KeralaLatest NewsArticleNewsIndia

റോഡുകള്‍ മരണക്കെണിയാകുന്നതിനു പിന്നില്‍

ആധുനിക വത്കരണം മനുഷ്യ ജീവിതത്തിന് വേഗത കൈവരിക്കാനായി നല്‍കിയ അനുഗ്രഹങ്ങളിലൊന്നാണ് ഗതാഗതം. ചക്രത്തിന്‌റെ കണ്ടു പിടുത്തം മുതല്‍ ഇങ്ങോട്ട് അതിവേഗ സൂപ്പര്‍ മോഡല്‍ കാറുകളില്‍ വരെ മനുഷ്യജീവിതം ഓടിതുടങ്ങുമ്പോള്‍ ഓര്‍ക്കേണ്ട ഒരു പ്രധാന സംഗതിയുണ്ട്. വാഹനം ഉണ്ടായ കാലം മുതല്‍ കരിനിഴലായി കൂടെയുള്ള ഒന്നാണ് അപകടമരണങ്ങളും. അപടകങ്ങള്‍ ഉണ്ടാകാന്‍ കണ്ണിമ ചിമ്മുന്ന നേരം മാത്രം മതിയെന്ന യാഥാര്‍ഥ്യം ഏവരുടേയും മനസിലുണ്ടെങ്കിലും അത് പാടെ മറന്ന കണക്കാണ് എല്ലാവരുടേയും പെരുമാറ്റം. പ്രത്യേകിച്ച് റോഡുകളില്‍. അതിവേഗത മരണത്തിലേക്കുള്ള എളുപ്പ വഴിയാണെന്ന സംഗതി ഓര്‍ക്കാതെ ജീവിതത്തെ ഓടിപ്പിടിക്കാന്‍ നാം ഏവരും വ്യഗ്രത കാട്ടുമ്പോള്‍ ഒന്നോര്‍ക്കണം ഈ വേഗത ആര്‍ക്കു വേണ്ടി. ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനം വിറ്റഴിക്കപ്പെടുന്ന രാജ്യങ്ങളിലൊന്ന് എന്ന് നമ്മുടെ ഇന്ത്യയെപറ്റി അഭിമാനത്തോടെ പറയുമ്പോഴും നാം ഓര്‍ക്കേണ്ട ഒരു പ്രധാന സംഗതിയുണ്ട്. ലോകത്തെ നടുക്കിയ പല പ്രധാന റോഡ് അപകടങ്ങള്‍ അരങ്ങേറുന്നതും നമ്മുടെ രാജ്യത്താണ്.

റോഡ് അപകടനിരക്കുകളുടെ പട്ടികയില്‍ ആദ്യ പത്തു സ്ഥാനത്തിനുള്ളില്‍ നിന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ല. എന്താണിതിന്‌റെ കാരണം, എന്തു കൊണ്ടാണ് അപകടങ്ങള്‍ കുറയ്ക്കുവാന്‍ നമുക്ക് കഴിയാത്തത്. ഇതൊക്കെ നാം വിശകലനം ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോക റോഡ് സുരക്ഷാ ദിനമായ(world road safety day) മെയ് 8 മുതല്‍ 14 വരെയുള്ള ദിനങ്ങള്‍ സുരക്ഷാ വാരമായി ആചരിക്കുകയാണ് . റോഡ് അപകടങ്ങളുടെയും മരണനിരക്കുകളുടെയും എണ്ണം വര്‍ധിക്കരുത് എന്ന ദൃഢ പ്രതിജ്ഞയോടെ ലോകം വലിയ മാറ്റത്തിനായി കൈകോര്‍ക്കുമ്പോള്‍ നമ്മുടെ രാജ്യം ആ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ട് പൊയ്ക്കൂടാ. 18ാം വയസില്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സ് കിട്ടുന്ന പ്രായം മുതല്‍ ജീവിത സായാഹ്നത്തിലും വാഹനസൗകര്യത്തെ ആശ്രയിക്കുന്ന ഓരോ പൗരനും ഈ ഉത്തരവാദിത്വം കൃത്യമായി പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ ഈ റോഡ് സുരക്ഷാ ദിനത്തില്‍ അപകടരഹിത രാജ്യമെന്ന പട്ടമായേനെ ഇന്ത്യയെ തേടിയെത്തുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തെ അപകട കണക്കുകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഭാരത സംസ്‌കാരത്തിന് മികവിന്‌റെ ഊര്‍ജം പകര്‍ന്നു തന്ന മണ്ണാണ് തമിഴ്‌നാട്. രാജ്യത്ത് അപകടങ്ങളും അപകട മരണങ്ങളും താണ്ഡവമാടുന്ന മണ്ണും തമിഴ്‌നാടിന്‌റെതാണ് എന്നത് രാജ്യത്തെ കണ്ണീരിലാഴ്ത്തുന്ന ഒന്നാണ്. രാജ്യതലസ്ഥാനമായ നമ്മുടെ ഡല്‍ഹിയില്‍ നടക്കുന്ന അപകടങ്ങളുടെ കണക്ക് ലണ്ടനിലെക്കാളും 40 തവണ അധികമാണെന്ന കണക്കും നാം ഭീതിയോടെ തന്നെ കേള്‍ക്കണം.

