രാത്രി നിര്‍വഹിക്കുന്ന സുന്നത്തു നിസ്‌കാരങ്ങളില്‍ (ഖിയാമുല്ലൈല്‍) റമദാനില്‍ മാത്രം നിര്‍വഹിക്കേണ്ടുന്ന നിസ്‌കാരമാണ് ‘ഖിയാമു റമദാന്‍’ അഥവാ തറാവീഹ് നിസ്‌കാരം. തറാവീഹ് എന്നോ ‘ഖിയാമു റമദാന്‍’ എന്നോ അല്ലാതെ ‘ഖിയാമുല്ലൈല്‍’ എന്ന നിയ്യത്ത് ഈ നിസ്‌കാരത്തിന് സാധുവാകില്ല. മുന്‍ റമദാനിലെ തറാവീഹ് ഖദാഅ് വീട്ടാന്‍ വേണ്ടിയല്ലാതെ റമദാന്‍ അല്ലാത്ത മാസങ്ങളില്‍ തറാവീഹ് നിസ്‌കരിക്കല്‍ നിഷിദ്ധമാണ്.
ഇതര മാസങ്ങളിലെ ഖിയാമുല്ലൈലിന് റമദാനില്‍ പറയുന്ന പേരാണ് തറാവീഹ് എന്ന വിശ്വാസം തെറ്റാണ്. തഹജ്ജുദ്, വിത്ര്, തറാവീഹ് എന്നിവയെല്ലാം വ്യത്യസ്ത രാത്രി നിസ്‌കാരങ്ങളാണ്. സുബ്ഹിന്റെ സമയമായാല്‍ ഖദാആയിപ്പോകുന്നതു കൊണ്ടാണ് അവക്ക് ഖിയാമുല്ലൈല്‍ എന്നു പറയുന്നത്. രാത്രി നിസ്‌കരിക്കുന്നതു കൊണ്ട് ഖിയാമുല്ലൈല്‍ എന്നും ഇടയ്ക്ക് വിശ്രമിക്കുന്നതു കൊണ്ട് തറാവീഹ് എന്നും ഒറ്റ റക്അത്തില്‍ അവസാനിക്കുന്നതു കൊണ്ട് വിത്ര് എന്നും ഉറങ്ങിയെണീറ്റ് നിസ്‌കരിക്കുന്നതിനാല്‍ തഹജ്ജുദ് എന്നും റമദാനിലാകുമ്പോള്‍ ഖിയാമു റമദാന്‍ എന്നും ഒരേ നിസ്‌കാരത്തിന്റെ വ്യത്യസ്ത നാമങ്ങളാണെന്ന പുത്തന്‍വാദികളുടെ വാദം ബാലിശമാണ്. ശിയാക്കളില്‍പെട്ട റാഫിളികള്‍ എന്ന പിഴച്ച വിഭാഗം തുടങ്ങിവച്ച വാദമാണത്.
ഖിയാമുല്ലൈല്‍ നുബുവ്വത്തിന്റെ ആദ്യകാലത്തേ അല്ലാഹു കല്‍പിച്ചതാണ്. (ഖുര്‍ആന്‍ 73:2). സൂര്യാസ്തമയം മുതല്‍ ഫജ്ര് വരെ നീളുന്ന രാത്രിയുടെ സിംഹഭാഗമോ പകുതിയോ അതില്‍ കുറച്ചോ നിസ്‌കരിക്കല്‍ അക്കാലത്ത് നിര്‍ബന്ധമായിരുന്നു. അന്നുണ്ടായിരുന്ന തുലോം സ്വഹാബികളില്‍ ചിലരൊക്കെ രാത്രി മുഴുവനും നിസ്‌കരിക്കുമായിരുന്നു.
പിന്നീട് (ഒരു വര്‍ഷത്തിനു ശേഷം) രാത്രി നിസ്‌കാരം സാധിക്കുന്നത്ര നിര്‍വഹിച്ചാല്‍ മതിയെന്ന് അല്ലാഹു തന്നെ ഇളവു നല്‍കി. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മിഅ്റാജ് ദിനത്തില്‍ അഞ്ച് ഫര്‍ള് നിസ്‌കാരങ്ങള്‍ നല്‍കപ്പെട്ടതോടെ രാത്രി നിസ്‌കാരം പൂര്‍ണമായും ഐഛികമാക്കപ്പെട്ടു.
യഥാര്‍ഥത്തില്‍ മദീനാ കാലയളവില്‍ ഒരു റമദാനിന്റെ 23, 25, 27 രാവുകളില്‍ നബി (സ) യും സ്വഹാബിമാരും സംഘടിതമായി ആരംഭിച്ച സവിശേഷ നിസ്‌കാരമാണ് തറാവീഹ്. അതുകൊണ്ടാണ് അത് ‘ഖിയാമു റമദാന്‍’ എന്നറിയപ്പെട്ടത്. ഇതര മാസങ്ങളിലില്ലാത്തതും അന്ന് തുടങ്ങിയതും പിന്നീട് ഉമര്‍ (റ) വിന്റെ ഭരണകാലത്തിന്റെ തുടക്കത്തില്‍ പുനരേകീകരിച്ചതുമായ റമദാനിലെ സ്പെഷ്യല്‍ നിസ്‌കാരമാണ് തറാവീഹ്.
അതേസമയം തഹജ്ജുദ് നിസ്‌കാരം മക്കാ കാലഘട്ടത്തില്‍ തന്നെ ഖുര്‍ആനില്‍ കല്‍പിക്കപ്പെട്ടതാണ് (ഖുര്‍. 17:79). വിത്റും വേറിട്ട നിസ്‌കാരമാണ്. ”തീര്‍ച്ചയായും അല്ലാഹു ചുവന്ന മൃഗങ്ങളേക്കാള്‍ ഉത്തമമായ ഒരു നിസ്‌കാരം കൊണ്ട് നിങ്ങളെ സഹായിച്ചിരിക്കുന്നു”. വിത്ര് നിസ്‌കാരമാണത്. ഇശാഇന്റെയും സുബ്ഹിന്റെയുമിടയിലാണ് അതിനെ നിശ്ചയിച്ചിട്ടുള്ളത് എന്നു കുറിക്കുന്ന ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments