കോട്ടയം: ശശി തരൂര്‍ എംപിയോട് ദ വേവ്സ് ഇന്റര്‍നാഷണല്‍ എന്ന നവമാധ്യമ കൂട്ടായ്മയുടെ പുരസ്‌കാര ദാന ചടങ്ങില്‍ തീരദേശ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥിനിക്ക് നേരെ സൈബര്‍ ആക്രമണം. തിരുവനന്തപുരം പുതിയതുറ സ്വദേശിനിയായ ജിമ റോസിനെതിരെയാണ് നവമാധ്യമങ്ങളിലൂടെ് അസഭ്യവര്‍ഷമുണ്ടായിരിക്കുന്നത്. തീരത്തോടും തീരജീവിതങ്ങളോടും അധികാരവര്‍ഗ്ഗം കാണിക്കുന്ന നിസ്സംഗത, അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് ജിമ എംപിയുള്ള വേദിയില്‍ പറഞ്ഞത്. പുരസ്‌കാരം നല്‍കി ആദരിക്കാന്‍ വന്നവരെ അപമാനിച്ചുവെന്നാണ് പ്രധാന ആരോപണം. ജാതി പറഞ്ഞുള്ള വിമര്‍ശനവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തനിക്ക് ബഹുമാനപ്പെട്ട എം.പി ശശി തരൂരിനെക്കൊണ്ട് നല്‍കിയ കോസ്റ്റല്‍ എക്‌സലന്‍സ് അവാര്‍ഡ് അവര്‍ക്കു തന്നെ തിരിച്ചു കൊടുക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍, ജിമയുടേത് ആരോഗ്യകരമായ ചര്‍ച്ചയായിരുന്നുവെന്നും തന്നെ അപമാനിച്ചതായി തോന്നിയില്ലെന്നും തിരുവനന്തപുരം എംപി എന്ന പേജില്‍ പറയുന്നു. ജിമയുടെ ഇടപെടലുകള്‍ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും എംപി വ്യക്തമാക്കി. പെൺകുട്ടി പറയുന്നത് ഇങ്ങനെ , അവാര്‍ഡ് ഏറ്റുവാങ്ങിയ മുഴുവന്‍ പേരുടെയും പ്രതിനിധിയായിട്ടാണ് എന്നെ മറുപടി പ്രസംഗത്തിന് ക്ഷണിച്ചത്. അതുകൊണ്ടു തന്നെ ബഹുമാനപ്പെട്ട ശശി തരൂര്‍ എംപി യോട് അനുവാദം ചോദിച്ചുകൊണ്ട് എന്നെയും സദസ്സിലിരിക്കുന്ന എന്നോടൊപ്പം അവാര്‍ഡ് ഏറ്റുവാങ്ങിയ എന്റെ സഹപ്രവര്‍ത്തകരെയും ചൂണ്ടിക്കാണിച്ച് ഇതുപോലെ ഇനിയും അവസരം കിട്ടാത്തവരായി ധാരാളം പേര്‍ തീരഗ്രാമങ്ങളിലുണ്ട്.
എന്നാല്‍ അവരെ പുറകോട്ടു വലിക്കുന്ന ധാരാളം സംഗതികളുണ്ട്, തീരത്തോടും തീരജീവിതങ്ങളോടും അധികാരവര്‍ഗ്ഗം കാണിക്കുന്ന നിസ്സംഗത, അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കടലിന്റെ സ്വാഭാവികത നശിപ്പിക്കുമ്പോള്‍ അവിടെ ബാധിക്കപ്പെടുന്ന പ്രകൃതിയുമായിണങ്ങി കഴിയുന്ന ഒരുകൂട്ടമാളുകള്‍, ഓഖിയടക്കമുള്ള മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ വന്നെത്തി നോക്കി കടന്നുപോകുമ്പോള്‍ അവിടെ ഹനിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാമാന്യമായ മനുഷ്യാവകാശ ലംഘനങ്ങള്‍,തീരങ്ങളില്‍ തനിച്ചാക്കപ്പെടുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദുരിതാവസ്ഥകള്‍, വോട്ടുചോദിക്കാന്‍ മാത്രം മുറ്റങ്ങളില്‍ വരുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പ് തുടങ്ങിയ വിഷയങ്ങളാണ് പത്തുമിനിറ്റ് നേരമെടുത്ത് ഞാന്‍ ജനങ്ങളാല്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ മുന്നില്‍ വച്ച് എന്നെ പുരസ്‌കാരത്തിനു ക്ഷണിച്ച ആ പൊതുസദസ്സിനോടു പറഞ്ഞു വച്ചത്.
