ArticleLatest NewsInternationalSpecials

ലോക മാതൃദിനത്തിന് മാത്രം സ്വന്തമാണീ അഞ്ചു തരം പൂക്കള്‍

മാതൃസ്‌നേഹത്തിന്‌റെ മഹത്വം ലോകത്തിനു മുന്‍പില്‍ വിളിച്ചോതി മെയ് 13ന് വീണ്ടുമൊരു മാതൃദിനം ആഘോഷിക്കാന്‍ ലോകം ഒരുങ്ങുകയാണ്. ആ സ്‌നേഹക്കടലിനു മുന്‍പില്‍ എന്തു സമ്മാനങ്ങള്‍ നല്‍കിയാലും അതൊന്നും തികയില്ലെന്ന് ഓരോ മക്കളും ഒരേ സ്വരത്തില്‍ പറയുന്നു. അമ്മ സ്‌നേഹത്തെ പൂക്കളോടുപമിച്ച് ആഗോള തലത്തില്‍ പ്രത്യേക പൂക്കള്‍ സമ്മാനമായി നല്‍കുന്നത് വര്‍ഷങ്ങളായി നടത്തി വരുന്ന ഒന്നാണ്. എന്നാല്‍ ഏത് പൂക്കള്‍, ഏത് തരത്തില്‍ ഭംഗിയായി കൊടുക്കണമെന്നതില്‍ ഇപ്പോഴും ആര്‍ക്കും കൃത്യമായ ധാരണ ഇല്ല. അമ്മ സ്‌നേഹത്തെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് പ്രത്യേകതരം പൂക്കളാണുള്ളത്. റോസ്, വര്‍ണ്യപുഷ്പം, ലില്ലി, ഓര്‍ക്കിഡ്, അസാലിയ എന്നീ പൂക്കളാണിവ. ഇവ കൊണ്ട് പ്രത്യേകം തയാറാക്കിയ പൂച്ചെണ്ടുകളാണ് മാതൃദിനത്തില്‍ സമ്മാനിക്കുന്നത്. റോസ്,മഞ്ഞ എന്നീ നിറങ്ങളുള്ള റോസ്, ഇളം ചുവപ്പ് നിറമുള്ള വര്‍ണ്യ പുഷ്പം, വെളുത്ത ലില്ലി, ഇളം വയലറ്റ് ഓര്‍ക്കിഡ്, ഇളം റോസ് നിറത്തിലുള്ള അസാലിയ എന്നീ പൂക്കളാണ് മാതൃദിനത്തിനായി പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നത്.

മാതൃദിനം പ്രമാണിച്ച് പൂച്ചെണ്ടുകളുടെ വിപണി ആഗോള തലത്തില്‍ നേരത്തെ തന്നെ ആരംഭിക്കും. ഓണ്‍ലൈനിലും ഇപ്പോള്‍ ഇത്തരം പൂച്ചെണ്ടുകള്‍ ലഭ്യമാണ്. മാതൃദിനത്തിന്‌റെ അന്ന് രാാവിലെ തന്നെ സമ്മാനം കയ്യില്‍ കിട്ടുന്ന വിധത്തില്‍ ഓര്‍ഡര്‍ ചെയ്യാനും അവസരമുണ്ട്. സില്‍ക്ക്, നെറ്റ് പോലുള്ള തുണിത്തരങ്ങളില്‍ ചെയ്ത വര്‍ക്കുകളും പൂച്ചെണ്ടുകളില്‍ അലങ്കാരമായി കാണും. ഇവയില്‍ തന്നെ അമ്മയ്ക്കുള്ള മാതൃദിന ആശംസകളും ചിത്രങ്ങളും വയ്ക്കുവാനുള്ള ചെണ്ടുകളും വിപണിയില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയിലാണെങ്കില്‍ 300 രൂപ മുതലാണ് പൂച്ചെണ്ടുകളുടെ വില ആരംഭിക്കുന്നത്. ഇതില്‍ തുടങ്ങി ആയിരങ്ങള്‍ വിലവരുന്ന സമ്മാനങ്ങളും വിപണിയില്‍ അരങ്ങു വാഴുകയാണ്. ചെണ്ടുകളില്‍ അലങ്കരിക്കാനുപയോഗിക്കുന്ന വസ്തുകള്‍ മിക്കതും സ്ത്രീകളുടെ ഇഷ്ട നിറമായ പിങ്കിലുള്ളതാണ്.

1800കളില്‍ അമേരിക്കയില്‍ ആരംഭിച്ച മാതൃദിനാഘോഷം ഇന്ന് ആഗോളതലത്തില്‍ ഗംഭീരമായി കൊണ്ടാടുന്ന ദിനമാണ്. മാതൃദിനത്തിന്‌റെ ചരിത്രത്തിന്‌റെ അത്ര തന്നെ പഴക്കമുണ്ട് ഈ പൂച്ചെണ്ടുകള്‍ക്കും. റോസും വെള്ള നിറമുള്ള ലില്ലിയുമായിരുന്നു ആദ്യകാലങ്ങളില്‍ മാതൃദിനത്തിന്‌റെ പ്രതീകമായി കണ്ടിരുന്നത്. എന്നാല്‍ വിവിധ സംസ്‌കാരങ്ങളുടെ സംഭാവനയായാണ് ഓര്‍ക്കിഡ്, വര്‍ണ്യ പുഷ്പം എന്നിവയൊക്കെ ഈ പട്ടികയില്‍ കടന്നു കൂടിയത്. അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അവരുടെ ഓര്‍മ്മ ദിവസങ്ങളില്‍ ഇത്തരം പുഷ്പങ്ങള്‍ കല്ലറയില്‍ വയ്ക്കുന്ന ചടങ്ങും നടത്തുന്നുണ്ട്. ചിലര്‍ മാതൃദിനത്തിലും ഇത് പള്ളികളില്‍ നടത്താറുണ്ട്.

മാതൃദിനത്തില്‍ മക്കള്‍ മാതാവിന് മാത്രമല്ല മാതാവ് മക്കള്‍ക്കും നല്ല സമ്മാനം നല്‍കുന്ന പതിവുമുണ്ട് പല രാജ്യങ്ങളിലും. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ മക്കള്‍ക്ക് എഴുന്നേല്‍ക്കുമ്‌പോള്‍ തന്നെ മധുരം നല്‍കിയും പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചുമാണ് അമ്മമാര്‍ ഈ ദിനം അവിസ്മരണീയമാക്കുന്നത്. കുഞ്ഞുങ്ങളുടെ ഡേകെയറകളുടെ ചുമതല വരെ അന്ന് അമ്മമാര്‍ ഏറ്റെടുക്കും. പാട്ടും കളിയും ചിരിയും പാചകവുമായി മക്കളോടൊപ്പം അമ്മമാര്‍ മതിമറന്ന് ഉല്ലസിക്കും. ഈ മാതൃദിനവും അവിസ്മരണീയമാക്കാന്‍ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള അമ്മമാരും മക്കളും. മാതൃസ്‌നേഹത്തിന്‌റെ മഹത്വം വിളിച്ചോതുന്ന ഈ മാതൃദിനം മറക്കാനാവാത്ത മധുരമുള്ള അനുഭവമായി തീരട്ടെ എന്ന് ആശംസിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button