കുര്‍ണൂല്‍•പതിമൂന്നുകാരന്‍ തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലാണ് സംഭവം. രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാണ് 13 കാരനായ മകന്‍ 23 കാരിയെ വിവാഹം ചെയ്തത്.
കഴിഞ്ഞമാസമായിരുന്നു ഇവരുടെ വിവാഹം. ഏപ്രില്‍ 23-നാരംഭിച്ച വിവാഹകര്‍മങ്ങള്‍ ഏപ്രില്‍ 27-നു പുലര്‍ച്ചെ മൂന്നിനാണ് അവസാനിച്ചത്. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ ഗ്രാമവാസിയാണ് വധു.
വധൂവരന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ഇരുവരുടേയും കുടുംബങ്ങള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ അധികൃതര്‍. അറസ്റ്റ് ഭയന്നാണ് ഇവര്‍ മുങ്ങിയത്.
ജില്ല വനിതാ ശിശുക്ഷേമ ഓഫീസര്‍ ശാരദ, തഹസില്‍ദാര്‍ ശ്രീനിവാസ റാവു എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘം വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗ്രാമം സന്ദര്‍ശിച്ചെങ്കിലും വരന്റെ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
കര്‍ഷകത്തൊഴിലാളികളാണ് ആണ്‍കുട്ടിയുടെ അച്ഛനും അമ്മയുമെന്ന് അയല്‍ വാസികള്‍ പറഞ്ഞു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. ഇതിനിടെയാണ് അമ്മയ്ക്ക് രോഗം പിടിപെട്ടത്. തന്റെ മരണശേഷം മദ്യപാനിയായ ഭര്‍ത്താവ് മക്കളെ നോക്കില്ലെന്ന് മാതാവ് ഭയന്നു. തന്റെ മരണശേഷം കുടുംബം നോക്കാന്‍ പ്രായപൂര്‍ത്തിയായൊരു സ്ത്രീ വീട്ടില്‍ വേണമെന്ന അമ്മയുടെ തീരുമാനമാണ് കാര്യങ്ങള്‍ ഈ വിധമാക്കിയത്.
”നിയമസാധുതയില്ലാത്തതിനാല്‍ വിവാഹം റദ്ദാക്കിയേക്കും. രണ്ടുദിവസത്തിനകം വരനെയും വധുവിനെയും ജില്ലാ അധികൃതരുടെ മുന്‍പില്‍ ഹാജരായില്ലെങ്കില്‍ ഇവര്‍ക്കെതിരേ കേസെടുക്കും” -തഹസില്‍ദാര്‍ ശ്രീനിവാസറാവു മാധ്യമങ്ങളോട് പറഞ്ഞു.
ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്.
Post Your Comments