കരുനാഗപ്പള്ളി: മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്തു കേരളാ പോലീസ് മാതൃക കാട്ടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് പോലീസിന്റെ ഈ പ്രവര്‍ത്തി. കരുനാഗപ്പള്ളി സ്വദേശി സൗന്ദനെയാണ് ജാമ്യ ഉത്തരവ് കാണിച്ചിട്ടും അത് വകവയ്ക്കാതെ അറസ്റ്റ് ചെയ്തത്. ബന്ധുവുമായുള്ള പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സൗന്ദനെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച ഈ കേസില്‍ കൊല്ലം സെഷന്‍സ് കോടതി സൗന്ദന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
ഇത് പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ രാത്രി ഓട്ടീസം ബാധിച്ച മകനുമായി ഉറങ്ങിക്കിടക്കവേ സൗന്ദനെ കരുനാഗപ്പള്ളി സ്റ്റേഷനിലെ എസ്‌ഐ മനാഫ് വീട് തള്ളിത്തുറന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ സൗന്ദന്റെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി ജാമ്യ ഉത്തരവ് വീണ്ടും കാണിച്ചു. എന്നിട്ടും അഞ്ച് മണിവരെ സ്റ്റേഷനിലിരുത്തി. പിന്നീട് ബന്ധുക്കള്‍ അഭിഭാഷകനെയും കൂട്ടിയെത്തിയപ്പോഴാണ് സൗന്ദനെ വിടാന്‍ പൊലീസ് തയ്യാറായത്. വീഴ്ച സമ്മതിച്ച പൊലീസ് സൗന്ദന് ജാമ്യം കിട്ടിയ കാര്യം അറിഞ്ഞില്ലെന്ന വാദവും ഉന്നയിച്ചു.
അതേസമയം കരുനാഗപ്പള്ളി എസ്‌ഐ മുനാഫിനെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. എസ്‌ഐക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ എഡിജിപി ഉത്തരവ് നല്‍കിയിരുന്നു. ദക്ഷിണ മേഖല എഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ് അനുസരിച്ച് കരുനാഗപ്പള്ളി എസിപി സൗന്ദന്റെ വീട്ടിലെത്തി മൊഴിയെടുത്തു.
Post Your Comments