Kerala

ദിവസത്തില്‍ ഒരു തവണയെങ്കിലും ഒരു ഹിംസ്ര മൃഗത്തെപ്പോലെ അവനെന്നെ കടിച്ചു കീറാന്‍ വന്നു; ഓട്ടിസം ബാധിച്ച മകനെക്കുറിച്ച് അമ്മയെഴുതിയ കുറിപ്പ് ആരുടേയും കണ്ണ് നനയ്ക്കും

ഓട്ടിസം ബാധിച്ച തന്റെ മകനെ കുറിച്ച്‌ അമ്മ എഴുതിയ കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു. ജി പി പ്രീത എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ മകനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഇതെഴുതി പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് വരെ എനിക്ക് സ്വസ്ഥമായി ഇരിക്കാന്‍ കഴിയുമോയെന്നറിയില്ലെന്നും എന്റെ മടിയിലിരുന്നൊരായിരം കൊഞ്ചലുകളും , ഉമ്മകളും ഏറ്റു വാങ്ങിയ അവന്‍ ഉണര്‍ന്നു വരുമോയെന്നു എന്റെ ചങ്കിടിച്ചു കൊണ്ടേയിരിക്കുന്നുണ്ടെന്നും പ്രീത വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഒന്നര ദിവസത്തെ ആത്മകഥ. ഇതെഴുതി പൂർത്തിയാക്കാൻ കഴിയുന്നത് വരെ എനിക്ക് സ്വസ്ഥമായി ഇരിക്കാൻ കഴിയുമോയെന്നറിയില്ല. ഉറക്കം അവസാനിപ്പിച്ച് ഒരു വന്യമൃഗത്തെപ്പോലെ എന്റെ മുല കുടിച്ചു, എന്റെ കൈ പിടിച്ചു പിച്ചവെച്ച, എന്റെ മടിയിലിരുന്നൊരായിരം കൊഞ്ചലുകളും , ഉമ്മകളും ഏറ്റു വാങ്ങിയ അവൻ ഉണർന്നു വരുമോയെന്നു എന്റെ ചങ്കിടിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. എങ്കിലും എനിക്കെഴുതണം. ഓട്ടിസം പോലെയുള്ള അവസ്ഥകൾ അതിന്റെ ഇരകൾ എങ്ങനെ നേരിടുന്നുവെന്നു.

എന്തിനിവൻ ഇതൊക്കെ ചെയ്യുന്നു എന്നു തിരിച്ചറിയാനാവാതെ പതറി നിന്നിട്ടുണ്ട്. സ്വഭാവങ്ങളിലെ വിചിത്ര രീതികളും, വൈജാത്യങ്ങളും നമ്മുടെ അറിവുകൾ കൊണ്ടും, യുക്തി കൊണ്ടും മാനേജുചെയ്തും , അതിജീവിച്ചു വരുമ്പോളാകും നമ്മളെ അടിമുടി തകർക്കുന്ന പുതിയ പെരുമാറ്റ വൈകല്യങ്ങളുമായാവും അവർ വരിക.

കഴിഞ്ഞ ഒരാഴ്ചയായി അവൻ ഇടക്ക് ഏതോ വൈകാര്യകതയുടെ ഭാഗമായി സ്വയം കടിക്കുന്നതിനൊപ്പം എന്നേയും കടിക്കാൻ ശ്രമിക്കുന്നു. രാവിലെയോ , വൈകുന്നേരമോ രണ്ടോ മൂന്നോ മിനിറ്റു നീളുന്ന ഒരു പ്രവർത്തി. ആദ്യ ദിനം പതറിപ്പോയി. കൈ മുഴുവൻ കടി കൊണ്ടു കരിനീലിച്ചു കിടന്നു. ഇത്രയും നാളത്തെ അനുഭവം വച്ചു സെൻസറി ഇഷ്യു ആകും എന്നു കരുതി , അതിനുള്ള ചില പൊടിക്കൈകൾ ചെയ്തു. എങ്കിലും ദിവസത്തിൽ എപ്പോഴെങ്കിലും ഒരു തവണ ഒരു ഹിംസ്ര മൃഗത്തെപ്പോലെ അവനെന്നെ കടിച്ചു കീറാൻ വന്നു .

എന്തു ചെയ്യണമെന്നു ആലോചിച്ചപ്പോൾ ഒരു വഴിയേ തെളിഞ്ഞുള്ളു, തിരിച്ചു വയലന്റായി പ്രതികരിക്കുക. അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു… അതിനു ശേഷം അവൻ എന്നെ കെട്ടിപ്പിടിക്കും, ഉമ്മകൾ കൊണ്ടു മൂടും.. എല്ലായ്പ്പോഴും പോലെ. മുമ്പൊക്കെ രാവിലെ ഉണരുമ്പോൾ ഞാൻ ചെയ്യുന്നതു പോലെ എന്റെ നെറ്റിയിൽ ഉമ്മ തരും, ഇടക്ക് ഉണർന്നാൽപ്പോലും ചിലപ്പോൾ ഉമ്മ തരും, എണീറ്റു പോകുന്നതിനു മുമ്പ് എന്റെ നെറ്റിയിൽ ഉമ്മ വയ്ക്കും, എന്നിട്ടു ഉഞ്ഞാൽ ആടാൻ പോകും. രാത്രിയിൽ ഉറങ്ങാൻ കിടന്നാൽ പാട്ടു കേട്ടുറങ്ങും. ചിലപ്പോൾ നിർബന്ധപൂർവ്വം എന്നെ ഒപ്പം കിടത്തും. ആ കുട്ടിയാണ് എന്നെ ഒരു വന്യ മ്യഗത്തെപ്പോലെ ആക്രമിക്കുന്നത്.

അതിനിടയിലാണ് അമ്മ പറഞ്ഞത് പരിചയത്തിലുള്ള ഒരു ഓട്ടിസ്റ്റിക്കായ കുട്ടി വല്ലാതെ വയലന്റായപ്പോൾ കണ്ട ഡോക്ടറെ കുറിച്ചും , ഉണ്ടായ മാറ്റത്തെ കുറിച്ചും. സിദ്ദിനെയും കൂട്ടി പുറത്തു പോകുക എളുപ്പമല്ല. അവനിഷ്ടമല്ല. എങ്കിലും ഡോക്ടറെ വിളിച്ചു, അവന് സിറ്റിംഗ് ടോളറൻസ് ഇല്ലാത്തതു കൊണ്ട് ഫോണിൽ പറയട്ടെ കാര്യങ്ങൾ എന്നു ചോദിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, കുട്ടിയെ ആരെയെങ്കിലും ഏൽപ്പിച്ചു നിങ്ങൾ തനിയെ വരൂ. ഞാൻ : അങ്ങനെ ഏൽപ്പിക്കാൻ ആരും ഇല്ല. കഴിഞ്ഞ ദിവസം ബ്ലഡ് ടെസ്റ്റ് ചെയ്യാൻ അമ്മയെ ഏൽപ്പിച്ചു പോയ അനുഭവം ആയിരുന്നു മുമ്പിൽ.

പിറ്റേന്ന് ഡോക്ടറെ കാണുന്നതിനു മുമ്പ് പറയാൻ ഉള്ളതൊക്കെ ഒരു ബുക്കിൽ എഴുതി. അവനെ പുറത്ത് ഞാൻ മാനേജ് ചെയ്യാംമെന്നും, ഡോക്ടർ അതൊക്കെ വായിച്ചു ക്ലാരിഫിക്കേഷൻ ആവശ്യപ്പെട്ടാൽ കൊടുത്താൽ മതിയല്ലോയെന്നും കരുതി.

പക്ഷേ അവനെന്നെ അവിടെ നിലം തൊടീച്ചില്ല. ഡോക്ടർ പെട്ടന്ന് ഞാൻ മരുന്നെഴുതാം. കുട്ടി വല്ലാതെ ഇറിറ്റബിളാണ്. അത് കുറയട്ടെ എന്നു പറഞ്ഞു പ്രിസ്ക്യപ്ഷൻ എഴുതി . അതിനിടക്ക് സിദ്ദ് പുറത്തേക്കോടി. ഞാൻ പ്രിസ്ക്യപ്ഷനും വാങ്ങി ഫീസ് പോലും കൊടുക്കാൻ മറന്ന് പുറത്തേക്കോടി . ഇതിനിടയിൽ അവൻ ഏതോ ആളുകൾ അവിടെ വന്ന ഓട്ടോയിൽ കയറി ഇരിപ്പുറപ്പിച്ചു. ഡ്രൈവറെ കൊണ്ടു, വരുന്ന വഴി മരുന്നു വാങ്ങിയിച്ചു. ബസിൽ ഇരുന്നപ്പോൾ ആണോർ ത്തത് ഡോക്ടറുടെ ഫീസിന്റെ കാര്യം. വിളിച്ചു സോറി പറഞ്ഞു . ഇനിയും വരുമ്പോൾ തരാംന്നും.

രാത്രിയിൽ മരുന്നു കഴിച്ചു 8.30 ക്കുറങ്ങിയ കുഞ്ഞ് 9.45 വരെ ഉറങ്ങി. ഉണർന്നത് എന്നത്തേയും പോലെ ശാന്തമായോ , ഊഞ്ഞാലിലേക്കോ ആയിരുന്നില്ല. ഒരു തരത്തിൽ പല്ലു തേപ്പിച്ചു കുളിപ്പിച്ചു . ബ്രേക്ക് ഫാസ്റ്റ് കൊടുത്തു.

അതിനു ശേഷം മയക്കത്തിനും ഉറക്കത്തിനുമിടയിൽ അവൻ വന്യമൃഗത്തെപ്പോലെ എന്നെ ഉപദ്രവിച്ചു. ഓരോ തവണയും ഞാൻ പലതവണ കടി കൊണ്ടു. പ്രതിരോധിക്കുന്നതിനിടയിൽ എന്റെ നഖം കൊണ്ടുമൊക്കെ എന്റെ കുഞ്ഞിന്റെ മുഖം മുറിഞ്ഞു. ഓരോ പത്തു മിനിറ്റിലും ഇതൊക്കെ ആവർത്തിച്ചു. അവളെ കൊല്ലല്ലേ , നിന്നെ എങ്ങനയാ അവൾ നോക്കുന്നത്, പൊന്നു പോലയല്ലേ എന്നൊക്കെ അമ്മ അലറി ക്കരഞ്ഞു.

ഇതിനിടക്ക് ചില ഡോക്ടർമാരേയും സുഹൃത്തുക്കളോടുമൊക്കെ പ്രസ്തുത മരുന്ന് ഇത്തരം കേസിൽ കൊടുക്കുന്നതാണെന്ന് ഉറപ്പു വരുത്തി. മയക്കം വിട്ടുമാറാത്തതു കൊണ്ട് അവന്റെ റൂട്ടിൻ , ഊഞ്ഞാലാട്ടം ഒക്കെ മുടങ്ങിയതിലുള്ള ഇറിറ്റേഷൻ ആകുമെന്ന എന്റെ ഒബ്സർവേഷൻ ചിലപ്പോൾ ശരിയാകാമെന്ന് ഒരു ഡോക്ടർ പറഞ്ഞു. എങ്കിൽ പകുതി doze നല്കാമെന്ന് സുഹൃത്തിന്റെ ഒപ്പം ഞാൻ തീരുമാനിച്ചു . അങ്ങനെ ഈ രാത്രി പകുതി doze നല്കി. പക്ഷേ ഉറക്കത്തിനും മയക്കത്തിനുമിടയിൽ വീണ്ടും അവനെന്നെ ഉപദ്രവിക്കാനെത്തി. അമ്മ അവളെ കൊല്ലല്ലേ യെന്ന് അലറി കരഞ്ഞു. അവർ ദ്രാന്തിയെപ്പോലെ തന്നത്താൻ അലച്ചു.

