പാലക്കാട്•എടപ്പാള്‍ തീയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്‌തീന്‍കുട്ടി (60) യുടെ വിളിപ്പേര് സ്വര്‍ണക്കുട്ടി എന്നാണത്രേ. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സംഭാവനങ്ങള്‍ വാരിക്കോരി നല്‍കുന്നതിനാലാണ് മൊയ്തീന്‍ കുട്ടിയ്ക്ക് ഈ വിളിപ്പേര് വീണത്. പ്രാദേശിക രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് മൊയ്തീന്‍കുട്ടി കാത്ത്സൂക്ഷിച്ചിരുന്നത്. ഈ ബന്ധങ്ങളാണ് ഇയാള്‍ക്കെതിരെ പരാതി കിട്ടിയിട്ടും കേസേടുക്കുന്നതില്‍ നിന്നും പോലീസിനെ പിന്തിരിപ്പിച്ചതെന്നാണ് സൂചന.
മൊയ്തീന്‍കുട്ടിയ്ക്കെതിരെ കേസെടുത്തതോടെ ഇയാളെ പള്ളിക്കമ്മറ്റിയില്‍നിന്നു പുറത്താക്കിയിട്ടുണ്ട്. തൃത്താല ടൗണ്‍ പളളി മഹല്ല് കമ്മറ്റി എക്‌സിക്യൂട്ടീവ് മെമ്ബറായിരുന്നു. എന്നാല്‍, പീഡനകേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ശനിയാഴ്‌ച രാത്രിയില്‍ മഹല്ല് കമ്മറ്റി യോഗം ചേര്‍ന്ന് ഇയാളെ പുറത്താക്കുകയായിരുന്നു.
സി.പി.എം പ്രാദേശിക നേതൃത്വവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെയും യുവജനസംഘടനയുടെയും പരിപാടികളുടെ പ്രധാന സ്‌പോണ്‍സര്‍ പലപ്പോഴും മൊയ്‌തീന്‍കുട്ടിയായിരുന്നു എന്നാണ് ആരോപണം. എന്നാല്‍, സി.പി.എം. ഏരിയാ സെക്രട്ടറി പി.എന്‍. മോഹനനനും മുന്‍ ഏരിയാ സെക്രട്ടറി വി.കെ. ചന്ദ്രനും മൊയ്‌തീന്‍കുട്ടിയുമായി പാര്‍ട്ടിക്കു ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചു. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു മോഹനന്‍ ആവശ്യപ്പെട്ടു.
മൊയ്തീന്‍കുട്ടി ലീഗിന്റെ പ്രവാസി സംഘടനയുടെ നേതാവാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. മൊയ്‌തീന്‍കുട്ടിയുമായി ബന്ധമുണ്ടെന്ന പ്രചാരണം തൃത്താല പഞ്ചായത്ത് ലീഗ് കമ്മറ്റി നിഷേധിച്ചു. അപവാദ പ്രചരണത്തിനെതിരേ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
വിദേശത്ത് ജ്വല്ലറി ബിസിനസ് നടത്തുന്ന മൊയ്തീന്‍കുട്ടി മാസത്തില്‍ മൂന്നും നാലും തവണ രാജ്യത്തിനു പുറത്തുപോയി വരാറുണ്ട്. കാങ്കുന്നത്ത് ഹോം ആപ്ലയന്‍സ് എന്ന സ്‌ഥാപനം അടക്കം കോടികളുടെ ആസ്‌തിയാണു മൊയ്‌തീന്‍കുട്ടിക്കുള്ളത്. രണ്ടു മാസം മുമ്ബായിരുന്നു മകളുടെ ആഡംബര വിവാഹം. നാട്ടുകാരുമായും ഇയാള്‍ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്.
Post Your Comments