ന്യൂഡല്‍ഹി: സങ്കീര്‍ണമായ സാങ്കേതിക വിദ്യയില്‍ തനിക്ക് അറിവുണ്ടായിരുന്നു അങ്ങനെയിരിക്കെ അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വച്ചതുകൊണ്ടാണ് തന്നെ കുടുക്കിയതെന്ന് നമ്പി നാരായണന്‍. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ കോടതി നാളെയും വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയില്‍ നമ്പി നാരായണന്‍ നിലപാട് അറിയിച്ചത്.
കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട.എസ്പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും നിര്‍ദേശാനുസരണം മൊത്തം 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി.പ്രകാശ് പറഞ്ഞിരുന്നു. നഷ്ടപരിഹാരം 25 ലക്ഷമാക്കി ഉയര്‍ത്തുന്നതു പരിഗണിക്കുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍നിന്നു തുക ഈടാക്കാവുന്നതാണെന്നും കോടതി വാക്കാല്‍ പറഞ്ഞു. ഒരു കോടി രൂപ ആവശ്യപ്പെട്ടു താന്‍ വേറെ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നു നമ്പി നാരായണന്‍ പറഞ്ഞെങ്കിലും തങ്ങള്‍ നിര്‍ദേശിച്ച പ്രകാരമുള്ള നടപടിയാവും ഉചിതമെന്നു കോടതി വ്യക്തമാക്കി.
Post Your Comments