ഞാന്‍ സംസാരിക്കുന്ന വീഡിയോ ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഒപ്പം തന്നെ തീരത്തുനിന്നുള്ള പുതിയ തലമുറ തങ്ങളനുഭവിക്കുന്ന ഈ ഓരപ്പെടുത്തലുകളെയും, തങ്ങള്‍ക്കു നേരെയുള്ള പൊതു സമൂഹത്തിന്റെ ചൂഷണ മനോഭാവങ്ങളെയും കാണുന്നും മനസ്സിലാക്കുന്നുമുണ്ട്, ഞങ്ങള്‍ ലംഘിക്കപ്പെടുന്ന ഞങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് തികച്ചും ബോധവാന്മാരാകുന്നുണ്ട് എന്നുകൂടെ പറഞ്ഞാണ് ഞാന്‍ വര്‍ത്തമാനം അവസാനിപ്പിച്ചത്. ഞാന്‍ പറഞ്ഞു നിര്‍ത്തിയതിന് തൊട്ടുപിന്നാലെ ഞാന്‍ പറഞ്ഞതിന് സ്വന്തം നിലയില്‍ വിശദീകരണം നല്‍കാനും ‘ഇത്തരത്തിലുള്ള ആരോഗ്യകരമായ സംവാദങ്ങള്‍ ജനാധിപത്യത്തിന്റെ ഓക്‌സിജനാണ്’ തുടങ്ങിയ പ്രസ്താവാനകള്‍ മറുപടിയില്‍ പറഞ്ഞുകൊണ്ട് എന്നെ പ്രോത്സാഹിപ്പിക്കാനും ബഹുമാനപ്പെട്ട ശശി തരൂര്‍ എംപി ശ്രദ്ധിച്ചുവെന്നത് എന്നെപ്പോലുള്ള വളര്‍ന്നു വരുന്ന യുവശബ്ദങ്ങള്‍ക്കുള്ള അംഗീകാരമായി ഞാന്‍ കരുതുന്നു.
പരിപാടി കഴിഞ്ഞതിന് തൊട്ടുപിന്നാലെ ധാരാളം പേര്‍ വന്ന് അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയുമുണ്ടായി. എന്നാല്‍ ഞാന്‍ വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അന്നു രാത്രി മുഴുവന്‍ ദ വേവ്സ് ഇന്റര്‍നാഷണല്‍ എന്ന നവമാധ്യമ കൂട്ടായ്മയ്ക്കുള്ളില്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും വളരെ അപമാനിച്ചുകൊണ്ടും നിരവധി ചര്‍ച്ചകള്‍ നടന്നതായി സുഹൃത്തുക്കള്‍ എനിക്കയച്ചു തന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വഴി ഞാനറിഞ്ഞു. വിളിച്ചു വരുത്തി ആദരിച്ചവര്‍ തന്നെ കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങളിലൂടെ എന്റെ വ്യക്തിത്വത്തെയും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീ സമൂഹത്തെ മുഴുവനായും അപമാനിക്കുന്നത് കാണേണ്ട ഗതികേട് എനിക്കുണ്ടായി. ഇത്രയും സംഘടിതമായി എനിക്കുനേരെ വാക് അക്രമണമഴിച്ചുവിടുന്നതിന് ന്യായീകരണമായി അവര്‍ പറഞ്ഞത്, ശശി തരൂരിനെപ്പോലുള്ളൊരു വിശിഷ്ടാതിഥിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ്.
ഞാന്‍ വേദിയറിഞ്ഞ് സംസാരിച്ചില്ലെന്നതാണ്. ഇതുപോലുള്ള വേദികളല്ലാതെ ഒരു മത്സ്യത്തൊഴിലാളി അംഗമെന്ന നിലയില്‍, തീരെ അവശതയനുഭവിക്കുന്ന ഒരു ജനതയുടെ പെണ്‍ പ്രതിനിധിയെന്ന നിലയില്‍ മറ്റെന്തു വേദികളാണ് സാര്‍ ഞങ്ങളുടെ കാര്യങ്ങള്‍ തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് ലഭ്യമായുള്ളത്? ശശി തരൂര്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയല്ലേ, തദ്ദേശിയ ജനതയായ മത്സ്യത്തൊഴിലാളികളുടെ വോട്ടു വിഹിതംകൊണ്ടു കൂടെയാണല്ലോ അദ്ദേഹം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. അപ്പോള്‍ ആ ജനങ്ങളുടെ പ്രശ്‌നങ്ങളല്ലാതെ മറ്റാരുടെ പ്രശ്‌നങ്ങളെയാണ് സാര്‍ അദ്ദേഹം കേള്‍ക്കേണ്ടത്? ഈ പറയുന്ന സര്‍ക്കാര്‍ സംവിധാനങ്ങളടക്കം സാധാരണക്കാരനെ കേള്‍ക്കാന്‍ എന്തു പൊതുവേദികളാണ് സാര്‍ അവനുവേണ്ടി ഒരുക്കിയിട്ടുള്ളത്? ഇനിയും മിണ്ടാന്‍ കഴിയാതെ ചുമരുകള്‍ക്കുള്ളില്‍ വിമ്മിക്കഴിയുന്ന പെണ്ണുങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഞാന്‍ വാ തുറന്ന് മിണ്ടിയതാണോ തെറ്റ്?
അതുകൊണ്ട്, ദ വേവ്‌സ് ഇന്റര്‍നാഷണലിന്റെ ബന്ധപ്പെട്ട പ്രതിനിധികള്‍ ദയവു ചെയ്ത് നിങ്ങള്‍ എനിക്കു തന്ന ഈ അപമാനമുള്ള അവാര്‍ഡ് തിരികെ കൈപറ്റണമെന്ന ഒരു അഭ്യര്‍ത്ഥനകൂടെ ഈ എഴുത്തിന്റെ അവസാനത്തില്‍ ഞാന്‍ പറഞ്ഞു വയ്ക്കുന്നു. അല്ലെങ്കില്‍ മറ്റൊരു പൊതുവേദിയില്‍ വച്ച് നിര്‍ബന്ധപൂര്‍വ്വം തന്നെ എനിക്ക് ഈ അവാര്‍ഡ് നിങ്ങളെ തിരിച്ചേല്‍പ്പിക്കേണ്ടതായി വരും എന്നുകൂടെ സൂചിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു.
Post Your Comments