ശിവാനി ശേഖര്‍
സാധാരണ ഒരു കുഞ്ഞിനെ വളർത്താൻ അമ്മമാർ പരാതിപ്പെട്ടി തുറക്കുമ്പോൾ “ഓട്ടിസം”എന്ന ,ആസാധാരണത്വത്തിന്റെ നിഴലിലേക്ക് ജനിച്ചു വീഴുന്ന കുഞ്ഞിനായി വെല്ലുവിളികൾ അതിജീവിച്ച് അസാമാന്യ ധൈര്യത്തോടെ മുന്നേറുന്ന ഒരു പറ്റം അമ്മമാരുണ്ട്! ഈ “മാതൃദിനം” അവർക്കായി നമുക്ക് മാറ്റി വെയ്ക്കാം!
തലച്ചോറിലുണ്ടാകുന്ന ചില വൈകല്യങ്ങൾ മൂലമാണ് കുഞ്ഞുങ്ങളിൽ “ഓട്ടിസം” എന്ന അവസ്ഥയുണ്ടാകുന്നത്! തീരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഇത് തിരിച്ചറിയാൻ കഴിയില്ലെങ്കിലും കുഞ്ഞുങ്ങൾക്ക് രണ്ടു,മൂന്നു വയസ്സുള്ളപ്പോൾ മുതൽ ലക്ഷണങ്ങൾ പ്രകടമാകുന്നു! തനിയെ ഇരിക്കുക, ചില വസ്തുക്കളിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രതികരണശേഷി ഇല്ലാതിരിക്കുക, ചില നേരങ്ങളിൽ അക്രമവാസനയുണ്ടാകുക… എന്നിങ്ങനെ പല അവസ്ഥകളിലൂടെയാണ് ഈ കുഞ്ഞുജീവിതങ്ങൾ കടന്നു പോകുന്നത്! കൗൺസിലിങ്ങ്, വിവിധ തെറാപ്പികൾ, ചികിത്സകൾ, സ്പെഷ്യൽ ട്രെയിനിങ്ങ്.. എന്നിവയിലൂടെയൊക്കെ ഒരു പരിധി വരെ ഈ അവസ്ഥയെ നീയന്ത്രിക്കാമെങ്കിലും പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല എന്ന് വേദനാജനകമായ സത്യവും ഉൾകൊള്ളേണ്ടിയിരിക്കുന്നു!!
ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ പ്രത്യേകിച്ച് അമ്മമാർ സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ ചില്ലറയല്ല! കുഞ്ഞിന് ഓട്ടിസം ഉണ്ടായത് തന്നെ അമ്മയുടെ കുറ്റമാണെന്നുള്ള പല്ലവികളാണ് കൂനിന്മേൽ കുരു പോലെ അവരെ ഏറ്റവും തളർത്തുക! എന്നാലും സാധ്യമായ എല്ലാ വഴികളും തേടിപ്പിടിച്ച് തന്റെ കുഞ്ഞിനെ പരിപാലിക്കും ഈ അമ്മമാർ!!അങ്ങേയറ്റം ക്ഷമയും സഹനവും ഉണ്ടെങ്കിൽ മാത്രമേ.. “ഓട്ടിസ്റ്റിക്” ആയ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനാവുകയുള്ളൂ!! അവരുടെ സമയത്തിനനുസരിച്ച്, അവരുടെ മൂഡിനും ഇഷ്ടങ്ങൾക്കുമനുസരിച്ച് ജീവിതചക്രം തിരിക്കുകയാണ് ഈ അമ്മമാർ!!
