ചെങ്ങന്നൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഗുരുതരാവസ്ഥയില്‍. പോലീസ് മര്‍ദ്ദനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എരുമാലകോളനി ആര്യഭവനത്തില്‍ അഖില്‍(23)ആണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ് അഖില്‍ ഉള്ളത്. ഒരു കേസുമായി ബന്ധപ്പെട്ട് കൂട്ടുകാരുടെ വിവരങ്ങള്‍ നല്‍കാനാണ് അഖിലിനെ കൊണ്ടുപോകുന്നതെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ചെങ്ങന്നൂര്‍ സിഐ ദിലീപ്ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി അഖിലിനെ കസ്റ്റഡിയിലെടുത്തത്.
ഏറെ വൈകിയിട്ടും അഖില്‍ തിരികെ എത്താഞ്ഞതോടെ അഖിലിന്റെ അമ്മ ശോഭന ബന്ധുക്കളുമൊത്ത് രാത്രി ഒരുമണിയോടെ ചെങ്ങന്നൂര്‍ സ്റ്റേഷനിലെത്തിയെങ്കിലും അഖില്‍ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് രാവിലെ നാലുമണിയോടെയാണ് അഖിലിനെ സ്റ്റേഷനിലെത്തിച്ചത്. ഈ സമയം മര്‍ദ്ദനമേറ്റ് അവശ നിലയിലായിരുന്നതായി വീട്ടുകാര്‍ പറയുന്നു. അഖിലിന്റെ ആരോഗ്യനില വഷളായതോടെയാണ് പോലീസിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.
പോകും വഴി അഖിലിന്റെ ആരോഗ്യനില കൂടുതല്‍ ഗുരുതരമായതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യാതൊരുവിധ അസുഖങ്ങളും ഇല്ലായിരുന്ന അഖിലിനെ പോലീസ് വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ഇങ്ങനെ സംഭവിച്ചതെന്ന്‍ അഖിലിന്റെ അമ്മ ശോഭന പറഞ്ഞു. പോലീസ് മദ്ദിച്ചിട്ടുണ്ടോ എന്ന വിവിരം അഖിലിന് ബോധംവീണതിന് ശേഷം മാത്രമേ പറയുവാന്‍കഴിയൂ.
കൂട്ടുകാരുമായി ചേര്‍ന്ന് വീടുകയറി അക്രമിച്ചതായി അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അഖിലിന്റെ ശരീരത്തില്‍ പാടുകള്‍ ഉണ്ടായിരുന്നതായും ശോഭന പറഞ്ഞു. എന്നാല്‍ സ്റ്റേഷനില്‍വെച്ച് അഖിലിന് അപസ്മാരം വന്നതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
Post Your Comments