CinemaLatest NewsNews

തിരസ്കരിക്കലും ബഹിഷ്കരണവും തിരിച്ചറിയാത്ത കീബോര്‍ഡ് വിപ്ലവകാരികളോട്: യേശുദാസ് എന്ന മഹാനായ കലാകാരനെ പ്രായത്തിന്റെ പേരിലെങ്കിലും വെറുതെ വിട്ടുകൂടെ?

അഞ്ജു പാര്‍വതി പ്രഭീഷ്

ഒരു ജനാധിപത്യരാജ്യമായ ഇന്ത്യയിൽ മനോധർമ്മമനുസരിച്ച് തീരുമാനങ്ങളെടുക്കാൻ പൗരന്മാർക്ക് അവകാശവുമുണ്ടെന്നിരിക്കെ, അവാർഡ് ചടങ്ങ് ബഹിഷ്കരിക്കാനും പങ്കെടുക്കാനുമുള്ള അവകാശവും അധികാരവും പുരസ്കാരജേതാക്കൾക്കുണ്ട്. അതുകൊണ്ടുതന്നെ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചവർ  മഹാന്മാരും ചടങ്ങിൽ പങ്കെടുത്ത് അവാർഡ് സ്വീകരിച്ചവർ വഞ്ചകന്മാരുമാകുന്നില്ല.. കലയെന്നത് ആവിഷ്കാരസ്വാതന്ത്ര്യമാകുമ്പോൾ ആ കലയ്ക്ക് ലഭിക്കുന്ന അംഗീകാരം സ്വീകരിക്കണമോ വേണ്ടയോ എന്നത് ഭരണഘടനയുടെ അനുഛേദം19 Aയിൽ ഉൾപ്പെടുന്നുവെന്ന കാര്യം സൈബർ ലോകത്തെ ആർജ്ജവമുളള യുവതുർക്കികൾ മറന്നുപോകുന്നു..

രാഷ്ട്രപതി അഥവാ രാജ്യത്തെ പ്രഥമ പൗരനിൽ നിന്നും സ്വീകരിക്കുന്ന അവാർഡുകൾക്ക് രാജ്യം നല്കുന്ന ഉന്നതമായ അംഗീകാരമെന്നു കൂടി വിവക്ഷയുണ്ട്. അതുകൊണ്ടു കൂടി തന്നെ ഓരോ കലാകാരന്മാർക്കും സ്വപ്നതുല്യമായ ഒരു ബഹുമതിയുമാണത്. അത്തരമൊരു പുരസ്കാരം മറ്റൊരാളിൽ നിന്നും സ്വീകരിക്കണമെന്ന പെട്ടെന്നുള്ള അറിയിപ്പ് ചില പുരസ്കാര ജേതാക്കൾക്ക് പെട്ടെന്ന് ഉൾക്കൊളളാനാവില്ല തന്നെ. അതിന്റെ പ്രതികരണം അവർ കാണിച്ചത് അവാർഡ് ദാനചടങ്ങിൽ നിന്നും വിട്ടു നിന്നുകൊണ്ടാണ്.ജനാധിപത്യ വ്യവസ്ഥയിലെ മാന്യമായ പ്രതിഷേധരീതിയാണ് ബഹിഷ്കരണം. അല്ലാതെ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ യാതൊരു മാനവും അതിനു കൊടുക്കേണ്ടതില്ലെന്നു അവർ വ്യക്തമാക്കുകയും ചെയ്തു. പതിനൊന്നു പേർക്ക് മാത്രം പുരസ്കാരം രാഷ്ട്രപതി കൊടുക്കുകയും ബാക്കിയുളളവർക്ക് വാർത്താവിനിമയവകുപ്പ് മന്ത്രി കൊടുക്കുകയും ചെയ്യുന്നതിലെ വിവേചനത്തിനെതിരെയായിരുന്നു അവർ പ്രതിഷേധിച്ചത്.അതിനൊരു രാഷ്ട്രീയമാനമുണ്ടായിരുന്നെങ്കിൽ അവർ ആ അവാർഡുകൾ തിരസ്കരിക്കുമായിരുന്നു. കാരണം അവാർഡ് കമ്മിറ്റിയെ തെരഞ്ഞെടുത്തത് ഈ സർക്കാരാണ്. രാഷ്ട്രപതി സ്ഥാനം രാഷ്ട്രീയത്തിനതീതമെന്നു പറയാമെങ്കിലും നിയുക്ത രാഷ്ട്രപതി ആർ.എസ്സ്.എസ്സുകാരനാണ്.തിരസ്കരണവും ബഹിഷ്കരണവും തമ്മിൽ ആനയും ആടും പോലുളള അന്തരമുണ്ട്.അവരുടെ ആ തീരുമാനത്തെ നന്നായി ഉൾക്കൊണ്ടു കൊണ്ട് സർക്കാർ ആ ചടങ്ങ് ഭംഗിയായി നടത്തുകയും ചെയ്തു.