യഥാർത്ഥ ജീവിതത്തിൽ നിന്നും പിന്മാറി ഏതോ സ്വപ്നലോകത്ത് വിഹരിക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് സ്നേഹം പ്രകടിപ്പിക്കാനോ കൂട്ടു കൂടാനോ കഴിയാതെ വരുന്നു! ഈ ലോകം അവർക്കും സ്വന്തമാണെന്ന് മനസ്സിലാക്കി കൊടുക്കാൻ അമ്മജീവിതങ്ങൾ മെഴുകുതിരി പോലെ ഉരുകുന്നു! ഈ അടുത്തകാലത്ത് നവമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഒരമ്മയുടെ കുറിപ്പ് കണ്ണുകളെ ഈറനണിയിക്കും! ഓട്ടിസ്റ്റിക് ആയ മകൻ ചെറുപ്പത്തിൽ വളരെ ശാന്തനായിരുന്നു! അമ്മയുടെ വാത്സല്യം മുഴുവനായി മനസ്സിലാക്കിയില്ലെങ്കിലും, ചില സമയങ്ങളിൽ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത്,അവനായി കെട്ടിയിരിക്കുന്ന ഊഞ്ഞാലിലും, അവന്റെ കളിപ്പാട്ടങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു!! ചിലപ്പോഴൊക്കെ പുറത്ത് കൊണ്ടു പോയാലും വലിയ ബഹളങ്ങളില്ലായിരുന്നു!! എന്നാൽ ഇപ്പോൾ അവൻ വയലന്റാണ്!! അവന് ആരെയും അറിയില്ല!! അവനായി മാത്രം ജീവിതമുഴിഞ്ഞു വെച്ച അമ്മയെ അവൻ വല്ലാതെ ഉപദ്രവിക്കുന്നു…മകന്റെ കടിയേല്ക്കാത്ത ഒരിഞ്ച് പോലും ശരീരത്തിൽ ഇനി ബാക്കിയില്ല എന്ന് ആ അമ്മ കണ്ണീരോടെ പങ്കു വയ്ക്കുന്നു! മരുന്നുകളുടെയും മറ്റും ക്ഷീണം മൂലം ഇടയ്ക്കിടെ മയങ്ങുമ്പോഴാണത്രെ ആ പാവം ശ്വാസമെടുക്കുന്നത്! ചില ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ പോലും കഴിയാറില്ല ആ അമ്മയ്ക്ക്! മകൻ ഉറക്കമുണരുന്ന നിമിഷങ്ങളെ അവർ ഏറെ ഭയപ്പെടുന്നു! മരണം ഒരു രക്ഷപെടലായി അവർക്ക് പലപ്പോഴും തോന്നാറുണ്ടെങ്കിലും തനിക്ക് ശേഷം മകനാരുമില്ലെന്ന തോന്നലിൽ ആ അമ്മമനസ്സ് നീറിപ്പുകയുന്നു! ഇടയ്ക്കെപ്പോഴോ അവൻ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാറുണ്ടെന്ന് പറയുമ്പോൾ ഏതൊരാളും തേങ്ങിപ്പോകും!
ഇനി വേറൊരമ്മയുടെ സങ്കടം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു!! തന്റെ കണ്ണടയുന്നതിന് മുൻപ് മകൻ തന്നെ “അമ്മേ” എന്നൊന്നു വിളിക്കുന്നത് കേൾക്കാൻ കഴിയുമോ എന്ന് ഇടനെഞ്ചു പൊട്ടി പറയുമ്പോൾ, അമ്മയായിട്ടും ആ വിളി കേൾക്കാൻ ഭാഗ്യമില്ലാത്ത അവസ്ഥ എത്ര വേദനയുളവാക്കുന്നാണ്!. ഇങ്ങനെ നമ്മൾ കാണാത്ത,കേൾക്കാത്ത എത്രയോ അമ്മമാർ!
എങ്കിലും ഈ അമ്മമാർ ആരുടെ മുൻപിലും തല കുനിക്കാതെ തങ്ങളുടെ മക്കളെ പ്രാപ്തരാക്കാൻ ജീവിതം സ്വയം സമർപ്പിക്കുന്നു.. ഓട്ടിസത്തെക്കുറിച്ചുള്ള ബോധവത്ക്കരണം കൊണ്ട് ഇന്ന് സമൂഹത്തിൽ ഈ കുഞ്ഞുങ്ങളോടുള്ള പെരുമാറ്റത്തിൽ കുറേയേറേ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്! ഓട്ടിസം ഒരു രോഗാവസ്ഥയല്ലെന്നും സാധാരണ കുഞ്ഞുങ്ങളെക്കാൾ അല്പം കൂടി ശ്രദ്ധയും, കരുതലും, സ്നേഹവും, പരിഗണനയും ആവശ്യമുള്ള കുഞ്ഞുങ്ങളാണെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്! സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അവകാശം ഈ കുഞ്ഞുങ്ങൾക്കുമുണ്ട്! ഓട്ടിസം എന്ന അവസ്ഥയെ ഉൾക്കൊള്ളാൻ ആദ്യം മാതാപിതാക്കൾക്ക് കഴിയാറില്ലെങ്കിലും ,വിധിയെ പഴിക്കാതെ കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്ന മാതാപിതാക്കൾക്ക്, പ്രത്യേകിച്ച് ഊണുമുറക്കവുമുപേക്ഷിച്ച് മക്കളുടെ ഒരു ചെറുചിരിയ്ക്കായി സ്വയം മറന്നു ജീവിക്കുന്ന അമ്മമാർക്കായി ഈ മാതൃദിനം സമർപ്പിക്കാം!!
Post Your Comments