ലോകത്ത് അമ്മയെ ഇഷ്ടപ്പെടാത്തവരുണ്ടോ ? അങ്ങനെയെങ്കില്‍ ഒരു ദിനം ആഘോഷിച്ചാലോ ? എന്തും ആഘോഷിക്കുന്നവർ സ്വന്തം അമ്മയ്ക്ക് വേണ്ടി ഒരു ദിവസം ആഘോഷിക്കുന്നതിൽ തെറ്റൊന്നുമില്ല. വഴക്കിടുമ്പോഴും, മിണ്ടാതിരിക്കുമ്പോഴും ഉള്ളില്‍ അമ്മയോട് സ്‌നേഹം സൂക്ഷിക്കുന്നവര്‍ തന്നെയാകും നമ്മളെല്ലാം. ജീവന്റെ പാതിയായ അമ്മമാര്‍ക്ക് വേണ്ടി ഒരു ദിവസം മാത്രം മാറ്റിവയ്ക്കുന്നത് മതിവരുമെന്ന് തോന്നുന്നുണ്ടോ? എപ്പോഴാണ് നിങ്ങള്‍ അവസാനമായി അമ്മയെ ഒന്നു കെട്ടിപ്പിടിച്ചത്? അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു എന്നു പറഞ്ഞത്? ഓരോ വര്‍ഷവും മാതൃദിനത്തിന് പ്രാധാന്യം ഏറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയില്‍ ഈ വര്‍ഷം മെയ് 13-ാം തീയതി നാം മാതൃദിനം ആഘോഷിക്കുന്നത്.
മറ്റ് പലതിലുമെന്ന പോലെ അമേരിക്കയില്‍ നിന്ന് തന്നെയാണ് മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. പിന്നീട് മറ്റ് രാഷ്ട്രങ്ങളും ഇത് ഏറ്റെടുത്തു. അതോടെ ലോകവ്യാപകമായി തന്നെ അമ്മമാര്‍ക്കായി ഒരു ദിനം നിലവില്‍ വന്നു.
1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിനം പ്രചാരണത്തിന് തുടക്കമിട്ടത്. 1908 ല്‍ ഈ പ്രചാരണം ഫലം കണ്ടു. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച് ഈ പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.
അതേസമയം, യുകെയിലും അയര്‍ലൻഡിലും മാര്‍ച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃ ദിനമായി ആഘോഷിച്ച് പോരുന്നത്. ഗ്രീസില്‍ കിഴക്കന്‍ ഓര്‍ത്തഡോക്‌സസ് വിശ്വാസികള്‍ക്ക് കൂടുതല്‍ വിശ്വാസപരമായ ഒന്നാണ് മാതൃ ദിനം. ക്രിസ്തുവിനെ പള്ളിമേടയില്‍ പ്രദര്‍ശിപ്പിച്ചാണ് ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്. ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി രണ്ടാണ് ഇവര്‍ മാതൃ ദിനമായി ആചരിക്കുന്നത്.
അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം. ക്രൈസ്തവ മത രാഷ്ട്രങ്ങളില്‍ ചിലത് ഈ ദിവസം വിശുദ്ധ മേരി മാതാവിന്റെ ദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമാണ് ബൊളീവിയയില്‍ മാതൃദിനം. മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം രാജ്യാന്തര വനിതാ ദിനമാണ് മാതൃദിനമായി ആഘോഷിക്കുന്നത്.
ഇതില്‍ ഏത് ദിവസമാണ് നമ്മുടെ രാജ്യം തിരഞ്ഞെടുത്തതെന്നതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. ഏത് ദിവസമായാലും അമ്മയോട് ഉള്ള സ്‌നേഹവും കരുണയും അതേ നിലയില്‍ പങ്കുവയ്ക്കാന്‍ സാധിക്കണം. അതിന് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യവുമില്ല. എല്ലാ ദിവസവും മാതൃദിനമായിരിക്കട്ടെ.
Post Your Comments