Latest NewsKeralaNews

രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നതായി ഡിവൈഎഫ്‌ഐ നേതാവിന്റെ പോസ്റ്റ്, എന്നാല്‍ സംഭവം അല്‍പം വ്യത്യസ്തമാണ്

ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ…’ വൈറലായൊരു ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കമാണിത്. ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ കെ എം വിശ്വദാസിന്റെ കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. ആദ്യം വായിക്കുമ്പോള്‍ ലഭിക്കുന്ന ചിത്രമായിരിക്കില്ല കുറിപ്പ് രണ്ടാമത് വായിക്കുമ്പോള്‍ ലഭിക്കുക.

അരാഷ്ട്രിയ വാദികളെ കണക്കറ്റ് പരിഹസിക്കുന്നതാണ് പോസ്റ്റ്. ‘ഭഗത് സിംഗും ഗാന്ധിയും വിഡ്ഢിത്തരമായിരുന്നെന്നും അവര്‍ക്ക് സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ മതിയായിരുന്നു. നാം നമ്മെയല്ലാതെ നോക്കുന്ന ഓരോ കാഴ്ചയും നമുക്ക് നഷ്ടമാണ്. നഷ്ടങ്ങള്‍ പരമാവധി ഒഴിവാക്കൂ. അവനവന്റെ നാറ്റത്തിലേക്ക് മാത്രം മൂക്കൊളിപ്പിച്ച് സുഖമായി ഉറങ്ങൂ.. മരിക്കുന്നതുവരെ ശവമായി ജീവിക്കുന്നതാകുന്നു ജീവിതം.’ ഇങ്ങനെ പോകുന്നു വിശ്വദാസിന്റെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

 

സ്‌നേഹിതരെ,

ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.
ഈ കെട്ട കാലത്ത് കണ്ടവന്റെ
വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ.
ഞാന്‍ മരിച്ചാല്‍ പാവം എന്റെ അമ്മ
അച്ഛന്‍ ,ഏട്ടന്‍ , ഭാര്യ അവര്‍ക്ക്
മാത്രമായിരിക്കും നഷ്ടം.
മറ്റെല്ലാരും വന്നു നോക്കി തിരിച്ചു പോകും.
നേതാക്കന്‍മാര്‍ എന്നു പറയുന്നവര്‍
നമ്മളേക്കാള്‍ സേഫ് ആണ്…
അവരെ ആരും ഒന്നും ചെയ്യില്ല..
അതു കൊണ്ട് ഇനി എന്റെ
കാര്യം മാത്രം നോക്കി മുന്നോട്ട്.

പ്രിയപെട്ട മത വിശ്വാസികളെ…
നിങ്ങളിനി മത പ്രവര്‍ത്തനളില്‍
ഏര്‍പ്പെടരുത്.. എത്ര പേരാണ്
മതത്തിന്റെ പേരില്‍ കൊലചെയ്യപെടുന്നത്.
സ്വാമിയും ബിഷപ്പും ഒക്കെ സേഫാണ്.
പാവപെട്ട വിശ്വാസികളാണ് ഇരകള്‍.
നിങ്ങളുടെ ഉമ്മ, അമ്മ.. അവര്‍ക്ക്
നിങ്ങളല്ലാതെ മറ്റാരുണ്ട്.
നിങ്ങള്‍ ചത്താല്‍ മത നേതാക്കള്‍
ഒക്കെ വന്നു നോക്കി പോവുമായിരിക്കും.
പക്ഷെ നഷ്ടം നിങ്ങളുടെ
ഉമ്മമാര്‍ക്കും അമ്മമാര്‍ക്കും
മാത്രമായിരിക്കും….

സ്‌നേഹം നിറഞ്ഞ ദൈവവിശ്വാസികളെ..
നിങ്ങളിനി തീര്‍ത്ഥാടനങ്ങള്‍ക്കൊന്നും
പോകാന്‍ നിക്കരുതേ….
പേടിയാണ് ഓരോന്ന് കേള്‍ക്കുമ്പോള്‍.
എത്ര പേരാണ് ഓരോ വര്‍ഷവും
ശബരിമലയ്ക്കു പോണ വഴിയിലും
ഹജ്ജിനിടയിലും അപകടത്തില്‍ പെടന്നത്.
തന്ത്രിയും ഇമാമും ഒന്നാം സാധാരണ
അപകടത്തില്‍ പെടാറില്ല.
നമ്മുടെ വിശ്വാസം മനസിലൊതുക്കി
നമുക്ക് വീടുകളില്‍ ഇരിയ്ക്കാം..
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്
നമ്മളല്ലാതെ മറ്റാരുണ്ട്.

ഭഗത് സിംഗ്….
നീ എന്തൊരു വിഡ്ഢിയായിരുന്നു.
ഇപ്പോള്‍ എനിക്കെല്ലാം മനസിലാവുന്നുണ്ട്.
കേവലം ഇരുപത്തി നാലാം വയസില്‍
നീ തന്നെ പറഞ്ഞതു പോലെ
ജീവിതത്തെ കുറിച്ച് നിറമുള്ള
കിനാവുകള്‍ ഉണ്ടായിരുന്നപ്പോഴും
ജീവിതമെറിഞ്ഞ് ഉടച്ചു
കളഞ്ഞില്ലെ നീ മഠയാ …
നിനക്ക് നിന്റെ അമ്മയെ കുറിച്ച്
ഒന്നാലോചിക്കാമായിരുന്നില്ലെ…?
അവരുടെ തോരാത്ത
കണ്ണുനീരിനെ കുറിച്ച്….
എവിടെയോ നിനക്കായി
കാത്തിരിന്നേക്കാവുമായിരുന്ന
ആ പെണ്‍കുട്ടിയെ കുറിച്ച്.

ഗാന്ധി ബ്രൊ…
ങ്ങളെന്ത് മണ്ടത്തരമാണ് ഭായ് കാണിച്ചത്.
സ്വാതന്ത്ര്യം കിട്ടിയപ്പോഴെങ്കിലും
മതേതരത്വം എന്നൊക്കെ പറഞ്ഞ്
ഇന്ത്യ മുഴുവന്‍ തെണ്ടാതെ
വല്ല പയറും പുഴുങ്ങി തിന്ന്
വീട്ടിലിരിക്കാമായിരുന്നില്ലെ.
എന്നാല്‍ മനുവിനും ആഭയ്‌ക്കെങ്കിലും
പിതൃ തുല്യനായ അങ്ങയെ
നഷ്ടപെടില്ലായിരുന്നു.
ദയവു ചെയ്ത് ഞങ്ങളുടെ
വരും തലമുറയെ കൂടി കേടാക്കാതെ
സിലബസില്‍ നിന്ന് കൂടി
ഇറങ്ങി പോവുക.

സ്‌നേഹിതരെ, സുഹൃത്തുക്കളെ..
നാം നമ്മെയല്ലാതെ നോക്കുന്ന
ഓരോ കാഴ്ചയും നമുക്ക് നഷ്ടമാണ്.
നഷ്ടങ്ങള്‍ പരമാവധി ഒഴിവാക്കൂ..
അവനവന്റെ നാറ്റത്തിലേക്ക് മാത്രം
മൂക്കൊളിപ്പിച്ച് സുഖമായി ഉറങ്ങൂ..
മരിക്കുന്നതുവരെ ശവമായി
ജീവിക്കുന്നതാകുന്നു ജീവിതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button