ബെംഗളൂരു•മേയ് 12 നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ. തീരദേശ കര്‍ണാടക, മുംബൈ കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മേധാവിത്വം ഉണ്ടാകുമെന്നും എ.ബി.പി-ലോക്നീതി-സി.ഡി.എസ് സര്‍വേ പറയുന്നു.
224 അംഗ സഭയില്‍ കോണ്‍ഗ്രസ് 92-102 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. ബി.ജെ.പി 79-89 സീറ്റുകളില്‍ വിജയിക്കും. 34-42 സീറ്റുകളോടെ ജെ.ഡി.എസ് മൂന്നാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.
കോണ്‍ഗ്രസിന് 38 ശതമാനം വോട്ടും ബിജെപിക്ക് 33 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ജെഡിഎസിന് 22 ശതമാനം വോട്ടുകള്‍ ലഭിക്കും. വികസനത്തിന് കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണമെന്ന് 38 ശതമാനം അഭിപ്രായപ്പെടുന്നു.
ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ മതപദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം ആ വിഭാഗത്തെ കോണ്‍ഗ്രസിന് അനുകൂലമാക്കിയിട്ടില്ലെന്ന് സര്‍വെ വ്യക്തമാക്കുന്നു.. ലിംഗായത്തുക്കള്‍ ഇപ്പൊഴും ബിജെപിയെ തന്നെയാണ് പിന്തുണയ്ക്കുന്നതെന്ന് സര്‍വെ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം ആളുകള്‍ ആഗ്രഹിക്കുന്നത് സിദ്ധരാമയ്യയെ ആണ്. 33 ശതമാനം ആളുകളുടെ പന്തുണയാണ് സിദ്ധരാമയ്യയ്ക്ക് ലഭിച്ചത്. 27 ശതമാനം ആളുകള്‍ യെദ്യൂരപ്പയെയും 21 ശതമാനം ആളുകള്‍ കുമാരസ്വാമിയെയും പിന്തുണയ്ക്കുന്നു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെന്ന് 10 ല്‍ 7 പേരും അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു.
Post Your Comments