ആ പുരസ്കാരത്തിനു കഴിവിന്റെ  പൂർണ്ണതയ്ക്ക്  രാജ്യം നല്കുന്ന അംഗീകാരമായി കണ്ട ,ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കാബിനറ്റ് സ്ഥാനം വഹിക്കുന്ന വാർത്താവിനിമയമന്ത്രിയിൽ നിന്നും അവാർഡുകൾ വാങ്ങുന്നതുമൊരു അംഗീകാരമായി തോന്നിയ പുരസ്കാര ജേതാക്കളിൽ ചിലർ ആ ചടങ്ങിൽ പങ്കെടുത്തു. അവിടെ സമാപിച്ചു  ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്. ഇവിടെ ആരും തോറ്റില്ല! ആരും ജയിച്ചുമില്ല! എന്നാൽ  അതിനൊരു വിവാദത്തിന്റെ മാനം നല്കാൻ കാത്തിരുന്നവർ കീബോർഡ് വിപ്ലവത്തിനു ആരംഭം കുറിക്കുകയായിരുന്നു..

വിവാദം തുടങ്ങി വച്ചത് പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചവരല്ല. പുരസ്കാരം സ്വീകരിച്ചവരുമല്ല.. അത് തുടങ്ങിയത് നമ്മളിൽ നിന്നാണ്.വിവരം കെട്ട ഒരുത്തന്റെ ബി ജെ പി വിരുദ്ധ പോസ്റ്റിനെ ആനയെ പൂരത്തിനു എഴുന്നളളിക്കുന്നതു പോലെ അഭിവാദ്യങ്ങളുടെ  ആലവട്ടവും വെഞ്ചാമരവും ഒരുക്കി ഷെയറുകളുടെ കുടമാറ്റം നടത്തിയത് നമ്മളിൽ ചിലരാണ്. വിവാദതലക്കെട്ട് നല്കിയ മഞ്ഞ പത്രങ്ങളും ആ തലക്കെട്ടിനുള്ളിലെ പുകമഞ്ഞ് ആസ്വദിച്ച നമ്മളിൽ ചിലരാണ്. പുരസ്കാരം സ്വീകരിച്ച ആ രണ്ടുപേരെ, അതും ഓരോ മലയാളിയും തങ്ങളുടെ സ്വകാര്യ അഹങ്കാരമായി കരുതുന്ന ആ ഗന്ധർവ്വനെ, അദ്ദേഹത്തിന്റെ പ്രായം പോലും കണക്കാക്കാതെ ടാർഗറ്റ് ചെയ്തു അപമാനത്തിന്റെ കയത്തിലേക്ക് തളളിയിടാൻ കാത്തിരുന്ന സൈബർ ഗുണ്ടകളാണ്. പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ച മലയാളികളിൽ നിന്നും ഫഹദിനെ മാത്രം ടാർഗറ്റ് ചെയ്ത് അധിക്ഷേപിക്കുന്ന മതഭ്രാന്തന്മാരാണ്. ചുരുക്കത്തിൽ ഇതിനൊരു രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും നിറം കൊടുത്ത, കലക്കവെളളത്തിൽ നിന്നും മീൻ പിടിക്കുന്നത് ശീലമാക്കിയ ആ കൂട്ടരാണ്.

ശ്രീ.യേശുദാസും ജയരാജും അവാർഡ് ഏറ്റുവാങ്ങിയത് രാഷ്ട്രപതിയിൽ നിന്നാണ്. അതിനാൽ തന്നെ ആ ചടങ്ങ് ബഹിഷ്കരിക്കേണ്ട കാര്യവും അവർക്കില്ലല്ലോ. അവാർഡ് നല്കുന്നതിലെ വിവേചനത്തിനെതിരെയുളള പ്രതിഷേധത്തിനു അവർ പങ്കാളികളാകുന്നതെന്തിന്?? അതുപോലെ തന്നെ ഫഹദ് ഫാസിലും പാർവ്വതിയും മറ്റുളളവരും അവരുടെ താല്പര്യത്തിനനുസരിച്ച് പ്രവർത്തിച്ചു.ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങൾ തങ്ങളുടെ മനോധർമ്മമനുസരിച്ച് വാർത്തകൾ പടച്ചുവിടുകയും ചെയ്തു. അതിനേക്കാൾ മ്ലേച്ഛമായി സൈബർ ലോകവും.. രാഷ്ട്രീയം തലയ്ക്കു പിടിച്ച ഇക്കൂട്ടർക്ക് അതുവരെ മലയാളത്തിനഭിമാനമായ യേശുദാസും ഫഹദും പാർവ്വതിയുമൊക്കെ എത്ര പെട്ടന്നാണ് അപമാന ബിംബങ്ങളായത്. മലയാളിയുടെ സ്വത്വത്തെ രാഷ്ട്രീയവും മതവും കീഴടക്കിയെന്നതിന്റെ നേർസാക്ഷ്യമാണ് ഈ വിവാദം. സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മത-രാഷ്ട്രീയത്തിന്റെ കലാപവിത്തുകൾ വെളിവാക്കുന്നു ഓരോ പോസ്റ്റും..

shortlink

Related Articles

Post Your Comments

Related Articles


Back to top button