Latest NewsKeralaNews

സദ്യയൊരുക്കാതെ പാചകക്കാരന്‍ മുങ്ങി; വിവാഹ ദിവസം നടന്നത് നാടകീയ സംഭവങ്ങള്‍

കൊച്ചി: കല്ല്യാണ വീട്ടില്‍ സദ്യയൊരുക്കാതെ പാചകക്കാരന്‍ മുങ്ങി. 900 പേര്‍ക്കുള്ള സദ്യയാണ് കൊച്ചി പനങ്ങാടുള്ള വധുവിന്റെ കുടുംബം ഏര്‍പ്പാടാക്കിയത്. സദ്യയൊരുക്കാന്‍ പാചകക്കാരന് അമ്പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. കടവന്ത്രയിലെ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. തുടര്‍ന്ന് പനങ്ങാട്ടെ ഹാളില്‍ സല്‍ക്കാരം. കെട്ട് കഴിഞ്ഞ് വധൂവരന്‍മാര്‍ ഉള്‍പ്പടെ ഹാളിലെത്തിയപ്പോഴാണ് പാചകക്കാരന്‍ മുങ്ങിയതറിയുന്നത്.

സദ്യക്കായി പച്ചക്കറികളെല്ലാം അരിഞ്ഞു വെച്ചിരിക്കുന്നു എന്നല്ലാതെ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഹാളിലെ ജീവനക്കാരെ വിളിച്ചന്വേഷിച്ചപ്പോള്‍ ഉടമസ്ഥനില്‍ നിന്നു നിര്‍ദേശം കിട്ടാത്തതിനാല്‍ ഒന്നും ചെയ്തില്ല എന്നായിരുന്നു മറുപടി. പാചകക്കാരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയതുമില്ല. ഇതോടെ വധുവിന്റെ വീട്ടുകാര്‍ ബോധം കെട്ടു വീഴുകയായിരുന്നു.

തുടര്‍ന്ന് റസിഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രദേശത്തെ കാറ്ററിങ്ങുകാരോടും ഹോട്ടലുകാരോടും പറഞ്ഞ് ഉച്ചഭക്ഷണമെത്തിച്ചു. സദ്യ പ്രതീക്ഷിച്ചെത്തിയവര്‍ക്ക് കിട്ടിയത് ചിക്കന്‍ ബിരിയാണിയും. വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ച് ചടങ്ങ് മംഗളകരമാക്കി.

എന്നാല്‍ തങ്ങള്‍ക്കുണ്ടായ മാനഹാനിക്കും ധനനഷ്ടത്തിനും നടപടിയുണ്ടാകണമെന്ന ഉറച്ച നിലപാടിലാണ് വധൂഗൃഹക്കാര്‍. പാചകക്കാരനില്‍ നിന്ന് 10 ലക്ഷം രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണവര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button