍സ്പോര്‍ട്ട് ബിസിനസില്‍ പങ്കാളിയാകാനാണ് ഉദ്ദേശിക്കുന്നതെന്നും വിദ്യാര്‍ഥി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button