ഇന്ത്യന്‍സ് ഫോര്‍ റോഡ് സേഫ്റ്റി (Indians for Road Safety ) എന്ന സംഘടന അടുത്തിടെ വിട്ട കണക്കുകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. 2015 ലെ കണക്ക് പ്രകാരം ഓരോ നാലു മിനിട്ടിലും അപകടത്തില്‍ ഒരാള്‍ വീതം ദാരുണമായി കൊല്ലപ്പെടുന്നു എന്നാണ്. അതായത് ഒരു മണിക്കൂറില്‍ 15 പേര്‍. ദിവസം 360പേര്‍. പ്രതിവര്‍ഷം അത് 1,31,400 പേര്‍ എന്ന കണക്കിലേക്ക് കടക്കുമ്പോള്‍ നാമേവരുടേയും നെഞ്ചിലേക്ക് ഭീതിയുടെ നിഴല്‍ കൂടുതല്‍ ഇരുട്ട് പടര്‍ത്തുകയാണ്. ഇത് 2015ലെ മാത്രം കണക്ക്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ആകുമ്പോള്‍ ആ കണക്കുകള്‍ വര്‍ധിക്കുകയാണെന്നതില്‍ സംശയമില്ല. വിവരങ്ങളുടെ കലവറയായ ഗൂഗിളില്‍ പോലും ഇന്ത്യയുടെ അപകടമരണ നിരക്ക് കൃത്യമായി രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല. കാരണം, അറിഞ്ഞ അപകടങ്ങള്‍ പോലെ തന്നെ അറിയാതെ പോകുന്ന അപകടങ്ങളും ഏറെയുള്ള നാടാണ് നമ്മുടേത്. ദിനം പ്രതി വര്‍ധിച്ചു വരുന്ന വാഹന വിപണിയും റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നതില്‍ പങ്കു വഹിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?. റോഡ് വികസനം നടക്കുന്ന സ്ഥലങ്ങലിലും അത് കുറവുള്ളിടത്തും അപകടങ്ങള്‍ക്ക് കുറവില്ലെന്ന് മാത്രമല്ല അത് കൂടി വരികയുമാണ്. എക്‌സ്പ്രസ് വേ റോഡുകളോട് കിടപിടിക്കുന്ന റോഡുകള്‍ വരെ സ്വന്തമായുള്ള രാജ്യമാണ് ഇന്ത്യ. വിശാലമായ സൗകര്യം വേഗതയുടെ ലോകത്തേക്കുള്ള പച്ചക്കൊടിയാണെന്ന മിഥ്യാ ധാരണയാണ് ഒട്ടുമിക്ക ആളുകളുടെയും മനസിലുള്ളത്. ആഗ്രഹങ്ങളുടെ ആ വേലിയേറ്റത്തിന് അയവ് വന്നാല്‍ തന്നെ പാതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ മറ്റു വികസിത രാജ്യങ്ങളിലെ പോലെ തന്ന ബോധവത്കരണം നടത്തുന്ന ഭരണകൂടമാണ് ഇന്ത്യയിലുളളത്. എന്നിരുന്നിട്ടും നിയമത്തിന് പുല്ലു വില കല്‍പിക്കാത്ത ആളുകള്‍ ശരിക്കും പുച്ഛിക്കുന്നതും നിസാരമായി കാണുന്നതും നിയമത്തെയല്ല സ്വന്തം ജീവനേയും ജീവിതത്തെയുമാണ്. ഹെല്‍മറ്റ് ഇടാതെ ഇരു ചക്ര വാഹനങ്ങളില്‍ പായുന്നത് മുതല്‍ മത്സരവേഗത്തില്‍ പറപറക്കുന്ന മുന്തിയ ഇനം കാറോട്ടങ്ങള്‍ വരെ അരങ്ങു തകര്‍ക്കുന്ന നമ്മുടെ ഈ ഗതാഗത ശീലത്തിന് അറുതി വന്നേ മതിയാകൂ. യൗവനത്തിന്‌റെ ആരംഭദിശയില്‍ തന്നെ റോഡ് നിരത്തുകളില്‍ ജീവന്‍പൊലിയേണ്ടി വരുന്ന നമ്മുടെ യുവാക്കള്‍ക്ക് സംരക്ഷണ കോട്ടയായി മാറേണ്ടത് അവരുടെ ഉള്ളിനെ സുരക്ഷാ ബോധവും അത് പാലിക്കുമെന്ന ധൃഢനിശ്ചയവുമാണ്. യാത്രാ സൗകര്യത്തിന് പൊതു ഗതാഗതത്തെ ആശ്രയിക്കുമെന്ന പ്രതിജ്ഞയും ഈ സന്ദര്‍ഭത്തിലെടുത്താല്‍ അപകടകെണികള്‍ക്ക് മുതല്‍ പ്രകൃതി അനുഭവിക്കുന്ന ചൂഷണത്തിന് വരെ അയവു വരുമെന്ന സത്യം നാം ഏവരും ഓര്‍ക്കുന്നതും നന്ന്. വേഗത്തിലോടുന്ന ലോകത്തെ നിശ്ചയധാര്‍ഢ്യത്തിന്‌റെ സ്റ്റിയറിങ് കൊണ്ട് നമുക്ക് തന്നെ നിയന്ത്രിക്കാവുന്നതേയുള്ളു എന്ന സത്യം മനസിലാക്കിയാല്‍ തന്നെ അപകടകെണികള്‍ മനുഷ്യര്‍ക്ക് മുന്‍പില്‍ മുട്ടു കുത്തുമെന്ന് ഉറപ്പ് .