നീ ഏതെങ്കിലും കയത്തിൽപ്പോയി ചാടി ചത്തോ, അവൾ വല്ലയിടത്തും പാത്രം കഴുകിയായാലും ജിവിക്കുമെന്ന വർ കരഞ്ഞു. ഞാൻ അമ്മയോട് നിങ്ങൾ അടുത്ത വീട്ടിൽ പൊക്കോ .. ഞാൻ അവനെ മാനേജ് ചെയ്തൊളാം . ഞാൻ എങ്ങനെ പോകും . ‘നിന്നെ കൊല്ലുമവൻ … ഇതിനിടക്ക് അമ്മ അടുത്ത വീട്ടിലേക്ക് ഫോൺ ചെയ്തു . കസിൻസ് വന്നു.. എല്ലാവരും ഇരിക്കെ ബഹളങ്ങൾ കുറച്ചു കുറച്ചുഅവൻ ഉറങ്ങാൻ കിടന്നു. ഞാൻ പതിയെ തട്ടി കൊടുത്തു . 10 30 തോടവൻ ഉറങ്ങി. അവരും പോയി.

നാളെ നേരം വെളുക്കുന്നതോർത്തെനിക്കു പേടിയാണ്. ഇനിയും കടി കൊള്ളാൻ കൈയിൽ സ്ഥലമില്ല. ഉണരാതെ എന്നന്നേക്കും ഉറങ്ങിപ്പോകണമെന്നു ആഗ്രഹിക്കാൻ പോലും കഴിയില്ല. ആരവനെ എങ്ങനെ നോക്കും. മരണം പോലും ലക്ഷറിയാണ് ചിലപ്പോൾ.

എത്ര ഫോൺ കോളുകൾക്കു വേണ്ടി കാത്തിരുന്നു. എത്ര പേരെ ബുദ്ധി മുട്ടിച്ചു. ശല്യമാകുമോയെന്നു ഭയന്നു. അവർ എന്തു കരുതുമെന്ന് ആകുലപ്പെട്ടു. എന്നിട്ടും വിളിച്ചു ബുദ്ധിമുട്ടിച്ചു. അതിനിടക്ക് മരുന്നു തന്ന ഡോക്ടർ എവിടെയെങ്കിലും കൊണ്ടു അഡ്മിറ്റ് ചെയ്തു , ഐസലേറ്റ് ചെയ്യൂ എന്ന് പറഞ്ഞു. എവിടെ എങ്ങനെ കൊണ്ടു പോകുമെന്ന് നെഞ്ചകം അലറി കരഞ്ഞു.

അവന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു എന്നത്തേയും പോലെ അവനൊപ്പം ഉറങ്ങാൻ ഇന്നെനിക്കു പേടിയാണ്. ഇപ്പളാണ് ഇത്തിരി ചോറുണ്ടത്. ദിവസം മുഴുവൻ ഒന്നും കഴിച്ചില്ല . കുളിച്ചില്ല. കുളിച്ചിട്ടുള്ള ഞങ്ങളുടെ വൈകിട്ടത്തെ നടത്തവും ഇല്ല.

എന്റെ കുഞ്ഞിന്റെ മുഖം …. നുണക്കുഴികളിൽ കുസൃതി എഴുതിയ കുഞ്ഞിമുഖം. എന്തിനാണ് എന്റെ കുഞ്ഞേ ഈ വന്യഭാവങ്ങൾ.

ഇതെഴുതിയത് മുഴുവൻ മനുഷ്യർക്കും വേണ്ടിയാണ്. ഓട്ടിസ്റ്റിക്കായ കുഞ്ഞുങ്ങളെ നോക്കുന്നവരോട് നിങ്ങൾ കരുണ ഉള്ളവരാകണം . എനിക്ക് ഉപദേശം വേണ്ട. Be bold , brave , ഈ സമയം കടന്നു പോകും എന്നൊന്നും. പറ്റുമെങ്കിൽ ജീവിതത്തിൽ ഇത്തരം മനുഷ്യരോടെ കരുണയുള്ളവർ ആകുക. മനുഷ്യന്റെ കാരുണ്യത്തിലാണ് അതിജീവിച്ചതൊക്കെയും. ചേർത്തു നിർത്തിയ സുഹൃത്തുക്കളുടെ ധൈര്യത്തിലും……

നാളെത്തെ ദിവസം ഉണരുന്നതോർത്തൊരു ചങ്കിടിക്കുന്നുണ്ട്, ഭയാശങ്കകളാൽ…. മരണം പോലും ആർഭാടമായ മനുഷ്യരുണ്ടി ഭൂമിയിൽ……

shortlink

Related Articles

Post Your Comments

Related Articles


Back to top button