പഴനിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ക്ക് ജീവന്‍ നഷ്‍ടമായ വാർത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഇതാദ്യമല്ല ഇങ്ങനെ തമിഴ്‌നാട്ടിൽ മലയാളികളുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. തമിഴ്‍നാട്ടിലെ റോഡുകളിലൂടെയുള്ള തീര്‍ത്ഥാടക – വിനോദ സഞ്ചാര യാത്രക്കിടെ നിരവധി ജീവനുകളാണ് ഇങ്ങനെ പൊലിയുന്നത്. ഈ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായിരിക്കും. ഇടയ്ക്കു ഒരു ശ്രുതി പടർന്നിരുന്നു, ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ആസൂത്രിതമാണെന്നും, ഉദ്ദേശ്യം പണവും സ്വർണ്ണവും കവരുന്നതിനാണെന്നും.
എന്നാൽ ഇതുവരെ അത്തരത്തിൽ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല എന്നതായാണ് വസ്തുത. ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ്. ദീർഘദൂര യാത്രകളിൽ ഇങ്ങനെ ഡ്രൈവർമാർ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണാണ് പല അപകടങ്ങളും സംഭവിക്കുന്നത്. എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല.
ഇനി പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക, തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക, അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക, ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക, ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക, തുടര്‍ച്ചയായി കോട്ടുവായിടുക. കണ്ണ് തിരുമ്മുക, ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ തലച്ചോറ് നമുക്ക് തരുന്ന മുന്നറിയിപ്പാണ്.
ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം.കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക.രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനമോടിക്കാതിരിക്കുക.
സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ഈ സമയത്ത് ശരീരത്തിനുണ്ടാകുന്ന സമയമാണിത്.ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക, ഇവ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് ശ്രദ്ധയോടെ വണ്ടിയോടിക്കാൻ സാധിക്കും.
Post Your Comments