ഇടുക്കി: രക്തം ഛര്‍ദ്ദിച്ച് മരിച്ച ജനപ്രതിനിധിയുടെ മരണത്തില്‍ ദുരൂഹത. പഞ്ചായത്തംഗത്തിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കട്ടപ്പന ഡിവൈഎസ്പി എന്‍.സി.രാജ്മോഹനാണ് അന്വേഷണച്ചുമതല. വണ്ടന്മേട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വെള്ളിമലയിലെ മെമ്പര്‍ രാജാക്കണ്ടം പുത്തന്‍പുരയ്ക്കല്‍ ജോസ് മാത്യു (65) ആണ് കഴിഞ്ഞ എട്ടിനു മരിച്ചത്. മരണത്തില്‍ ദുരൂഹത അന്ന് തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്തംഗത്തിന് ഒട്ടേറെ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്നും ഇവരാണ് അപായപ്പെടുത്തിയതെന്നും ബന്ധുക്കളുടെ പരാതിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് വണ്ടന്മേട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.
രണ്ടു തവണ പഞ്ചായത്തംഗമായിരുന്നു ജോസ് മാത്യു. മരിക്കുന്നതിന് എതാനും ദിവസം മുന്‍പ് ആരോ ജോസ് മാത്യുവിനു മദ്യം നല്‍കിയതിനെത്തുടര്‍ന്നു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിനുശേഷം മരിക്കുന്നതിനു തലേന്നു പഞ്ചായത്ത് ഓഫിസിലേക്ക് ആരോഗ്യവാനായി പോയ ജോസ് മാത്യുവിന് ചിലര്‍ ചേര്‍ന്നു വീണ്ടും മദ്യം നല്‍കി. തിരികെ വീട്ടിലെത്തി രക്തം ഛര്‍ദിച്ചപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാലാണു ജോസ് മാത്യുവിന്റെ ഭാര്യ മോളി ജോസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പൊതുപ്രവര്‍ത്തന രംഗത്തു സജീവമായിരുന്ന ജോസ് മാത്യു ജനങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും ഓടിയെത്തിയിരുന്നു.
ജനപ്രതിനിധിയായിരുന്ന ജോസ് മാത്യുവിനെ മനഃപൂര്‍വം മദ്യത്തില്‍ എന്തെങ്കിലും കലര്‍ത്തി നല്‍കി അപായപ്പെടുത്തിയിരിക്കാമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരണത്തിനു തലേന്നുമുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണു ബന്ധുക്കളുടെ ആവശ്യം.
Post Your Comments