കൊച്ചി : ചരിത്രം ഉറങ്ങുന്ന കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടാരത്തിന്റെ മേൽനോട്ടം ഇനി സ്വകാര്യ കമ്പനിക്ക്. രാജ്യത്തെ 95 ചരിത്ര സ്മാരകങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് ഈ പട്ടികയിലുള്ള മട്ടാഞ്ചേരി കൊട്ടാരം ചരിത്ര മ്യൂസിയവും കോർപ്പറേറ്റുകൾക്ക് കൈമാറുന്നത്. ഗുഡ് ഗാവിലെ ട്രാവൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്കാണ് കൊട്ടാരം കൈമാറുന്നത്.
കേന്ദ്ര ടൂറിസം വകുപ്പിന്റെ അഡോപ്റ്റഡ് എ ഹെറിറ്റേജ് എന്ന പദ്ധതിയുടെ ഭാഗമായാണ് കൊട്ടാരം കൈമാറുന്നത്. ഇതു സംബന്ധിച്ച് പദ്ധതി രേഖ തയ്യാറാക്കാൻ കമ്പനിയോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. എന്നാൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കൊച്ചിയിലെ പുരാവസ്തു വകുപ്പ് അറിയിച്ചു.കേരളത്തിന്റെ അഭിമാനമായ ബേക്കൽ കോട്ട ദൃഷ്ടി ലൈഫ് സേവിങ്ങ് എന്ന സ്വകാര്യ കമ്പനിക്ക് കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു.
1545 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച് കൊച്ചി രാജാവായിരുന്ന വീരകേരളവർമ്മയ്ക്ക് സമ്മാനിച്ചതാണ് ഈ കൊട്ടാരം. സ്വാതന്ത്രാനന്തരം സർക്കാർ ഏറ്റെടുത്ത ഈ ചരിത്ര സ്മാരകം ഇപ്പോൾദേശീയ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1950 മുതൽ ഇത് ചരിത്ര മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. രാജഭരണകാലത്തെ വസ്ത്രങ്ങളും ആയുധങ്ങളും പല്ലക്കുകളും മറ്റ് ഉപകരണങ്ങളുമാണ് മ്യൂസിയത്തിലുള്ളത്. അപൂർവ്വമായ പ്രാചീന ചുവർ ചിത്രങ്ങളും ഈ കൊട്ടാരത്തിലുണ്ട്. വിദേശികളും സ്വദേശികളുമായ നൂറുകണക്കിനു ടൂറിസ്റ്റുകളാണ് ദിവസവും കൊട്ടാരം സന്ദർശിക്കുന്നത്.
Post Your Comments