നിയമമെന്തെന്നും അത് എങ്ങനെ പാലിയ്ക്കണമെന്നും, അവയുടെ ഗുണദോഷ വശങ്ങളുമെല്ലാം ഏവര്‍ക്കും കൃത്യമായി അറിയാം. എന്നാല്‍ അത് ഡ്രൈവിങ് ടെസ്റ്റ് പാസാകാനുള്ള സിലബസ് മാത്രമല്ല ജീവിത സുരക്ഷിതത്വത്തിന്‌റെ ആധാരമാണെന്ന വസ്തുത മനസില്‍ വച്ച് മുന്നോട്ട് നീങ്ങാന്‍ നമ്മുടെ ജനതയ്ക്കു കഴിയട്ടെ. കാല്‍നടയാത്രക്കാര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി മനുഷ്യവര്‍ഗത്തിനു എന്നും തുണയായി നില്‍ക്കുന്ന മിണ്ടാപ്രാണികളായ സാധു മൃഗങ്ങള്‍ക്ക് വരെ റോഡില്‍ വേഗം കുറച്ച് , നിയമം പാലിച്ച് ഞാന്‍ മുന്നോട്ട് പോകും എന്ന തീരുമാനം ഉപകരിക്കും എന്ന സത്യം ഈ റോഡ് സുരക്ഷാ വാരത്തിലും നമ്മുടെ ഉള്ളില്‍ ജ്വലിക്കുന്ന മന്ത്രമായി മാറണം. വരും ദിനങ്ങളില്‍ അപകടകണക്കുകള്‍ കുറഞ്ഞ് ചിട്ടയുടെ സുരക്ഷതത്ത്വത്തിന്‌റെയും ഒരു നല്ല റോഡ് സംസ്‌കാരം ഉണ്ടാകുന്ന നാടായി മാറട്ടെ ഇന്ത്യ. അതിനായി നമുക്ക് പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button