ന്യൂഡൽഹി: ആർ.എസ്.എസ് നേതാക്കളെ ലക്ഷ്യമിട്ട് ഖാലിസ്ഥാൻ ഭീകര സംഘടന നടത്തിയ ഗൂഢാലോചന അന്താരാഷ്ട്രതലത്തിലുള്ളതാണെന്ന് എൻ.ഐ.എ റിപ്പോര്‍ട്ട് . 2016 ജനുവരി മുതൽ 2017 ഒക്ടോബർ വരെ പഞ്ചാബിൽ നടന്ന എട്ടു ആക്രമണങ്ങളെക്കുറിച്ച് അന്വേഷിച്ച എൻ.ഐ.ഐ സംഘമാണ് സംഭവത്തിൽ അന്താരാഷ്ട്രബന്ധമുണ്ടെന്ന് കണ്ടെത്തിയത്. പാകിസ്ഥാൻ , ബ്രിട്ടൻ , ഇംഗ്ളണ്ട് , ഓസ്ട്രേലിയ, കാനഡ , ഇറ്റലി , യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഖാലിസ്ഥാൻ ഭീകരർ ഗൂഢാലോചനയിൽ പങ്കാളിയായതായി എൻ.ഐ.എ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഇതു സംബന്ധിച്ച് ഇന്ത്യൻ വംശജനും കാനഡയിൽ സ്ഥിരതാമസക്കാരനുമായ ഹർദീപ് സിംഗ് നിജ്ജാറിനെതിരെ എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തു. ആർ.എസ്.എസ് നേതാവ് രവീന്ദർ ഗൊസയിന്റെ കൊലപാതകവും ഇതിലുൾപ്പെടും. ആർ.എസ്.എസ് നേതാക്കളെ വധിക്കാനുള്ള പദ്ധതിക്കായി വലിയ സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ടെന്നും ഇത് ഇറ്റലി , ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണെന്നും എൻ.ഐ.എ കണ്ടെത്തി. രവീന്ദർ ഗൊസെയ്ൻ കേസിൽ അറസ്റ്റിലായ ഹർദീപ് സിംഗിന്റെയും രമൺ ദീപ് സിംഗിന്റെയും റിക്രൂട്ട്മെന്റ് പരിശീലനം തുടങ്ങിയവയ്ക്കായുള്ള ഗൂഢാലോചന നടന്നത് ഇറ്റലിയിലും ദുബായിലുമാണ്.
ഗൂഢാലോചനയുടെ കൃത്യമായ സംയോജനം നടത്തിയത് പാകിസ്ഥാനിൽ നിന്നും ഹർമീത് സിംഗ് എന്ന ഖാലിസ്ഥാൻ ഭീകര നേതാവാണെന്നും അന്വേഷണ ഏജൻസി കണ്ടെത്തി. ആർ.എസ്.എസ് നേതാവ് ജഗദീഷ് ഗഗ്നേജയുടെ വധത്തിനു പിന്നിലും ഖാലിസ്ഥാൻ ഭീകരരാണെന്ന് കണ്ടെത്തിയിരുന്നു. ആർ.എസ്.എസിനെതിരെ ഖാലിസ്ഥാൻ ഭീകര സംഘടനയുടെ ആക്രമണം ആദ്യമായല്ല. ഭീകര പ്രവർത്തനം ശക്തമായ കാലത്ത് മുപ്പതോളം ആർ.എസ്.എസ് പ്രവർത്തകരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഹിന്ദു-സിഖ് സഹകരണം ശക്തമാക്കിയതിനും ഖാലിസ്ഥാൻ വിഘടന വാദത്തെ ചെറുത്തു നിന്നതിനുമായിരുന്നു ഭീകരർ ആർ.എസ്.എസിനെതിരെ തിരിഞ്ഞത്.
ആക്രമണങ്ങൾക്ക് പിന്നിൽ ഐഎസ്‌ഐയുടെ വ്യക്തമായ ഇടപെടലുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇടക്കാലത്ത് മന്ദീഭവിച്ച ഖാലിസ്ഥാൻ ഭീകര പ്രവർത്തനം പാക് പിന്തുണയോടെ വീണ്ടും ശക്തമാക്കാൻ ശ്രമം നടക്കുന്നതിന്റെ സൂചനയാണ് ഇപ്പോൾ ആർ.എസ്.എസ് നേതാക്കൾക്കെതിരെ നടക്കുന്ന ആക്രമണമെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
Post Your Comments