തിരുവനന്തപുരം•പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിക്കും. പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്. സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ പ്രയോജനപ്പെടും.
പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പോലിസ് മാന്വല്‍, സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്. സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുവാദത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും അനുമതി ഓണ്‍ലൈനായി ലഭ്യമാക്കാനും സൗകര്യമുണ്ട്. ഒരു വാഹനം ഏതെങ്കിലുമൊരു കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണോ എന്നതു പരിശോധിക്കാനും വാഹനങ്ങള്‍ കേസില്‍ പെട്ടിട്ടില്ലെങ്കില്‍ അതു സംബന്ധിച്ച് എന്‍.ഒ.സി ലഭിക്കുന്നതിനുളള അപേക്ഷകള്‍ സമര്‍പ്പിക്കാനും എന്‍.ഒ.സി ഓണ്‍ലൈനായി കൈപ്പറ്റാനും കഴിയും. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. എസ്.എം.എസ്., ഇ-മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും കഴിയും. (website: http://thuna.keralapolice.gov.in )
Post Your Comments