എരുമേലി : മുക്കൂട്ടുതറയിൽനിന്നും കാണാതായ കോളജ് വിദ്യാർത്ഥിനി ജെസ്‌നയെ ബംഗളുരൂ ആശ്വാസഭവന്‍, നിംഹാന്‍സ് ആശുപത്രി എന്നിവിടങ്ങളില്‍ പുരുഷസുഹൃത്തിനൊപ്പം കണ്ടെന്ന പ്രചാരണം പോലീസ് തള്ളി. ജെസ്‌നയെ കണ്ടെത്താൻ ബംഗളൂരുവിലേക്ക് പുറപ്പെട്ട അന്വേഷണ സംഘമാണ് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് സ്ഥിതീകരിച്ചത്.
ബംഗളുരു മടിവാള ആശ്വാസഭവനിലെയും നിംഹാന്‍സ് ആശുപത്രിയിലെയും സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അന്തേവാസികളുടെയും മലയാളി നഴ്‌സുമാരുടെയും മൊഴിയെടുക്കുകയും ചെയ്‌തശേഷമാണു പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ച്ച് 22-നു രാവിലെ 10.30-നു മുക്കൂട്ടുതറയില്‍നിന്നാണ് കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്. 47 ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഏഴിനു രാത്രി എട്ടോടെ പത്തനംതിട്ട ഡിവൈ.എസ്.പി: എസ്. റഫീഖിന് ജെസ്‌നയേയും സുഹൃത്തിനെയും മടിവാളയിലെ ആശ്വാസഭവനില്‍ കണ്ടെന്ന വിവരം ലഭിച്ചത്.
പെരുനാട് ഇന്‍സ്‌പെക്‌ടര്‍ എം.ഐ. ഷാജിയുടെനേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് ഉള്‍പ്പെട്ട സംഘം പിറ്റേന്നുതന്നെ മടിവാളയിലേക്കു തിരിച്ചു. ഇന്നലെ ഉച്ചയോടെ ആശ്വാസഭവനിലെത്തിയ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടില്ല. ഈ പറഞ്ഞ ദിവങ്ങളിലൊന്നും പെണ്‍കുട്ടിയും യുവാവും ആശ്വാസഭവനില്‍ വന്നതിന്റെ ദൃശ്യങ്ങളില്ല. ഒപ്പമുള്ള യുവാവിനെ വിവാഹം കഴിക്കാനുള്ള സൗകര്യം ചെയ്‌തുതരണമെന്നു പെണ്‍കുട്ടി ആവശ്യപ്പെട്ടതായാണ് അന്തേവാസി പറഞ്ഞത്.
ബംഗളുരുവിലേക്കു വരുന്നവഴി ബൈക്ക് മറിഞ്ഞ് സുഹൃത്തിനു പരുക്കേറ്റെന്നും നിംഹാന്‍സ് ആശുപത്രിയില്‍ നാലുദിവസം ചികിത്സ നടത്തിയെന്നും ഇവര്‍ പറഞ്ഞത്രേ. തുടര്‍ന്ന് ഇവര്‍ മൈസുരുവിലേക്കു പോയെന്നാണ് അന്തേവാസിയുടെ മൊഴി. നിംഹാന്‍സ് ആശുപത്രിയിലെ സി.സി. ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ജെസ്‌നയുടെ ഫോട്ടോ കാണിച്ച്, മലയാളി നഴ്‌സുമാരില്‍നിന്നു വിവരങ്ങള്‍ തിരക്കിയെങ്കിലും അങ്ങനെയൊരാളെ കണ്ടിട്ടില്ലെന്ന മൊഴിയാണു ലഭിച്ചത്. പോലീസ് ഇപ്പോഴും കര്‍ണാടകയില്‍ തങ്ങുകയാണ്. അന്വേഷണം വ്യാപിപ്പിക്കുമെന്നു തിരുവല്ല ഡിവൈ.എസ്.പി: ആര്‍. ചന്ദ്രശേഖരപിള്ള അറിയിച്ചു.
Post Your Comments